ലഖ്‌നൗ: ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെ വെടിക്കെട്ട് സെഞ്ചുറിയുടേയും ഏയ്ഡൻ മാർക്രമിന്റെ അർധസെഞ്ചുറിയുടേയും മികവിൽ ഓസ്ട്രേലിയക്കെതിരേ 312 റൺസ് വിജയലക്ഷ്യമുയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു.

106 പന്തുകൾ നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറുമടക്കം 109 റൺസെടുത്ത ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. ലോകകപ്പിന് ശേഷം ഏകദിനങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഡി കോക്ക് ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയിരുന്നു. ഓസീസിനായി ഗ്ലെൻ മാക്‌സ്വെല്ലും മിച്ചൽ സ്റ്റാർക്കും രണ്ട് വിക്കറ്റ് വീതമെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിന് ഡി കോക്ക് - ക്യാപ്റ്റൻ ടെംബ ബവുമ ഓപ്പണിങ് സഖ്യം മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ മെല്ലെപ്പോക്കായിരുന്നെങ്കിലും ഡിക്കോക്ക് തകർത്തടിച്ചതോടെ ദക്ഷിണാഫ്രിക്കൻ സ്‌കോർ കുതിച്ചു. 19.4 ഓവറിൽ 108 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ സഖ്യം പിരിയുന്നത്. 55 പന്തിൽ നിന്ന് 35 റൺസെടുത്ത ബവുമയെ ഗ്ലെൻ മാക്സ്വെൽ പുറത്താക്കുകയായിരുന്നു. വെറും രണ്ട് ബൗണ്ടറി മാത്രമായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സിലുണ്ടായിരുന്നത്.

പിന്നാലെ റാസ്സി വാൻഡെർ ദസനെ കൂട്ടുപിടിച്ച് ഡി കോക്ക് സ്‌കോർ 150 കടത്തി. 30 പന്തിൽ നിന്ന് 26 റൺസെടുത്ത ദസൻ 29-ാം ഓവറിൽ ആദം സാംപയെ സിക്സറടിക്കാനുള്ള ശ്രമത്തിൽ പുറത്താകുകയായിരുന്നു

തുടർന്നെത്തിയ ഏയ്ഡൻ മാർക്രവും മികച്ച പ്രകടനം പുറത്തെടുത്തു. 35-ാം ഓവറിൽ ഡി കോക്ക് മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഹെൻ റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് മാർക്രം 66 റൺസ് പ്രോട്ടീസ് സ്‌കോറിലേക്ക് ചേർത്തു. 44 പന്തിൽ നിന്ന് ഒരു സിക്സും ഏഴ് ഫോറുമടക്കം 56 റൺസെടുത്താണ് മാർക്രം മടങ്ങിയത്. 27 പന്തുകൾ നേരിട്ട ക്ലാസൻ 29 റൺസെടുത്ത് പുറത്തായി.

ഒടുവിൽ അവസാന ഓവറുകളിൽ ഒന്നിച്ച ഡേവിഡ് മില്ലർ - മാർക്കോ യാൻസൻ സഖ്യമാണ് പ്രോട്ടീസ് സ്‌കോർ 300 കടത്തിയത്. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അതിവേഗം 43 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. യാൻസൻ 22 പന്തിൽ നിന്ന് 26 റൺസെടുത്തപ്പോൾ മില്ലർ 13 പന്തിൽ നിന്ന് 17 റൺസെടുത്തു. ഓസീസ് ഫീൽഡർമാർ തുടർച്ചയായി ക്യാച്ചുകൾ കൈവിടുന്നതിനും സ്റ്റേഡിയം സാക്ഷിയായി.

ഒരു ഘട്ടത്തിൽ 350 കടക്കുമെന്ന് തോന്നിച്ച ദക്ഷിണാഫ്രിക്കയ്ക്ക് അവസാന അഞ്ചോവറിൽ 39 റൺസടിക്കാനെ കഴിഞ്ഞുള്ളു. ഡേവിഡ് മില്ലർ(17) നിരാശപ്പെടുത്തിയപ്പോൾ മാർക്കോ ജാൻസനാണ്(22 പന്തിൽ 26) ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്. ഓസീസിനായി മിച്ചൽ സ്റ്റാർക്കും ഗ്ലെൻ മാക്‌സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തേ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ടോസ് നേടിയ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓസീസ് നിരയിൽ ഒരു മാറ്റമാണുള്ളത്. കാമറൂൺ ഗ്രീനിന് പകരം മാർക്കസ് സ്റ്റോയിനിസ് ടീമിലിടം നേടി. മറുവശത്ത് ദക്ഷിണാഫ്രിക്കൻ നിരയിൽ ജെറാൾഡ് കോട്‌സിക്ക് പകരം സ്പിന്നർ തബ്‌റൈസ് ഷംസിയെത്തി.