ധരംശാല: ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടമറികളിലൊന്നിനാണ് ചൊവ്വാഴ്ച ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച നെതർലൻഡ്സ് ഏകദിന ക്രിക്കറ്റിൽ വിസ്മയമായി മാറി. ധരംശാലയിൽ ദക്ഷിണാഫ്രിക്കയെ തകർത്തത് 38 റൺസിനായിരുന്നു.

മഴയെ തുടർന്ന് 43 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംിഗിനെത്തിയ നെതർലൻഡ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 245 റൺസാണ് നേടിയത്. ക്യാപ്റ്റൻ സ്‌കോട്ട് എഡ്വേർഡ്സ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് (69 പന്തിൽ 78) നെതർലൻഡ്സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 42.5 ഓവറിൽ 207ന് എല്ലാവരും പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയെ ട്വന്റി 20 ലോകകപ്പിലും ഏകദിന ലോകകപ്പിലും തോൽപ്പിക്കുന്ന ആദ്യ അസോസിയേറ്റ് രാജ്യമായി നെതർലൻഡ്സ്.

മൂന്ന് വിക്കറ്റ് നേടിയ ലോഗൻ വാൻ ബീക്കാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പോൾ വാൻ മീകെരൻ, റോൾഫ് വാൻ ഡർ മെർവെ, ബാസ് ഡീ ലീഡെ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയിരുന്നു. ഇതിൽ മീകെരന്റെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. 2020 ടി20 ലോകകപ്പ് കളിക്കാൻ കഴിയാത്ത നിരാശയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. കൊവിഡിനെ തുടർന്ന് ടൂർണമെന്റ് 2022ലേക്ക് മാറ്റിയിരുന്നു. മീകരന്റെ പഴയ പോസ്റ്റ് വായിക്കാം. സ്വിഗ്ഗി ആ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

2020 ൽ കോവിഡ് കാരണം ടി20 ലോകകപ്പ് മാറ്റിവച്ചപ്പോൾ ജീവിക്കാനായി ഊബർ ഈറ്റ്സിൽ ഡെലിവറി ജോലി ചെയ്യുകയാണെന്ന് പറഞ്ഞ് വാന്മീകറൻ ഇട്ട പോസ്റ്റാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തത്. ദേശീയ ടീമിനായി മറ്റ് മത്സരങ്ങളൊന്നുമില്ലാതിരുന്നതിനാൽ വരുമാന മാർഗം അടഞ്ഞെന്നും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഡെലിവറി ജോലി ചെയ്യേണ്ടി വന്നെന്നും താരം പിന്നീട് പറഞ്ഞിരുന്നു. മൂന്ന് വർഷങ്ങൾക്കിപ്പുറം ഓറഞ്ചു പട ചരിത്രം വിജയം കുറിക്കുമ്പോൾ ആ വിജയത്തിൽ വാൻ മീകെരനും നിർണ്ണായക പങ്കുണ്ട്. കളിയിൽ രണ്ട് വിക്കറ്റുകളാണ് താരം പിഴുതത്. അതും എയ്ഡൻ മാർക്രമിന്റേതടക്കമുള്ള നിർണായക വിക്കറ്റുകൾ.

നെതർലൻഡ്സ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റിങ് നിര എളുപ്പം മറികടക്കുമെന്നാണ് കരുതിയത്. സ്‌കോർ 36ൽ എത്തിയപ്പോൾ കഴിഞ്ഞ രണ്ട് കളിയിലും സെഞ്ച്വറി നേടിയ ക്വിന്റൺ ഡി കോക് പുറത്ത്. എട്ട് റൺസ് കൂട്ടി ചേർക്കുന്നതിനിടെ മൂന്ന് പേർ കൂടി കൂടാരം കയറി. 43 റൺസെടുത്ത ഡേവിഡ് മില്ലറും, 40 റൺസെടുത്ത കേശവ് മഹാരാജും, 28 റൺസെടുത്ത ഹെൻട്രിച്ച് ക്ലാസനും പൊരുതി നോക്കിയെങ്കിലും തോൽവി തടുക്കാനായില്ല.