ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഓറഞ്ച് വസന്തം! കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് ഏകദിന ക്രിക്കറ്റിലേക്ക് ശക്തമായ വരവ് അറിയിച്ച് നെതർലൻഡ്‌സ്. ലോകകപ്പിലെ ആവേശപ്പോരിൽ 38 റൺസിനാണ് കരുത്തുറ്റ പ്രോട്ടീസ് നിരയെ തകർത്തത്.

മഴമൂലം 43 ഓവർ വീതമാക്കി കുറച്ച മത്സരത്തിൽ 38 റൺസിനായിരുന്നു നെതർലൻഡ്‌സിന്റെ വിസ്മയിപ്പിക്കുന്ന ജയം. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്‌സ് 43 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസടിച്ചപ്പോൾ ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റൺസിലൊതുങ്ങി. സ്‌കോർ: നെതർലൻഡ്‌സ് 43 ഓവറിൽ 245-8, ദക്ഷിണാഫ്രിക്ക 42.5 ഓവറിൽ 207ന് ഓൾ ഔട്ട്.

2023 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്താന് ശേഷം വീണ്ടും ഒരു അട്ടിമറിയുമായി ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ് ഓറഞ്ചുപട. ലോകകപ്പിൽ ഇതാദ്യമായാണ് നെതർലൻഡ് റാങ്കിങ്ങിൽ ഏറെ മുകളിലുള്ള ഒരു ടീമിനെതിരേ വിജയം നേടുന്നത്.

ഉജ്ജ്വല പ്രകടനം പുറത്തെടുത്ത നെതർലൻഡ്സ് ബൗളിങ് നിരയ്ക്ക് മുന്നിൽ ദക്ഷിണാഫ്രിക്കയുടെ പേരുകേട്ട ബാറ്റിങ് നിര ശിഥിലമായി. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ വമ്പൻ വിജയങ്ങൾ നേടിയെത്തിയ ദക്ഷിണാഫ്രിക്ക സ്വപ്നത്തിൽപ്പോലും കരുതാത്ത തിരിച്ചടിയാണ് നെതർലൻഡ്സ് സമ്മാനിച്ചത്. 43 റൺസെടുത്ത ഡേവിഡ് മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. വാലറ്റത്ത് 40 റൺസുമായി പൊരുതിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയുടെ നാണക്കേടിന്റെ ഭാരം കുറച്ചു.

രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ലോഗാൻ വാൻബീക്കും പോൾ വാൻ മക്കീരനും റിയോലോഫ് വാൻഡെർ മെർവും ബാസ് ഡി ലീഡും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ലോകകപ്പിൽ ആദ്യ രണ്ട് കളികളും ജയിച്ച ദക്ഷിണാഫ്രിക്കയുടെ ആദ്യ തോൽവിയാണിത്.

ജയിച്ചിരുന്നെങ്കിൽ ഇന്ത്യയെ പിന്തള്ളി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താമായിരുന്ന ദക്ഷിണാഫ്രിക്ക തോൽവിയോടെ ഇന്ത്യക്കും ന്യൂുസിലൻഡിനും പിന്നിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടു ദിവസം മുമ്പ് അഫ്ഗാനിസ്ഥാൻ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന്റെ ഞെട്ടൽ മാറും മുമ്പാണ് നെതർലൻഡ്‌സും വമ്പൻ അട്ടിമറി നടത്തിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും 300ന് മുകളിൽ സ്‌കോർ ചെയ്ത ദക്ഷിണാഫ്രിക്ക നെതർലൻഡ്‌സ് ഉയർത്തിയ വിജയലക്ഷ്യം അനായാസം മറികടക്കുമെന്നാണ് കരുതിയത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ടെംബാ ബാവുമയും(16), ക്വിന്റൺ ഡി കോക്കും(20) ചേർന്ന് 36 റൺസടിച്ച് ഭേദപ്പെട്ട തുടക്കമിടുകയും ചെയ്തു. എന്നാൽ എട്ടാം ഓവറിൽ ഡി കോക്കിനെ അക്കർമാൻ വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ തകർച്ചയും തുടങ്ങി.ഡി കോക്ക് മടങ്ങിയതിന് പിന്നാലെ ബാവുമയെ വാൻഡെർ മെർവ് മടക്കി. പിന്നാലെ വിക്കറ്റുകൾ കൊഴിയാൻ തുടങ്ങി.

