- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോലി എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്; പക്ഷെ ഞാനൊരിക്കലും തിരിച്ച് ചെയ്യില്ല'; തോൽക്കാൻ മനസില്ലാത്ത കളിക്കാരനാണ് കോലിയെന്ന് മുഷ്ഫിഖുർ; അഞ്ച് തവണ പുറത്താക്കാനായത് ഭാഗ്യമെന്ന് ഷാക്കിബും
പൂണെ: ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിനിടെ വിരാട് കോലി തന്നെ എല്ലായ്‌പ്പോഴും സ്ലെഡ്ജ് ചെയ്യാറുണ്ടെന്നും എന്നാൽ താൻ ