ന്യൂഡൽഹി: ലോകകപ്പ് റെക്കോഡുകളുടെ പെരുമഴ പെയ്യിച്ച് നായകന്റെ ഇന്നിങ്‌സുമായി മുന്നിൽനിന്നുനയിച്ച രോഹിത് ശർമ്മയുടെ സെഞ്ചുറിക്കരുത്തിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ അനായാസ ജയവുമായി ഇന്ത്യ. അഫ്ഗാൻ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം വെറും 35 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

ലോകകപ്പിൽ ഏഴാം സെഞ്ചുറി കുറിച്ച രോഹിത്തിന്റെ ബാറ്റിങ് പ്രകടനമാണ് ജയം അനായാസമാക്കിയത്. 84 പന്തുകൾ നേരിട്ട രോഹിത് 16 ഫോറും അഞ്ച് സിക്സും പറത്തി 131 റൺസെടുത്തു. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരിൽ ചേർത്തു. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ചുറികൾ നേടിയത്. എന്നാൽ രോഹിത്തിന് ഏഴിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകൾ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവ് 40 വർഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകർത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്വെയ്‌ക്കെതിരായ ഐതിഹാസിക ഇന്നിങ്സിൽ 72 പന്തിൽ നിന്നായിരുന്നു കപിൽ ദേവിന്റെ സെഞ്ചുറി.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റൺസ് പിന്നിട്ടതോടെയാണ് ലോകകപ്പിലെ രോഹിത്തിന്റെ റൺനേട്ടം 1000-ൽ എത്തിയത്.

ഏകദിന ലോകകപ്പിൽ ആദ്യത്തെ 10 ഓവറിനുള്ളിൽ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ൽ സച്ചിൻ പാക്കിസ്ഥാനെതിരേ 10 ഓവറിനുള്ളിൽ അർധ സെഞ്ചുറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം കൈവരിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 553 സിക്സറുകൽ നേടിയ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് ഹിറ്റ്മാൻ മറികടന്നത്.

ഓപ്പണിങ് വിക്കറ്റിൽ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് 156 റൺസ് ചേർത്ത രോഹിത് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയിരുന്നു. ഓസീസിനെതിരായ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ ഇഷാൻ 47 പന്തുകൾ നേരിട്ട് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 47 റൺസെടുത്തു. വിരാട് കോലി അർധ സെഞ്ചുറിയുമായി പുറത്താകാതെ നിന്നു. 56 പന്തിൽ നിന്ന് 55 റൺസായിരുന്നു കോലിയുടെ സമ്പാദ്യം. ശ്രേയസ് അയ്യർ 23 പന്തിൽ നിന്ന് 25 റൺസോടെ പുറത്താകാതെ നിന്നു.

ഗംഭീര തുടക്കമാണ് രോഹിത് - കിഷൻ സഖ്യം ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 156 റൺസ് കൂട്ടിചേർത്തു. കിഷൻ ശ്രദ്ധയോടെ ബാറ്റേന്തിയപ്പോൾ രോഹിത് അഫ്ഗാൻ ബൗളർമാരെ കടന്നാക്രമിച്ചു. ആദ്യ പത്ത് ഓവറിൽ തന്നെ രോഹിന്റെ വ്യക്തിഗത സ്‌കോർ 76 റൺസായിരുന്നു. 19-ാം ഓവറിൽ കിഷൻ, റാഷിദ് ഖാന് വിക്കറ്റ് നൽകി. 47 പന്തുകൾ നേരിട്ട താരം രണ്ട് സിക്സും അഞ്ച് ഫോറും നേടിയിരുന്നു. ഇതിനിടെ രോഹിത് സെഞ്ചുറി പൂർത്തിയാക്കി. 63 പന്തിലായിരുന്നു രോഹിത്തിന്റെ സെഞ്ചുറി.

സെഞ്ചുറിക്ക് ശേഷം 31 റൺസ് നേടി രോഹിത് മടങ്ങി. അഞ്ച് സിക്സും 16 ഫോറും ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്സിലുണ്ടായിരുന്നു. കോലിക്കൊപ്പം 49 റൺസും രോഹിത് നേടിയിരുന്നു. റാഷിദ് ഖാന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു രോഹിത്. അധികം വൈകാതെ കോലി - ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇരുവരും 68 റൺസ് കൂട്ടിചേർത്തു. കോലിയുടെ ഇന്നിങ്സിൽ ആറ് ഫോറുകളുണ്ടായിരുന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റൺസിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ വിട്ടുകൊടുക്കേണ്ടിവന്നു. ആദ്യ മൂന്ന് താരങ്ങളും നിരാശപ്പെടുത്തി. ഇബ്രാഹിം സദ്രാൻ (22), റഹ്‌മാനുള്ള ഗുർബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവർക്ക് തിളങ്ങാനായില്ല. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറിൽ ഗുർബാസിനെ ഹാർദിക് പാണ്ഡ്യയും മടക്കി.

റഹ്‌മത്ത് ആവട്ടെ ഷാർദുൽ താക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് ഷാഹിദി - ഓമർസായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്ത ഇരുവരും 121 റൺസ് കൂട്ടിചേർത്തു. കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. ഷാഹിദി കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി. എട്ട് ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിങ്സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റൺസ് കൂട്ടിർത്ത് ഒമർസായ് മടങ്ങി.

നബിയെ, ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീടെത്തിയ ആർക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുജീബ് ഉർ റഹ്‌മാൻ (10), നവീൻ ഉൾ ഹഖ് (9) പുറത്താവാതെ നിന്നു. ഷാർദുൽ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറിൽ 76 റൺസ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്‌ത്താൻ സാധിച്ചില്ല.