അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ നിർണായക മത്സരത്തിൽ 192 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ കുതിക്കുന്നു. ഇന്ത്യ 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോലിയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടീം സ്‌കോർ 23ൽ നിൽക്കേ ഇന്ത്യയ്ക്ക് ഓപ്പണർ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. 11 പന്തിൽ 16 റൺസ് നേടിയ ഗില്ലിനെ ഷഹീൻ അഫ്രീദിയാണ് പുറത്താക്കിയത്. സ്‌കോർ 79ൽ നിൽക്കേ വിരാട് കോലിയും പുറത്തായി.

ഷഹീൻ അഫ്രീദി എറിഞ്ഞ ആദ്യ ഓവറിൽ 10 റൺസ് നേടിയാണ് ഇന്ത്യ തുടങ്ങിയത്. ഹസൻ അലിയുടെ രണ്ടാം ഓവറിൽ മൂന്ന് ഫോറാണ് ഗിൽ നേടിയത്. പിന്നീട് ചേർന്ന രോഹിത് കോലി സഖ്യം ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 7-ാം ഓവറിൽ ടീം സ്‌കോർ 50 കടത്തി. പിന്നാലെ ഏകദിനത്തിൽ 300 സിക്‌സർ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും രോഹിത് സ്വന്തം പേരിൽ കുറിച്ചു.

ഷഹീൻ അഫ്രീദിയെയും ഹാരിസ് റൗഫിനെയും സിക്‌സറുകൾക്കും ബൗണ്ടറികൾക്കും പറത്തിയാണ് നായകൻ രോഹിത് ശർമ്മ ഇന്ത്യയെ ചുമലിലേറ്റിയത്. 35 പന്തിൽ നിന്നും നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറികളുമായാണ് രോഹിത് അർധ സെഞ്ചുറി പൂർത്തിയാക്കിയത്.

നേരത്തെ ഇന്ത്യൻ ബോളർമാർ തകർപ്പൻ പ്രകടനവുമായി കളംനിറഞ്ഞപ്പോൾ പാക്ക് ബാറ്റിങ് നിര തകർന്നടിഞ്ഞു. ഒരുഘട്ടത്തിൽ 2ന് 155 എന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ 42.5 ഓവറിൽ 191ന് പുറത്തായി. 36 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ പാക്കിസ്ഥാന് 8 വിക്കറ്റ് നഷ്ടമായി. അർധ സെഞ്ചറി നേടിയ ക്യാപ്റ്റൻ ബാബർ അസമാണ് (50) അവരുടെ ടോപ് സ്‌കോറർ. ഇന്ത്യയ്ക്കു വേണ്ടി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, രവിന്ദ്ര ജഡേജ എന്നിവർ രണ്ടു വിക്കറ്റു വീതം വീഴ്‌ത്തി.

73 റൺസ് നേടുന്നതിനിടെ പാക്കിസ്ഥാന്റെ ഓപ്പണർമാർ പുറത്തായി. കഴിഞ്ഞ മത്സരത്തിൽ സെഞ്ചറി നേടിയ അബ്ദുല്ല ഷഫീഖ് 8ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.

ഇടയ്ക്ക് റിസ്വാനെതിരെ എൽബിഡബ്ല്യു അപ്പീൽ നൽകിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയർ തീരുമാനമെടുത്തെങ്കിലും, ഡിആർഎസ് റിസ്വാനെ രക്ഷിച്ചു. ബാബറിനൊപ്പം ചേർന്ന് റിസ്വാൻ 19ാം ഓവറിൽ ടീം സ്‌കോർ 100 കടത്തി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് പാക്ക് ഇന്നിങ്‌സിൽ 82 റൺസ് കൂട്ടിച്ചേർത്തു.

പാക്ക് ക്യാപ്റ്റൻ ബാബർ അസം 30ാം ഓവറിൽ അർധ സെഞ്ചറിയുമായി പുറത്തായി. 58 പന്തിൽ 50 റൺസ് നേടിയ ബാബർ മുഹമ്മദ് സിറാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. 7 ഫോർ ഉൾപ്പെടുന്നതാണ് ഇന്നിങ്‌സ്. അഞ്ചാമനായിറങ്ങിയ സൗദ് ഷക്കീൽ (10 പന്തിൽ 6) കുൽദീപ് യാദവിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നാലെയിറങ്ങിയ ഇഫ്തിഖർ അഹമ്മദും അതേ ഓവറിൽ ബോൾഡായി. ഒരു ഫോർ മാത്രമാണ് താരത്തിന് നേടാനായത്.

49 റൺസ് നേടിയ മുഹമ്മദ് റിസ്വാനെ തൊട്ടടുത്ത ഓവറിൽ ബുമ്ര മടക്കി. 69 പന്തിൽനിന്ന് 7 ഫോർ ഉൾപ്പെടെയാണ് റിസ്വാൻ 49 റൺസ് നേടിയത്. ഒരു ഓവറിന്റെ ഇടവേളയിൽ മടങ്ങിയെത്തിയ ബുമ്ര ഷദാബ് ഖാനെ (5 പന്തിൽ 2) ക്ലീൻ ബോൾഡാക്കി. 4 റൺസ് നേടിയ മുഹമ്മദ് നവാസിനെ ഹാർദിക് പാണ്ഡ്യ ബുമ്രയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത ഓവറിൽ 12 റൺസുമായി ഹസൻ അലിയും മടങ്ങി. ജഡേജയ്ക്കായിരുന്നു ഇത്തവണ വിക്കറ്റ്. 11ാമനായി ഇറങ്ങിയ ഹാരിസ് റൗഫിനെ (6 പന്തിൽ 2) മടക്കിയ ജഡേജ പാക്ക് ഇന്നിങ്‌സിന് തിരശീലയിട്ടു.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ശുഭ്മൻ ഗിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇറങ്ങുന്നുണ്ട്. ഡെങ്കിപ്പനി ബാധിച്ചതിനാൽ താരത്തിന് ആദ്യ മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല. യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തിരിക്കും.

അതേസമയം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മികച്ച റെക്കോർഡുള്ള മുഹമ്മദ് ഷമിയെ ഇന്ത്യ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ എന്നിവരാണ് പേസർമാർ. സ്പിന്നർ ആർ. അശ്വിനും നിർണായക മത്സരത്തിൽ പുറത്തിരിക്കും. ശ്രീലങ്കയെ ആറു വിക്കറ്റിനു കീഴടക്കിയ അതേ ടീമുമായാണ് പാക്കിസ്ഥാൻ ഇറങ്ങുന്നത്.