ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന് മുന്നിൽ പരാതിയുടെ കെട്ടഴിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് അധികൃതർ. മത്സരത്തിനിടെയുണ്ടായ ചില വിവാദ സംഭവങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരാതി നൽകിയിരിക്കുന്നത്.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാനെ ഇന്ത്യ 42.5 ഓവറിൽ 191ന് പുറത്താക്കാൻ ഇന്ത്യൻ ബൗൾമാർക്കായി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 30.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശർമ (86), ശ്രേയസ് അയ്യർ (53) എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിനിടെ കാണികളുടെ ഭാഗത്തുനിന്നുമുണ്ടായ പ്രതികരണങ്ങളടക്കം ഒരുപാട് സംഭവങ്ങൾ ഉൾപ്പെടുത്തിയാണ് പിസിബി, ഐസിസിക്ക് പരാതി നൽകിയിരിക്കുന്നത്. പാക്കിസ്ഥാൻ താരങ്ങൾക്ക് നേരെയുണ്ടായ മോശം പെരുമാറ്റമാണ് ഇതിലാദ്യം. ടോസിനെത്തിയ പാക് നായകൻ ബാബർ അസമിനെ കാണികൾ കുക്കി വിളിച്ചതടക്കമുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി. ഔട്ട് ആയി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദ് റിസ്വാന് നേരെ ജയ് ശ്രീറാം വിളികളുമുണ്ടായിരുന്നു. ഇക്കാര്യവും പിസിബിയെ ചൊടിപ്പിച്ചു. പാക് മാധ്യമ പ്രവർത്തകർക്കും ആരാധകർക്കും വിസ അനുവദിക്കാത്തതിലും പിസിബി പരാതി അറിയിച്ചിട്ടുണ്ട്.

മത്സരം ബിസിസിഐ ഇവന്റാക്കി മാറ്റിയെന്ന് നേരത്തെ പാക് ടീമിന്റെ ഡയറക്ടർ മിക്കി ആർതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരുലക്ഷത്തി മുപ്പതിനായിരം കാണികൾക്ക് മുമ്പിൽ നടന്ന പോരാട്ടത്തിൽ പാക്കിസ്ഥാൻ ടീമിന് ആരാധകരിൽ നിന്നോ സംഘാടകരിൽ നിന്നോ യാതൊരു പിന്തുണയും ലഭിച്ചില്ലെന്നും ഇത് ലോകകപ്പ് മത്സരം പോലെയല്ല, ബിസിസിഐ സംഘടിപ്പിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ മത്സരം പോലെയാണ് തോന്നിയതെന്നും മിക്കി ആർതർ മത്സരശേഷം ആരോപിച്ചിരുന്നു. എന്നാൽ ഇതിനെ നിസാരവത്കരിച്ച ഐസിസി ചെയർമാൻ ഗ്രേഗ് ബാർക്ക്ലേ, ഇത്തരം വിമർശനങ്ങൾ എല്ലായിടത്തും ഉണ്ടാകുമെന്നാണ് പറഞ്ഞത്.

അതേ സമയം പാക്കിസ്ഥാന്റെ ദയയീയ തോൽവിക്ക് വിചിത്രമായ കാരണം നിരത്തിയ പാക്കിസ്ഥാൻ ജേർണലിസ്റ്റും ടിക് ടോക്കറുമായ ഹറീം ഷായുടെ പരാമർശനം വിവാദമായിരിക്കുകയാണ്. ബിസിസിഐയുടെ നേതൃത്വത്തിൽ മന്ത്രവാദം നടത്തിയെന്നാണ് അവരുടെ വാദം. പാക്കിസ്ഥാനെ തോൽപ്പിക്കാൻ വേണ്ടി ബിസിസിഐ മന്ത്രവാദിയെ ഉപയോഗിച്ചുവെന്നാണ് അവരുടെ വാദം. തന്ത്രിയുടെ പേരും പോസ്റ്റിൽ അവർ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യം ഐസിസി അന്വേഷിക്കണമെന്നും അംഗീകരിക്കാനാവില്ലെന്നും ട്വീറ്റിൽ പറയുന്നു.