ധരംശാല: ലോകകപ്പിൽ നായകന്റെ ഇന്നിങ്‌സുമായി നിലയുറപ്പിച്ച സ്‌കോട് എഡ്വേർഡ്‌സിന്റെ ബാറ്റിങ് വെടിക്കെട്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡ്‌സിന് മികച്ച സ്‌കോർ. മഴമൂലം 43 ഓവർ വീതമാക്കി കുറച്ച മത്സരത്തിൽ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് നെതർലൻഡ്‌സ് 245 റൺസ് നേടിയത്. 68 പന്തിൽ 78 റൺസടിച്ച് പുറത്താകാതെ നിന്ന എഡ്വേർഡ്‌സാണ് നെതർലൻഡ്‌സിന്റെ ടോപ്

ഒരുഘട്ടത്തിൽ 82 റൺസിന് അഞ്ച് വിക്കറ്റെന്നും 142 റൺസിന് ഏഴ് വിക്കറ്റും എന്ന നിലയിൽ തകർന്നടിഞ്ഞ ശേഷമാണ് ഏഴാമനായി ക്രീസിലിറങ്ങിയ എഡ്വേർഡ്‌സിന്റെ ബാറ്റിങ് കരുത്തിൽ നെതർലൻഡ്‌സ് മികച്ച സ്‌കോറിലെത്തിയത്.

വാലറ്റത്ത് റിയോലോഫ് വാൻഡെർ മെർവും(19 പന്തിൽ 29), ആര്യൻ ദത്തും (9 പന്തിൽ 23) മികച്ച പിന്തുണ നൽകിയതോടെ നെതർലൻഡ്‌സിനെ ചെറിയ സ്‌കോറിലൊതുക്കാമെന്ന ദക്ഷിണാഫ്രിക്കൻ തന്ത്രം പാളി. ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ നെതർലൻഡ്‌സിനെ ബാറ്റിംഗിലും പിഴച്ചു. സ്‌കോർ 22ൽ നിൽക്കെ ഓപ്പണർ വിക്രംജിത് സിങിനെ(2) റബാഡ വീഴ്‌ത്തി. തൊട്ടു പിന്നാലെ 18 റൺസെടുത്ത മാക്‌സ് ഓഡോഡിനെ മാർക്കോ ജാൻസനും വീഴ്‌ത്തിയതോടെ നെതർലൻഡ്‌സിന്റെ തുടക്കം പാളി.

കോളിൻ അക്കർമാനും(13) , ബാസ് ഡി ലീഡും(2) സ്‌കോർ 50 കടക്കും മുമ്പെ മടങ്ങി.സൗബ്രാൻഡും(19) തേജാ നിദമാനരുരുവും(20) പൊരുതി നോക്കിയെങ്കിലും എങ്കിഡിയും ജാൻസനും ചേർന്ന് വീഴ്‌ത്തി. 34-ാം ഓവറിൽ 140-7ലേക്ക് കൂപ്പുകുത്തിയ നെതർലൻഡ്‌സിനെ വാൻഡെർ മെർവിനെ കൂട്ടുപിടിച്ച് എഡ്വേർഡ് അവിശ്വസനീയമായി കരകയറ്റി. വാൻഡെർമെർവ് മടങ്ങിയശേഷം ക്രീസിലെത്തിയ ആര്യൻ ദത്ത് മൂന്ന് സിക്‌സ് അടക്കം ഒമ്പത് പന്തിൽ 23 റൺസടിച്ചതോടെ നെതർലൻഡ്‌സ് മികച്ച സ്‌കോറിലെത്തി. എഡ്വേർഡ് 69 പന്തിൽ 78 റൺസുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാഡയും ജാൻസനും എങ്കിഡിയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.