അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ നിർണായ പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ടീമിന് ആത്മവിശ്വാസമേകി ശുഭ്മാൻ ഗില്ലിനെത്തേടി ഐസിസി പുരസ്‌കാരം. ഐസിസിയുടെ സെപ്റ്റംബർ മാസത്തെ മികച്ച താരമായാണ് ഗിൽ തെരഞ്ഞെടുക്കപ്പെട്ടത്. ഡെങ്കിപ്പനിമൂലം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഇറങ്ങാൻ ഗില്ലിനായിരുന്നില്ല. ശനിയാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഗിൽ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെയാണ് ഏഷ്യാകപ്പിലെ മികച്ച പ്രകടനത്തിന് താരത്തിനെ തേടി പുരസ്‌കാരമെത്തിയത്.

കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിൽ 75.5 ബാറ്റിങ് ശരാശരിയിൽ 302 റൺസെടുത്ത ഗിൽ ടൂർണെമന്റിലെ ടോപ് സ്‌കോററായിരുന്നു. ഇതിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സെഞ്ചുറി ഉൾപ്പെടെ 178 റൺസും നേടി. ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയും ഗിൽ സെഞ്ചുറി നേടിയിരുന്നു. കഴിഞ്ഞ മാസം മൂന്ന് അർധസെഞ്ചുറികളും ഗിൽ സ്വന്തം പേരിലാക്കി. കഴിഞ്ഞ നാസം കളിച്ച എട്ട് ഇന്നിഗ്‌സുകളിൽ രണ്ട് തവണ മാത്രമാണ് ഗിൽ 50ൽ താഴെയുള്ള സ്‌കോറിന് പുറത്തായത്.

ഏകദിനങ്ങളിൽ 35 മത്സരങ്ങളിൽ നിന്ന് 66.1 ശരാശരിയിൽ 1917 റൺസടിച്ച ഗിൽ 102.84 എന്ന മികച്ച പ്രഹരശേഷിയും നിലനിർത്തുന്നു. ഐസിസി ഏകദിന ബാറ്റിങ് റാങ്കിംഗിൽ പാക് നായകൻ ബാബർ അസമിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് ഗിൽ ഇപ്പോൾ.

ശുഭ്മാൻ ഗില്ലിന് പുറമെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും സെപ്റ്റംബറിലെ താരമാവാനുള്ള മത്സരത്തിലുണ്ടായിരുന്നു. ഇംഗ്ലണ്ട് താരം ഡേവിഡ് മലാനായിരുന്നു ചുരുക്കപ്പട്ടികയിൽ ഇടം നേടിയ മൂന്നാമത്തെ താരം. സെപ്റ്റംബറിൽ ഐസിസി ഏകദിന ബൗളിങ് റാങ്കിംഗിൽ ഒന്നാമതെത്തിയ സിറാജ് ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ തരിപ്പണമാക്കിയ അഞ്ച് വിക്കറ്റ് നേട്ടമുൾപ്പെടെ ആറ് കളികളിൽ 11 വിക്കറ്റ് വീഴ്‌ത്തിയിരുന്നു.

അതേ സമയം ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഡെങ്കിപ്പനി ബാധിച്ച് ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമായ ഓപ്പണർ ശുഭ്മാൻ ഗിൽ കായികക്ഷമത വീണ്ടെടുത്തുവെന്നാണ് സൂചന. ഇന്നലെ ഗിൽ ഒരു മണിക്കൂറോളം ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.

ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തിയാൽ ഇഷാൻ കിഷനാവും പുറത്താവുക. ഏഷ്യാ കപ്പിൽ മിന്നും ഫോമിലായിരുന്ന ഗില്ലും കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറിയുമായി റെക്കോർഡിട്ട ക്യാപ്റ്റൻ രോഹിത് ശർമയും ചേരുന്ന ഇന്ത്യൻ ഓപ്പണിങ് സഖ്യം പാക്കിസ്ഥാന് തലവേദനയാകും. മൂന്നാം നമ്പറിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ തലവേദന വിരാട് കോലി തന്നെയാവും. അഫ്ഗാനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും അർധസെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു.

നാലാം നമ്പറിൽ ശ്രേയസ് എത്തുമ്പോൾ കെ എൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ തന്നെയാകും തുടർന്നുള്ള സ്ഥാനങ്ങളിൽ. ബൗളിങ് നിരയിലാണ് മറ്റൊരു മാറ്റത്തിന് സാധ്യതയുള്ളത്. അഫ്ഗാനെതിരായ മത്സരത്തിൽ കളിച്ച ഷാർദ്ദുൽ താക്കൂറിന് പകരം പേസർ മുഹമ്മദ് ഷമി നാളെ പ്ലേയിങ് ഇലവനിൽ എത്തിയേക്കും.

ആർ അശ്വിൻ നാളെ പ്ലേയിങ് ഇലവനിൽ കളിക്കാനുള്ള സാധ്യത കുറവാണ്. പാക് മധ്യനിരയിൽ കൂടുതൽ വലംകൈയൻ ബാറ്റർമാരാണെന്നതിനാൽ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും തന്നെയാകും ഇന്ത്യയുടെ സ്പിൻ നിരയിൽ ഉണ്ടാകുക. അഫ്ഗാനെതിരെ റൺസേറെ വഴങ്ങിയെങ്കിലും മുഹമ്മദ് സിറാജും ജസ്പ്രീത് ബുമ്രയും പേസ് നിരയിൽ അണിനിരക്കും.