ചെന്നൈ: ഏകദിന ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ ന്യൂസിലൻഡ് പോയിന്റ് പട്ടികയിൽ മുന്നിൽ. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെ എട്ട് വിക്കറ്റിനാണ് ന്യൂസിലൻഡ് പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് നേടിയത്. പേസർമാരാണ് ബംഗ്ലാദേശിനെ തകർത്തത്. മറുപടി ബാറ്റിംഗിൽ കിവീസ് 42.5 ഓവറിൽ ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 246 റൺസ് വിജയ ലക്ഷ്യം മറികടന്നു. ഡാരിൽ മിച്ചൽ (പുറത്താവാതെ 89), കെയ്ൻ വില്യംസൻ (78 റിട്ടയേർഡ് ഹർട്ട്) എന്നിവരുടെ അർധസെഞ്ചുറിയാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്.

67 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 89 റൺസോടെ പുറത്താകാതെ നിന്ന ഡാരിൽ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറർ. പരിക്കിന് ശേഷം മടങ്ങിയെത്തിയ വില്യംസൺ 107 പന്തിൽ നിന്ന് ഒരു സിക്സും എട്ട് ഫോറുമടക്കം 78 റൺസെടുത്ത് റിട്ടയേർഡ് ഹർട്ടാകുകയായിരുന്നു. റണ്ണെടുക്കുന്നതിനിടെ ബംഗ്ലാദേശ് താരമെറിഞ്ഞ പന്ത് കൈയിൽ തട്ടിയാണ് വില്യംസണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

റണ്ണിംഗിനിടെ ടസ്‌കിൻ അഹമ്മദിന്റെ ത്രോ വില്യംസമിന്റെ തള്ള വിരലിൽ തട്ടി. താരത്തിന് റിട്ടയേർഡ് ഹർട്ടാവേണ്ടിവന്നു. മടങ്ങുമ്പോൾ 107 പന്തുകൾ നേരിട്ടിരുന്ന വില്യംസൺ ഒരു സിക്സും എട്ട് ഫോറും നേടിയിരുന്നു. പകരമെത്തിയ ഗ്ലെൻ ഫിലിപ്സിന കൂട്ടുപിടിച്ച് ഡാരിൽ കിവീസിനെ വിജയത്തിലേക്ക് നയിച്ചു. 67 പന്തുകൾ നേരിട്ട ഡാരിൽ നാല് സിക്സും ആറ് ഫോറും നേടി. ഓപ്പണർ ഡെവോൺ കോൺവെ 59 പന്തിൽ നിന്ന് 45 റൺസെടുത്തു. രചിൻ രവീന്ദ്ര ഒമ്പത് രൺസെടുത്ത് പുറത്തായപ്പോൾ ഗ്ലെൻ ഫിലിപ്സ് 16 റൺസുമായി മിച്ചലിനൊപ്പം പുറത്താകാതെ നിന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ ലിട്ടൺ ദാസിനെ ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ പുറത്താക്കി ട്രെൻഡ് ബോൾട്ടാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തൻസിദ് ഹസനും (16) കാര്യമായ സംഭാവനയില്ലാതെ പുറത്ത്. 46 പന്തിൽ നിന്ന് 30 റൺസെടുത്ത മെഹ്ദി ഹസൻ മിറാസിനെ ലോക്കി ഫെർഗൂസനും മടക്കി. പിന്നാലെ ഏഴ് റൺസുമായി നജ്മുൾ ഹുസൈൻ ഷാന്റോയും പുറത്തായതോടെ ബംഗ്ലാദേശ് നാലിന് 56 റൺസെന്ന നിലയിലായി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ - മുഷ്ഫിഖുർ റഹിം സഖ്യം ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 96 റൺസ് ചേർത്ത ഈ സഖ്യമാണ് ബംഗ്ലാദേശ് സ്‌കോർ 150 കടത്തിയത്. 51 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 40 റൺസെടുത്ത ഷാക്കിബിനെ മടക്കി ലോക്കി ഫെർഗൂസനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 75 പന്തിൽ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 66 റൺസുമായി മുഷ്ഫിഖുറും മടങ്ങി. മാറ്റ് ഹെൻ റിക്കായിരുന്നു വിക്കറ്റ്.

പിന്നീട് 49 പന്തിൽ നിന്ന് 41 റൺസുമായി പുറത്താകാതെ നിന്ന മഹ്‌മദുള്ള, തൗഹിദ് ഹൃദോയ് (13), ടസ്‌കിൻ അഹമ്മദ് (17) എന്നിവർ ചേർന്നാണ് ബംഗ്ലാദേശ് സ്‌കോർ 200 കടത്തിയത്. കിവീസിനായി ഫെർഗൂസൻ മൂന്നും ബോൾട്ടും മാറ്റ് ഹെന്റിയും രണ്ട് വിക്കറ്റും വീഴ്‌ത്തി.