അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് പാക് ബാറ്റിങ് നിര. രണ്ട് വിക്കറ്റിന് 155 റൺസ് എന്ന നിലയിൽനിന്ന് പതിനാറ് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവർക്ക് അഞ്ച് വിക്കറ്റ് കൂടി നഷ്ടമായി. നിലവിൽ 39 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ.

പാക്ക് ക്യാപ്റ്റൻ ബാബർ അസം അർധ സെഞ്ചറിയുമായി പുറത്തായി. 58 പന്തിൽ 50 റൺസ് നേടിയ ബാബർ മുഹമ്മദ് സിറാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. 7 ഫോർ ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീൽ (10 പന്തിൽ 6) കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദും അതേ ഓവറിൽ ബോൾഡായി. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.

അടുത്ത ഓവറിൽ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ ജസ്പ്രീത് ബുംറ ബൗൾഡാക്കി. 69 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളടക്കം 49 റൺസായിരുന്നു റിസ്വാന്റെ സമ്പാദ്യം. മുപ്പത്തിയാറാം ഓവറിൽ ഷദാബ്ദ് ഖാനെയും സമാനമായ പന്തിൽ ബൗൾഡാക്കി ജസ്പ്രീത് ബുംറ ആഞ്ഞടിച്ചു.

73 റൺസ് നേടുന്നതിനിടെ പാക്കിസ്ഥാന്റെ ഓപ്പണർമാർ പറത്തായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.

ഇടയ്ക്ക് റിസ്വാനെതിരെ എൽബിഡബ്ല്യു അപ്പീൽ നൽകിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയർ തീരുമാനമെടുത്തെങ്കിലും, ഡിആർഎസ് റിസ്വാനെ രക്ഷിച്ചു. ബാബറിനൊപ്പം ചേർന്ന് റിസ്വാൻ 19ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പാക്ക് ഇന്നിങ്‌സിൽ 82 റൺസ് കൂട്ടിച്ചേർത്തു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ശുഭ്മൻ ഗിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചതിനാൽ താരത്തിന് ആദ്യ മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തിരിക്കും.