അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ ബിസിസിഐക്കെതിരെ വിമർശനവുമായി പാക് ക്രിക്കറ്റ് ടീം ഡയറക്ടർ മിക്കി ആർതർ. ഒരുലക്ഷത്തിൽപ്പരം കാണികൾക്ക് മുമ്പിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ ടീമിന് ഗാലറിയിൽ നിന്നും ഒരു പിന്തുണയും ലഭിച്ചില്ലെന്ന് മിക്കി ആർതർ പറഞ്ഞു.

ലോകകപ്പിൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഒരു ഐസിസി ടൂർണമെന്റാണെന്ന് എനിക്ക് തോന്നിയില്ലെന്ന് തുറന്ന് പറയാതിരുന്നാൽ അത് വലിയ നുണയാവും. കാരണം, സ്റ്റേഡിയത്തിലെ മുഴുവൻ പിന്തുണയും ഇന്ത്യക്കായിരുന്നു. മത്സരത്തിനിടെ പാക്കിസ്ഥാനെ പിന്തുണക്കുന്ന ദിൽ ദിൽ പാക്കിസ്ഥാൻ എന്ന വാചകം ഒരിക്കലെങ്കിലും മുഴക്കാനുള്ള ആഹ്വാനം മൈക്കിലൂടെ മുഴങ്ങി കേട്ടതേയില്ല.

'ഇത്തരത്തിൽ പല കാര്യങ്ങളും ഞാനലക്ക് എതിരായി സംഭവിച്ചു. സ്റ്റേഡിയത്തിൽ ടീമിന് ലഭിക്കേണ്ട പിന്തുണയ്ക്ക് വേണ്ട ഒന്നും ഉണ്ടായിരുന്നില്ല. പാക്കിസ്ഥാൻ മത്സരത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ ഞാൻ ഇതിനെ കാരണമായി പറയുന്നില്ല. ഞങ്ങളെ സംബന്ധിച്ച് ഇപ്പോഴത്തെ നിമിഷമാണ് പ്രധാനപ്പെട്ടത്. ഈ നിമിഷം എങ്ങനെ ജീവിക്കുന്നു എന്നതിനാണ് കാര്യം. ഇന്ത്യയെ നേരിടുന്നത് എങ്ങനെയെന്ന് മാത്രമായിരുന്നുഞങ്ങളുടെ ചിന്ത.'' ആർതർ കൂട്ടിച്ചേർത്തു.

ഇതൊക്കെ കണ്ടപ്പോൾ ഇത് ലോകകപ്പ് മത്സരമല്ല ദ്വിരാഷ്ട്ര പരമ്പരിലെ മത്സരമാണെന്നാണ് എനിക്ക് തോന്നിയത്. സ്റ്റേഡിയത്തിൽ നിന്നുള്ള പിന്തുണ ലഭിക്കാത്തത് പാക്കിസ്ഥാന്റെ തോൽവിക്ക് ഒരു ഒഴിവുകഴിവായി പറയുന്നതല്ല. പക്ഷെ അത് വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്നും മിക്കി ആർതർ പറഞ്ഞു.

ആർതറിന്റെ അതേ കാഴ്ചപ്പാടാണ് തനിക്കെന്ന് പാക്കിസ്ഥാൻ പരിശീലകൻ ഗ്രാന്റ് ബ്രാഡ്‌ബേൺ പറഞ്ഞു. സ്റ്റേഡിയത്തിൽ പാക്കിസ്ഥാൻ പിന്തുണക്കുന്ന ആരുമുണ്ടായിരുന്നില്ല. പാക് ആരാധകർ സ്റ്റേഡിയത്തിൽ എത്താതിരുന്നത് നിർഭാഗ്യമാണ്. അവർ കൂടിയുണ്ടായിരുന്നെങ്കിൽ ഇന്ത്യൻ ആരാധകരും സന്തോഷിക്കുമായിരുന്നുവെന്നും ബ്രാഡ്‌ബേൺ വ്യക്തമാക്കി.

ഇന്നലെ മത്സരത്തിലെ ടോസിന് ശേഷം രവി ശാസ്ത്രി പാക് നായകൻ ബബർ അസമിനെ സംസാരിക്കാൻ ക്ഷണിച്ചപ്പോൾ സ്റ്റേഡിയം കൂവലോടെയാണ് വരവേറ്റത്. ഇന്ത്യൻ ബാറ്റിംഗിനിടെ ശ്രേയസ് അയ്യർക്ക് നേരെ പാക് പേസർ ഹാരിസ് റൗഫ് പന്ത് വലിച്ചെറിഞ്ഞപ്പോളും സ്റ്റേഡിയത്തിൽ കൂവലുയർന്നിരുന്നു. മത്സരത്തിനിടെ സ്റ്റേഡിയത്തിൽ മുഴുവൻ സമയവും മുഴങ്ങിയതും ഇന്ത്യൻ ഗാനങ്ങളായിരുന്നു. ഇന്ത്യൻ താരങ്ങളെ അവതരിപ്പിച്ചപ്പോഴാകട്ടെ സ്റ്റേഡിയത്തിൽ നിറഞ്ഞ കൈയടികളാണുയർന്നത്.