ലഖ്‌നൗ: ലോകകപ്പ് മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും ശ്രീലങ്ക തകർന്നടിഞ്ഞതോടെ ഓസ്‌ട്രേലിയയ്ക്ക് 210 റൺസ് വിജയലക്ഷ്യം. 21.3 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 125 റൺസെന്ന നിലയിൽ നിന്നും ശ്രീലങ്ക 43.3 ഓവറിൽ 209 റൺസുമായി കൂടാരം കയറി. മധ്യനിര തീർത്തും നിരാശപ്പെടുത്തിയപ്പോൾ ലങ്കയ്ക്ക് ആശ്വസിക്കാനുണ്ടായിരുന്നത് ഓപ്പണർമാരുടെ പ്രകടനം മാത്രമായി. വെറും 84 റൺസിനാണ് അവസാന ഒമ്പത് വിക്കറ്റുകളും ലങ്കയ്ക്ക് നഷ്ടമായത്.

മികച്ച തുടക്കമായിരുന്നു ലങ്കയുടേത്. ശ്രദ്ധയോടെ ബാറ്റ് വീശിയ പതും നിസ്സങ്ക - കുശാൽ പെരേര സഖ്യം പിന്നീട് സ്‌കോറിങ് വേഗത്തിലാക്കി. 67 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 61 റൺസെടുത്ത നിസ്സങ്കയെ പുറത്താക്കി പാറ്റ് കമ്മിൻസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 27-ാം ഓവറിൽ കുശാൽ പെരേരയേയും കമ്മിൻസ് മടക്കിയതോടെ ലങ്കയുടെ തകർച്ചയും തുടങ്ങി. 82 പന്തിൽ നിന്ന് 12 ബൗണ്ടറിയടക്കം 78 റൺസെടുത്ത പെരേരയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ഇവരെ കൂടാതെ 25 റൺസെടുത്ത ചരിത് അസലങ്ക മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്ന താരം.

ക്യാപ്റ്റൻ കുശാൽ മെൻഡിസ് (9), സദീര സമരവിക്രമ (8), ധനഞ്ജയ ഡിസിൽവ (7) എന്നിവരെല്ലാം വന്നപാടേ മടങ്ങിയതോടെ ലങ്ക തീർത്തും പ്രതിസന്ധിയിലായി. നാല് വിക്കറ്റ് വീഴ്‌ത്തിയ ആദം സാംപയാണ് ലങ്കയുടെ മധ്യനിര തകർത്തത്. മിച്ചൽ സ്റ്റാർക്കും കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ദുനിത് വെല്ലാലഗെ (2), ചമിക കരുണരത്നെ (2), മഹീഷ് തീക്ഷണ (0), ലഹിരു കുമാര (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.