- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച തുടക്കമിട്ട് വിൽ യങ്ങ്; ബാറ്റിങ് തകർച്ചയിൽ രക്ഷകരായി ഗ്ലെൻ ഫിലിപ്സ് - ടോം ലാഥം സെഞ്ചുറി കൂട്ടുകെട്ട്; മികച്ച സ്‌കോർ ഉയർത്തി കിവീസ്; അഫ്ഗാനിസ്ഥാന് 289 റൺസ് വിജയലക്ഷ്യം
ചെന്നൈ: ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അഫ്ഗാനിസ്ഥാനെതിരെ 289 റൺസെന്ന മികച്ച വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. ആദ്യം ബാറ്റുചെയ്ത കിവീസ് ബാറ്റിങ് നിര ഒരുഘട്ടത്തിൽ തകർച്ച നേരിട്ടെങ്കിലും ഫിലിപ്സും ലാഥവും രക്ഷകരായി മാറിയതോടെ 50 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. 110 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ പതറിയ കിവീസിനെ ഗ്ലെൻ ഫിലിപ്സും ടോം ലാഥവും ചേർന്ന സെഞ്ചുറി കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 144 റൺസ് കിവീസ് ഇന്നിങ്സിൽ നിർണായകമായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ടീം സ്‌കോർ 30-ൽ നിൽക്കേ ഓപ്പണർ ഡെവോൺ കോൺവെയെ നഷ്ടപ്പെട്ടു. 20 റൺസെടുത്ത താരത്തെ മുജീബുർ റഹ്‌മാൻ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിൽ യങ്ങും രചിൻ രവീന്ദ്രയും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോർ 109-ൽ എത്തിച്ചു. വിൽ യങ് അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. എന്നാൽ അസ്മത്തുള്ള ഒമർസായിയിലൂടെ അഫ്ഗാൻ തിരിച്ചടിച്ചു.
മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്രീസിലുറച്ച രചിനെ ക്ലീൻ ബൗൾഡാക്കി ഒമർസായി വരവറിയിച്ചു. 32 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിലെ അവസാന പന്തിൽ അർധസെഞ്ചുറി നേടിയ വിൽ യങ്ങിനെ ഇക്രമിന്റെ കൈയിലെത്തിച്ച് ഒമർസായി കൊടുങ്കാറ്റായി. 64 പന്തിൽ 54 റൺസ് നേടിയശേഷമാണ് യങ് ക്രീസ് വിട്ടത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് താരം അഞ്ചുപന്തുകൾക്കിടയിൽ വീഴ്‌ത്തിയത്. പിന്നാലെ വന്ന ഡാരിൽ മിച്ചലിനും പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത മിച്ചലിനെ റാഷിദ് ഖാൻ പുറത്താക്കി.
എന്നാൽ അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഗ്ലെൻ ഫിലിപ്സും നായകൻ ടോം ലാഥവും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് കിവീസിനെ രക്ഷിച്ചു. അതീവ ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേർന്ന് കിവീസിനെ മുന്നിൽ നിന്ന് നയിച്ചു. ഫിലിപ്സ് ആക്രമിച്ച് കളിച്ചപ്പോൾ ലാഥം അതിന് പിന്തുണ നൽകി. ലാഥത്തെ സാക്ഷിയാക്കി ഗ്ലെൻ ഫിലിപ്സ് അർധസെഞ്ചുറി നേടി ടീം സ്‌കോർ 200 കടക്കുകയും ചെയ്തു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും അഫ്ഗാന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല.
പിന്നാലെ ലാഥവും അർധസെഞ്ചുറി നേടി. ഇരുവരുടെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ കരുത്തിൽ കിവീസ് ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ചു. 48-ാം ഓവറിലെ ആദ്യ പന്തിൽ ഫിലിപ്സിനെ പുറത്താക്കി നവീൻ ഉൾ ഹഖ് ഈ കൂട്ടുകെട്ട് പൊളിച്ചു. 80 പന്തിൽ നാല് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 71 റൺസെടുത്ത ശേഷമാണ് ഫിലിപ്സ് ക്രീസ് വിട്ടത്. ലാഥത്തിനൊപ്പം 144 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് താരം ക്രീസ് വിട്ടത്.
അതേ ഓവറിലെ മൂന്നാം പന്തിൽ ലാഥത്തെ ക്ലീൻ ബൗൾഡാക്കി നവീൻ ഉശിരുകാട്ടി. 74 പന്തിൽ മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 68 റൺസെടുത്താണ് ലാഥം പുറത്തായത്. ഫിലിപ്സിന് പകരം വന്ന ചാപ്മാൻ ആക്രമണ ബാറ്റിങ് പുറത്തെടുത്തതോടെ കിവീസ് സ്‌കോർ കുതിച്ചു. ചാപ്മാൻ വെറും 12 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്നു.
അഫ്ഗാനുവേണ്ടി നവീൻ ഉൾ ഹഖ്, അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുജീബുർ റഹ്‌മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
സ്പോർട്സ് ഡെസ്ക്