അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒൻപത് വിക്കറ്റിന് കീഴടക്കി ന്യൂസിലൻഡിന്റെ മധുര പ്രതികാരം. 2019 ലോകകപ്പിൽ കിരീടം കയ്യെത്തും ദൂരത്ത് നഷ്ടപ്പെടുത്തിയ 'ബൗണ്ടറി കണക്കിലെ' തോൽവിക്ക് നാല് വർഷങ്ങൾക്കിപ്പുറം തകർപ്പൻ ജയം നേടിയാണ് കിവീസ് മറുപടി നൽകിയത്. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ ബൗണ്ടറിയുടെ കണക്കിൽ മറികടന്നാണ് ഇംഗ്ലണ്ട് ചാംപ്യന്മാരായിരുന്നത്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് ഒമ്പത് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. 36.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ കിവീസ് വിജയലക്ഷ്യം മറികടന്നു.

ഡെവോൺ കോൺവെ (152), രചിൻ രവീന്ദ്ര (123) എന്നിവരുടെ മിന്നും സെഞ്ചുറികളാണ് ന്യൂസിലൻഡിനെ അവിസ്മരണീയ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. 96 പന്തുകൾ നേരിട്ട രവീന്ദ്ര അഞ്ച് സിക്സും 11 ഫോറും നേടി. കോൺവെ 121 പന്തുകൾ നേരിട്ടു. മൂന്ന് സിക്സും 19 ഫോറും കോൺവെയുടെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. 82 പന്തുകൾ ബാക്കിനിൽക്കെയാണ് ന്യൂസീലൻഡ് വിജയം കണ്ടത്.

അത്ഭുത പ്രകടനം പുറത്തെടുത്ത ഡെവോൺ കോൺവെയുടെയും യുവതാരം രചിൻ രവീന്ദ്രയയുടെയും വെടിക്കെട്ട് സെഞ്ചുറികളാണ് ന്യൂസീലൻഡിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. രചിനും കോൺവെയും ചേർന്ന് രണ്ടാം വിക്കറ്റിൽ 273 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.

283 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ വിൽ യങ്ങിനെ പുറത്താക്കി സാം കറൻ ന്യൂസീലൻഡിനെ വിറപ്പിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ വിൽ യങ് മടങ്ങി. എന്നാൽ അവിടെനിന്നങ്ങോട്ട് ന്യൂസീലൻഡിന്റെ വെടിക്കെട്ട് തുടങ്ങുകയായിരുന്നു. നായകൻ കെയ്ൻ വില്യംസണിന്റെ അഭാവത്തിൽ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ച ഓൾറൗണ്ടർ രചിൻ രവീന്ദ്രയും അപകടകാരിയായ ഓപ്പണർ ഡെവോൺ കോൺവെയും ചേർന്ന് ഇംഗ്ലീഷ് ബൗളർമാരെ കശക്കിയെറിഞ്ഞു.

ഇരുവരും ട്വന്റി 20 ശൈലിയിൽ ബാറ്റുവീശാൻ ആരംഭിച്ചതോടെ ഇംഗ്ലണ്ട് പതറി. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാൻ നായകൻ ജോസ് ബട്ലർക്ക് സാധിച്ചില്ല. ഇടംകൈയന്മാരായ കോൺവെയും രവീന്ദ്രയും ബൗളർമാരെ അടിച്ചൊതുക്കി. ഇരുവരും ഒരുപോലെയാണ് ബാറ്റുവീശിയത്. 13-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. പിന്നാലെ സെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയ കോൺവെയും രചിനും അർധസെഞ്ചുറിയും നേടി.

