ഹൈദരാബാദ്: ലോകകപ്പിൽ ശ്രീലങ്കക്കെതിരായ മത്സരത്തിൽ അപരാജിത സെഞ്ചുറിയുമായി പാക്കിസ്ഥാനെ ജയത്തിലെത്തിച്ചെങ്കിലും മത്സരത്തിനിടെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ പരിക്ക് അഭിനയിച്ചെന്ന പേരിൽ വിവാദം. ഓപ്പണർ അബ്ദുള്ള ഷപീഖിനൊപ്പം(113) മികച്ച കൂട്ടുകെട്ട് ഒരുക്കിയ റിസ്വാൻ(121 പന്തിൽ 131*) പക്ഷെ ബാറ്റിംഗിനിടെ പലപ്പോഴും പേശിവലിവ് മൂലം നടക്കാൻ പോലും ബുദ്ധിമുട്ടി. കമന്ററിക്കിടെ സൈമൺ ഡൂൾ നിൽക്കാൻ പോലുമാകാത്ത റിസ്വാൻ വൈകാതെ ക്രീസ് വിടുമെന്ന് പറഞ്ഞെങ്കിലും സഹ കമന്റേറ്ററും പാക് ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന മാത്യു ഹെയ്ഡൻ പറഞ്ഞത് റിസ്വാൻ ജയിപ്പിച്ചേ കയറിവരൂ എന്നായിരുന്നു. ഹെയ്ഡൻ പറഞ്ഞതുപോലെ റിസ്വാൻ കളി ജയിപ്പിക്കുകയും ചെയ്തു.

റിസ്‌വാൻ പേശിവലിവ് കാരണം പലതവണ ക്രീസിൽ കിടന്ന് മെഡിക്കൽ സംഘത്തിന്റെ സഹായം തേടിയതും വേദന വകവെക്കാതെ സെഞ്ച്വറിയടിച്ച് ടീമിനെ വിജയത്തിലെത്തിച്ചതും ക്രിക്കറ്റ് ആരാധകരുടെ പ്രശംസക്കിടയാക്കിയിരുന്നു. വേദനാ സംഹാരികളെയടക്കം ആശ്രയിച്ചാണ് താരം ക്രീസിൽ തുടർന്നത്. ശ്രീലങ്കൻ താരം സദീര സമരവിക്രമ റിസ്‌വാനെ സഹായിക്കുന്നതും കാണാമായിരുന്നു.

റിസ്‌വാന്റേത് അഭിനയമാണെന്ന രീതിയിൽ 'അവനെ സിനിമയിലെടുക്കണ'മെന്ന് പരിഹസിച്ച കമന്റേറ്ററും മുൻ ന്യൂസിലാൻഡ് താരവുമായ സൈമൺ ഡൗളിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഉയർത്തുന്നത്. മുൻ ആസ്‌ട്രേലിയൻ ഓപണർ മാത്യു ഹെയ്ഡനൊപ്പം കമന്ററി ബോക്‌സിലിരിക്കെയായിരുന്നു പരിഹാസച്ചിരിയോടെയുള്ള സൈമൺ ഡൗളിന്റെ പരാമർശം.

'പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്ററോടുള്ള ബഹുമാനം കൊണ്ടാണ് താൻ ചിരിച്ചതെന്ന് ഡൗൾ പിന്നീട് വിശദീകരിച്ചെങ്കിലും ആരാധകർ അദ്ദേഹത്തെ വിട്ടിട്ടില്ല. 'ഇത് മുമ്പും കണ്ടിട്ടുള്ളതാണ്, പുതുതായി ഒന്നുമില്ല' എന്ന് മുൻ പാക് താരവും കമന്റേറ്ററുമായ വഖാർ യൂനുസും അഭിപ്രായപ്പെട്ടിരുന്നു.

റിസ്‌വാനെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ രംഗത്തുവന്നത്. 'ഈ വേദന എന്നും ഓർക്കപ്പെടും, ഈ പ്രകടനം എന്നും ഓർക്കപ്പെടും, മുഹമ്മദ് റിസ്‌വാൻ എന്ന പേരും എന്നും ഓർക്കപ്പെടും' എന്നായിരുന്നു പ്രതികരണങ്ങളിലൊന്ന്. അതേസമയം, റിസ്‌വാന്റേത് ഒന്നാന്തരം അഭിനയമാണെന്ന വാദമാണ് പലരും ഉയർത്തുന്നത്.

പേശിവലിവ് കാരണം നിൽക്കാൻ പോലും ബുദ്ധിമുട്ടിയിട്ടും വീരോചിത പ്രകടനത്തിലൂടെ ടീമിനെ ജയത്തിലെത്തിച്ച റിസ്വാന്റെ പ്രകടനത്തെ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങൾ കൊണ്ട് മൂടുമ്പോഴും മത്സരശേഷം റിസ്വാൻ പറഞ്ഞ വാക്കുകൾ ആരാധകരെ അമ്പരപ്പിച്ചു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സമ്മാനദാനച്ചടങ്ങിൽ സൈമൺ ഡൂൾ കാലിലെ വേദന എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ ചിലപ്പോഴൊക്കെ പരിക്ക് അഭിനയിച്ചതാണെന്ന റിസ്‌വാന്റെ മറുപടിയാണ് ആരാധകരെ അമ്പരപ്പിച്ചത്.

ഇതോടെ റിസ്വാന്റെ പരിക്കിനെ ട്രോളി ആരാധകരും രംഗത്തെത്തി.സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ 37ആം ഓവറിൽ ധനഞ്ജയ ഡിസിൽവയെ ഫ്രണ്ട് ഫൂട്ടിൽ സിക്‌സിന് തൂക്കിയശേഷം റിസ്‌വാൻ പേശിവലിവ് കാരണം നിലത്ത് വീണിരുന്നു. ഇജ്ജാതി അഭിനയമെന്നും ഇങ്ങനെ പോയാൽ ഓസ്‌കർ ഉറപ്പെന്നുമായിരുന്നു ഇതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ട്രോൾ. വൈകാതെ അണ്ണൻ സിനിമയിലെത്തുമെന്നും എന്റെ പൊന്നോ എന്തൊരു അഭിനയമെന്നും മറ്റൊന്ന്

പരിക്ക് അഭിനയത്തിലെ വിദ്വാൻ സാക്ഷാൽ നെയ്മറുമായി വരെയെത്തി താരതമ്യം. ഇത് ഫുഡ്‌ബോളല്ലെന്നും ക്രിക്കറ്റ് കളിയാടോയെന്നും ഓർമ്മപ്പെടുത്തൽ. അപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം ബാക്കി. പേശീവലിവ് അഭിനയമോ അതോ ശരിക്കും ഉണ്ടായിരുന്നതോ.

മത്സരത്തിൽ ശ്രീലങ്ക മുന്നോട്ടുവെച്ച 345 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ലോകകപ്പിലെ എറ്റവും വലിയ റൺ ചേസിങ് റെക്കോഡ് പാക്കിസ്ഥാനെ സ്വന്തമാക്കാൻ സഹായിച്ചത് മുഹമ്മദ് റിസ്‌വാന്റെയും അബ്ദുല്ല ഷഫീഖിന്റെയും തകർപ്പൻ സെഞ്ച്വറികളായിരുന്നു.