- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക ടോസ് ഇന്ത്യക്ക്; പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു; ശുഭ്മാൻ ഗിൽ ഇന്ത്യൻ നിരയിൽ മടങ്ങിയെത്തി; രണ്ട് മത്സരങ്ങളിൽ ജയിച്ച ടീമിനെ നിലനിർത്തി പാക്കിസ്ഥാൻ; ക്രിക്കറ്റ് ലോകം ആവേശത്തിൽ
അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ എൽക്ലാസിക്കോ പോരാട്ടത്തിൽ നിർണായക ടോസ് നേടിയ ഇന്ത്യ പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ചു. ടോസ് നേടിയ നായകൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമിൽ ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഓപ്പണറായി ശുഭ്മാൻ ഗിൽ തിരിച്ചെത്തിയപ്പോൾ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ നിന്ന് പുറത്തായി.
പേസ് ഓൾ റൗണ്ടർ ഷാർദ്ദുൽ താക്കൂറിന് പകരം പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ഇലവനിലെത്തുെമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താക്കൂർ പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്തി.അതേസമയം,ശ്രീലങ്കക്കെതിരെ അവസാന മത്സരം കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്.
ശുഭ്മാൻ ഗിൽ സ്‌പെഷ്യൽ പ്ലേയറാണെന്നും ഈ ഗ്രൗണ്ടിൽ ഗില്ലിന്റെ റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ഗില്ലിനെ ടീമിലെടുക്കാതിരിക്കാനാവില്ലെന്നും രോഹിത് ടോസിനുശേഷം പറഞ്ഞു. ഇഷാൻ കിഷന് പുറത്തിരിക്കേണ്ടിവരുന്നത് നിർഭാഗ്യം കൊണ്ടാണെന്നും രോഹിത് പറഞ്ഞു.
രാത്രിയിലെ മഞ്ഞു വീഴ്ച രണ്ടാമത് ബൗൾ ചെയ്യുമ്പോൾ ബൗളർമാർക്ക് പ്രശ്‌നമാകാൻ സാധ്യതയുള്ളതിനാലാണ് ടോസ് നേടിയ ശേഷം ഫീൽഡിങ് തെരഞ്ഞെടുത്തതെന്നും രോഹിത് വ്യക്തമാക്കി.
തുടക്കത്തിൽ ബാറ്റർമാർക്കും മധ്യഓവറുകളിൽ സ്പിന്നർമാർക്കും ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലേത്. എന്നാൽ, ഇംഗ്ലണ്ടും ന്യൂസീലൻഡും തമ്മിൽ നടന്ന ഉദ്ഘാടന ഉദ്ഘാടന മത്സരത്തിൽ ബോളർമാർക്കു വലിയ പിന്തുണ ലഭിച്ചില്ല. ഇന്നും പിച്ച് ബാറ്റിങ്ങിന് അനുകൂലമാകാനാണ് സാധ്യത. ഇതുവരെ നടന്ന 27 ഏകദിന മത്സരങ്ങളിൽ 14 എണ്ണം ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമാണ്.
ലോകകപ്പിലെ എൽക്ലാസിക്കോ പോരാട്ടത്തിൽ ടോസ് ഇന്ത്യ നേടിയത് പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യയും പാക്കിസ്ഥാനും എപ്പോഴൊക്കെ മൈതാനത്ത് ഏറ്റുമുട്ടിയിട്ടുണ്ടോ, അപ്പോഴെല്ലാം ആവേശത്തിന്റെ കൊടുമുടിയിലാണ് രണ്ട് രാജ്യക്കാരും. ക്രിക്കറ്റിലെ ഈ എൽക്ലാസിക്കോ പോരാട്ടങ്ങളിലെ അവസാനത്തെ ചിരി മിക്കവാറും ഇന്ത്യയുടെ കൂടെയായിരുന്നു. അങ്ങനെയാണ് ചരിത്രം. ആ ചരിത്രത്തിന്റെ നാൾവഴികളിൽത്തന്നെയാണ് ഇന്ത്യയുടെ പ്രതീക്ഷയും.
പാക്കിസ്ഥാൻ ലോകകപ്പ് നേടിയ 1992-ലും 1996, 1999, 2003, 2011, 2015, 2019 ലോകകപ്പുകളിലുമെല്ലാം ഇന്ത്യക്കെതിരേ തോൽക്കാൻ വിധിക്കപ്പെട്ടിവരായിരുന്നു അവർ. പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ഒരു ഇന്ത്യക്കാരൻ ആദ്യമായി നൂറു കടന്നത് 2015-ലാണ്. കോലിയാണ് ആ ചരിത്രത്തിന്റെ ഉടമ. ഓസ്ട്രേലിയയിൽ നടന്ന ആ മത്സരത്തിൽ ഇന്ത്യയുടെ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട ശേഷമാണ് കോലി ക്രീസിലെത്തിയത്. തുടർന്ന് 126 പിന്തിൽ 107 റൺസെടുത്ത് കോലി ഇന്ത്യക്ക് അന്ന് 76 റൺസിന്റെ വിജയം സമ്മാനിച്ചു.
ഇന്ത്യയും പാക്കിസ്ഥാനും ലോകകപ്പിൽ ഏഴു വട്ടമാണു നേർക്കുനേർ വന്നിട്ടുള്ളത്. ഏഴു തവണയും ഇന്ത്യ വിജയിച്ചു.
1992 ഇന്ത്യയ്ക്ക് 43 റൺസ് ജയം, 1996 ഇന്ത്യയ്ക്ക് 39 റൺസ് ജയം, 1999 ഇന്ത്യയ്ക്ക് 47 റൺസ് ജയം, 2003 ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം, 2011 ഇന്ത്യയ്ക്ക് 29 റൺസ് ജയം, 2015 ഇന്ത്യയ്ക്ക് 76 റൺസ് ജയം, 2019 ഇന്ത്യയ്ക്ക് 89 റൺസ് ജയം (ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം)
ഇന്ത്യക്കെതിരെ പാക്കിസ്ഥാന്റെ പ്ലേയിങ് ഇലവൻ: അബ്ദുള്ള ഷഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലേയിഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഷാർദ്ദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
സ്പോർട്സ് ഡെസ്ക്