26-ാം ഓവറിലെ ആദ്യ പന്തിൽ സിംഗിളെടുത്തുകൊണ്ട് കോൺവെ സെഞ്ചുറി കുറിച്ചു. വെറും 83 പന്തുകളിൽ നിന്നാണ് താരം മൂന്നക്കം കണ്ടത്. താരത്തിന്റെ 22-ാം ഏകദിന ഇന്നിങ്സ് മാത്രമാണിത്. ഇത്രയും ഇന്നിങ്സുകളിൽ നിന്ന് ഇതിനോടകം അഞ്ചുസെഞ്ചുറികൾ പൂർത്തിയാക്കാനും കോൺവെയ്ക്ക് സാധിച്ചു. 27 ഓവറിൽ ടീം സ്‌കോർ 200 കടന്നു. ഇതോടെ ന്യൂസീലൻഡ് വമ്പൻ വിജയത്തിലേക്ക് ഒരുപടി കൂടി അടുത്തു. കോൺവെയ്ക്ക് പിന്നാലെ രചിനും സെഞ്ചുറി നേടി. വെറും 82 പന്തുകളിൽ നിന്നാണ് രചിന്റെ സെഞ്ചുറി പിറന്നത്. ഇതോടെ ലോകകപ്പിലെ ഒരു ന്യൂസീലൻഡ് താരത്തിന്റെ അതിവേഗ സെഞ്ചുറി എന്ന റെക്കോഡും യുവതാരം സ്വന്തം പേരിലാക്കി. വെറും 23 വയസ്സ് മാത്രം പ്രായമുള്ള രചിന്റെ ഒൻപതാമത്തെ മാത്രം ഏകദിന ഇന്നിങസാണിത്. താരത്തിന്റെ കരിയറിലെ ആദ്യ ഏകദിന സെഞ്ചുറിയുമാണിത്.

സെഞ്ചുറി നേടിയശേഷം കോൺവെ അടിച്ചുതകർത്തു. വെറും 119 പന്തുകളിൽ നിന്ന് താരം 150 റൺസ് അടിച്ചെടുത്തു. വെറും 36 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറിയിൽ നിന്ന് 150-ൽ എത്താനായി എടുത്തത്. മറുവശത്ത് രചിൻ കോൺവെയ്ക്കൊപ്പം അടിച്ചുതകർത്തു. വൈകാതെ ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലെത്തിച്ചു. കോൺവെ 121 പന്തുകളിൽ നിന്ന് 19 ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 152 റൺസെടുത്തു. രചിൻ 96 പന്തുകളിൽ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്സിന്റെയും അകമ്പടിയോടെ 123 റൺസെടുത്തു. ഇംഗ്ലണ്ടിനായി ഏക വിക്കറ്റ് വീഴ്‌ത്തിയത് സാം കറനാണ്.

നേരത്തെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ ടോം ലാതം ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ജോ റൂട്ടിന്റെ (77) ഇന്നിങ്സാണ് തുണയായത്. മൂന്ന് വിക്കറ്റ് നേടിയ മാറ്റ് ഹെന്റി, രണ്ട് പേരെ വീതം പുറത്താക്കിയ മിച്ചൽ സാന്റ്നർ, ഗ്ലെൻ ഫിലിപ്സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. ജോസ് ബട്ലർ (43), ജോണി ബെയർസ്റ്റോ (33) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മോശമല്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ഡേവിഡ് മലാൻ (11) ബെയർസ്റ്റോ സഖ്യം 40 റൺസ് കൂട്ടിചേർത്തു. എന്നാൽ മലാനെ പുറത്താക്കി മാറ്റ് ഹെന്റി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. 13-ാം ഓവറിൽ ബെയർസ്റ്റോയെ മിച്ചൽ സാന്റ്നർ പുറത്താക്കി. ഹാരി ബ്രൂക്ക് (25) ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകിയെങ്കിലും രജിൻ രവീന്ദ്ര വിക്കറ്റെടുത്തു.

മൊയീൻ അലിക്കും (11) അധികം ആയുസുണ്ടായിരുന്നില്ല. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ബട്ലർ - റൂട്ട് സഖ്യമാണ് ഇംഗ്ലണ്ടിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 70 റൺസ് കൂട്ടിചേർത്തു. എന്നാൽ ബട്ലറെ ഹെന്റി മടക്കി. തുടർന്നെത്തിയ ലിയാം ലിവിങ്സറ്റൺ (20), സാം കറൻ (14), ക്രിസ് വോക്സ് (11) എന്നിവർക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ റൂട്ടിനെ ഫിലിപ്സ് ബൗൾഡാക്കി. 86 പന്തുകൾ നേരിട്ട താരം ഒരു സിക്സും നാല് ഫോറും നേടിയിരുന്നു. അവസാന വിക്കറ്റിൽ ആദിൽ റഷീദ് (15) മാർക് വുഡ് (13) സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. ട്രന്റ് ബോൾട്ട്, രവീന്ദ്ര എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.