മിന്നും ഫോമിലുള്ള റാസി വാൻഡർ ദസ്സനെ(4) വാൻഡെർ മെർവും ഏയ്ഡൻ മാർക്രത്തെ(1) മക്കീരനും വീഴ്‌ത്തിയതോടെ 44-4ലേക്ക് വീണ ദക്ഷിണാഫ്രിക്കക്കെതിരെ നെതർലൻഡ്‌സ് വിജയം മണത്തു. എന്നാൽ ഹെന്റിച്ച് ക്ലാസനും(28) തുടക്കത്തിലെ ജീവൻ കിട്ടിയ ഡേവിഡ് മില്ലറും പിടിച്ചു നിന്നതോടെ ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും പ്രതീക്ഷയായി. ക്ലാസനെ വീഴ്‌ത്തിയ വാൻബീക്കാണ് കളി വീണ്ടും തിരിച്ചത്. സ്‌കോർ 100 കടന്നതിന് പിന്നാലെ മാർക്കോ ജാൻസനെ(9) മക്കീരൻ വീഴ്‌ത്തി. ഇതോടെ 109-6ലേക്ക് വീണ ദക്ഷിണാഫ്രിക്കയ്ക്ക് മില്ലറും ജെറാൾഡ് കോയെറ്റ്‌സീ(28) ചേർന്ന് പ്രതീക്ഷ നൽകി.

എന്നാൽ ഒരു തവണ ഭാഗ്യം കിട്ടിയ മില്ലറെ(43) വാൻബീക്ക് ക്ലീൻ ബൗൾഡാക്കി. 43 റൺസെടുത്ത മില്ലറെ അതിമനോഹരമായ പന്തിലൂടെ വാൻ ബീക്ക് പുറത്താക്കിയതോടെ മത്സരത്തിൽ നെതർലൻഡ്സ് പിടിമുറുക്കി. പിന്നാലെ കോയെറ്റ്‌സീയെ(22)ബാസ് ഡി ലീഡും വീഴ്‌ത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ പതനം പൂർത്തിയായി.

ഏകദിന ലോകകപ്പിൽ നെതർലൻഡ്‌സ് ആദ്യമായാണ് ടെസ്റ്റ് രാജ്യത്തെ തോൽപിക്കുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലും നെതർലൻഡ്‌സ് ദക്ഷിണാഫ്രിക്കയെ വീഴ്‌ത്തിയിരുന്നു. ഈ തോൽവി ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യത അവസാനിപ്പിക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ രണ്ട് തവണ ലോക ചാമ്പ്യന്മാരായിട്ടുള്ള വെസ്റ്റ് ഇൻഡീസിനെ അട്ടിമറിച്ചാണ് നെതർലൻഡ്‌സ് ഏകദിന ലോകകപ്പിന് യോഗ്യത നേടിയത്.

നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്ക് മൂന്നുവിക്കറ്റെടുത്തപ്പോൾ മീകെറെൻ, വാൻ ഡേർ മെർവ്, ഡി ലീഡ് എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അക്കർമാൻ ഒരു വിക്കറ്റ് വീഴ്‌ത്തി. നെതർലൻഡ്സ് 43 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തു. വാലറ്റത്ത് പൊരുതിയ നായകൻ സ്‌കോട് എഡ്വാർഡ്സിന്റെ ഉശിരൻ പ്രകടനമാണ് നെതർലൻഡ്സിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്സിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. വെറും 82 റൺസെടുക്കുന്നതിനിടെ അഞ്ച് മുൻനിര വിക്കറ്റുകൾ ടീമിന് നഷ്ടമായി. വിക്രംജീത് സിങ് (2), മാക്സ് ഓ ഡൗഡ് (18), കോളിൻ അക്കർമാൻ (12), ബാസ് ഡി ലീഡ് (2), സൈബ്രാൻഡ് എയ്ഗൽബ്രെക്ട് (19) എന്നിവർ അതിവേഗത്തിൽ നഷ്ടമായി. എന്നാൽ വാലറ്റത്ത് നായകൻ എഡ്വാർഡ്സ് പിടിച്ചുനിന്നതോടെ നെതർലൻഡ്സ് ഉയർത്തെഴുന്നേറ്റു. താരം 69 പന്തുകളിൽ നിന്ന് 10 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 78 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഒൻപതാമനായി വന്ന വാൻ ഡെർ മെർവിനെയും (29) പത്താമനായി വന്ന ആര്യൻ ദത്തിനെയും (23) കൂട്ടുപിടിച്ച് എഡ്വാർഡ്സ് ടീം സ്‌കോർ 245-ൽ എത്തിച്ചു. ആര്യൻ വെറും ഒൻപത് പന്തിൽ 23 റൺസെടുത്ത് പുറത്താവാതെ നിന്നു. ഒരു ഘട്ടത്തിൽ ടീം സ്‌കോർ 100 കടക്കില്ല എന്ന നിലയിൽ നിന്നാണ് നെതർലൻഡ്സ് 245-ൽ എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി, മാർക്കോ യാൻസൺ, കഗിസോ റബാദ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ജെറാൾഡ് കോട്സിയും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.