- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ് ജേതാക്കൾക്ക് ലഭിക്കുക 33.29 കോടി രൂപ; റണ്ണറപ്പുകൾക്ക് 16.64 കോടി; ഗ്രൂപ്പ് ഘട്ടത്തിലെ ജയങ്ങൾക്കും ലക്ഷങ്ങൾ; ഏകദിന ലോകകപ്പിൽ ജയിച്ചാലും തോറ്റാലും കൈനിറയെ സമ്മാനത്തുക
അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടം മൂന്നാം റൗണ്ട് മത്സരങ്ങൾ പുരോഗമിക്കുകയാണ്. ശനിയാഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനുമാണ് കൊമ്പുകോർക്കുന്നത്. അയൽക്കാരുടെ പോരാട്ടം ആവേശത്തോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അതിനിടെ ലോകകപ്പിൽ മത്സരിക്കുന്ന ടീമുകൾക്ക് ലഭിക്കുന്ന പ്രതിഫലത്തുകയും ചർച്ചയാകുകയാണ്.
ലോകകപ്പ് കിരീടം നേടുന്ന ടീമിന് സമ്മാനത്തുകയായി എത്ര രൂപ കിട്ടുമെന്നത് ആരാധകർക്ക് അറിയാൻ ആഗ്രഹമുള്ള കാര്യമാണ്. ലോകകപ്പിന് മുമ്പെ സമ്മാനത്തുകയുടെ വിശദാംശങ്ങൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഇത് അനുസരിച്ച് ലോകകപ്പ് നേടുന്ന ടീമിന്റെ കൈയിലെത്തു നാല് മില്യൺ ഡോളർ (33.29 കോടി രൂപ) ആണ്. ആകെ 10 മില്യൺ ഡോളർ(ഏകദേശം 84 കോടി രൂപ) ആണ് സമ്മാനത്തുകയായി ലോകകപ്പിൽ വിതരണം ചെയ്യുക.
ലോകകപ്പിലെ റണ്ണറപ്പുകൾക്ക് 16.64 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. സെമിയിലെത്തുന്ന ടീമുകളും നിരാശരാവേണ്ട കാര്യമില്ല. സെമിയിലെത്തുന്ന ഓരോ ടീമിനും 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിക്കും. സെമിയിലെത്താതെ ഗ്രൂപ്പ് ഘടത്തിൽ പുറത്താവുന്ന ടീമുകൾക്കും ലഭിക്കും ലക്ഷങ്ങൾ സമ്മാനത്തുകയായി ലഭിക്കും.
ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 83.23 ലക്ഷം രൂപ വീതമാണ് സമ്മാനത്തുകയായി ലഭിക്കുക. ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപ ടീമുകൾക്ക് സമ്മാനത്തുകയായി ലഭിക്കും. നോക്കൗട്ട് റൗണ്ട് യോഗ്യത നേടാതെ പുറത്താകുന്ന ടീമുകൾക്ക് 82.93 രൂപ വീതം ലഭിക്കും. ഇതിനു പുറമെ വ്യക്തിഗത പുരസ്‌കാരങ്ങളും അവർക്കുള്ള സമ്മാനത്തുകയും വേറെയും നൽകുന്നുണ്ട്.
2025 മുതൽ പുരുഷ-വനിതാ ക്രിക്കറ്റിൽ സമ്മാനത്തുക ഏകീകരിക്കാൻ ഐസിസി തീരുമാനിച്ചിട്ടുണ്ട്. 10 ടീമുകളാണ് ലോകകപ്പിന്റെ ഭാഗമാവുന്നത്. രണ്ട് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള വെസ്റ്റ് ഇൻഡീസ് ഇത്തവണ ഏകദിന ലോകകപ്പിനില്ല. 2011ന് ശേഷം മറ്റൊരു ലോകകപ്പാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2013ന് ശേഷം ഇന്ത്യ ഐസിസി കിരീടങ്ങളൊന്നും നേടിയില്ല. 2013ലെ ചാമ്പ്യൻസ് ട്രോഫി വിജയമാണ് ഇന്ത്യയുടെ അവസാന ഐസിസി കിരീടം.
പിന്നീട് 2015 ഏകദിന ലോകകപ്പിലും 2016 ടി20 ലോകകപ്പിലും 2019 ഏകദിന ലോകകപ്പിലും ഇന്ത്യ സെമിയിൽ തോറ്റു. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാക്കിസ്ഥാനെതിരെയും തോറ്റു. 2021ലെ ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായ ഇന്ത്യ 2022ലെ ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
സ്പോർട്സ് ഡെസ്ക്