ന്യൂഡൽഹി: ഒട്ടേറെ ലോകകപ്പ് റെക്കോഡുകൾ തകർത്ത ഇന്ത്യൻ നായകൻ രോഹിത്ത് ശർമയുടെ മിന്നും സെഞ്ചുറി പ്രകടനമാണ് അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 84 പന്തുകൾ നേരിട്ട രോഹിത് 16 ഫോറും അഞ്ച് സിക്സും പറത്തി 131 റൺസെടുത്തു. ലോകകപ്പിലെ തന്റെ ഏഴാം സെഞ്ചുറി കുറിച്ച ഹിറ്റ്മാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ മറികടന്ന് ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോഡും സ്വന്തം പേരിൽ ചേർത്തു. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ചുറികൾ നേടിയത്. എന്നാൽ രോഹിത്തിന് ഏഴിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകൾ മാത്രമാണ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന റെക്കോഡും രോഹിത് സ്വന്തം പേരിലാക്കി. 553 സിക്സറുകൽ നേടിയ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്ലിന്റെ റെക്കോഡാണ് ഹിറ്റ്മാൻ മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ 551 ഇന്നിങ്‌സിൽ നിന്ന് 553 സിക്‌സുകൾ പറത്തിയ ഗെയ്ലിന്റെ റെക്കോർഡാണ് ഇന്നലെ രോഹിത് സ്വന്തമാക്കിയത്. 473 ഇന്നിങ്‌സുകളിൽ നിന്നാണ് രോഹിത് ഗെയ്ലിനെ പിന്നിലാക്കിയത്.

എന്നാൽ താൻ ഗെയ്ലിന്റെ റെക്കോർഡ് തകർത്തെങ്കിലും യൂണിവേഴ്‌സ് ബോസായ ക്രിസ് ഗെയ്ൽ എല്ലായ്‌പ്പോഴും യൂണിവേഴ്‌സ് ബോസായിരിക്കുമെന്ന് മത്സരശേഷം രോഹിത് ശർമ പറഞ്ഞു. അദ്ദേഹം സിക്‌സ് അടിക്കുന്നു മെഷീനാണെന്ന് നമുക്കെല്ലാം അറിയാം. ഞങ്ങൾ രണ്ടുപേരും ധരിക്കുന്നത് 45-ാം നമ്പർ ജേഴ്‌സിയാണ്. അതുകൊണ്ടുതന്നെ ഞാൻ റെക്കോർഡ് സ്വന്തമാക്കിയതിൽ അദ്ദേഹം സന്തോഷിക്കുമെന്നും രോഹിത് പറഞ്ഞു. ഇന്നലെ രോഹിത് റെക്കോർഡ് സ്വന്തമാക്കിയതിന് പിന്നാലെ 45-ംാം നമ്പർ ജേഴ്‌സി ജേഴ്‌സി ധരിച്ചു നിൽക്കുന്ന തന്റെയും രോഹിത്തിന്റെയും ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ക്രിസ് ഗെയ്ൽ അഭിനന്ദിച്ചിച്ചിരുന്നു.

കരിയർ തുടങ്ങിയ കാലത്ത് തനിക്ക് സിക്‌സ് അടിക്കാനാവുമെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് രോഹിത് പറഞ്ഞു. ഇപ്പോഴത്തെ നേട്ടത്തിന് പിന്നിൽ ഒരുപാട് കഠിനാധ്വാനമുണ്ട്. അതിലെനിക്ക് സന്തോഷമുണ്ട്. എന്നാൽ നേട്ടങ്ങളിൽ സന്തോഷിച്ചിരിക്കുന്ന ആളല്ല ഞാൻ. ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനാണ് ശ്രമിക്കുന്നത്. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിലാണെന്റെ ശ്രദ്ധ. ഇപ്പോഴത്തേത് അതിനിടയിലെ ചെറിയ സന്തോഷം മാത്രമാണെന്നും രോഹിത് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങൾ

രോഹിത് ശർമ (ഇന്ത്യ) - 555 സിക്സറുകൾ
ക്രിസ് ഗെയ്ൽ (വെസ്റ്റിൻഡീസ്) - 553
ഷാഹിദ് അഫ്രീദി (പാക്കിസ്ഥാൻ) - 476
ബ്രണ്ടൻ മക്കല്ലം (ന്യൂസീലൻഡ്) - 398
മാർട്ടിൻ ഗപ്റ്റിൽ (ന്യൂസീലൻഡ്) - 383
എം.എസ് ധോനി (ഇന്ത്യ) - 359
സനത് ജയസൂര്യ (ശ്രീലങ്ക) - 352
ഓയിൻ മോർഗൻ (ഇംഗ്ലണ്ട്) - 346
എ ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക) - 328
ജോസ് ബട്ട്‌ലർ (ഇംഗ്ലണ്ട്)- 312

ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവ് 40 വർഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകർത്തിരുന്നു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്വെയ്‌ക്കെതിരായ ഐതിഹാസിക ഇന്നിങ്സിൽ 72 പന്തിൽ നിന്നായിരുന്നു കപിൽ ദേവിന്റെ സെഞ്ചുറി.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റൺസ് പിന്നിട്ടതോടെയാണ് ലോകകപ്പിലെ രോഹിത്തിന്റെ റൺനേട്ടം 1000-ൽ എത്തിയത്.

ഏകദിന ലോകകപ്പിൽ ആദ്യത്തെ 10 ഓവറിനുള്ളിൽ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ൽ സച്ചിൻ പാക്കിസ്ഥാനെതിരേ 10 ഓവറിനുള്ളിൽ അർധ സെഞ്ചുറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം കൈവരിക്കുന്നത്.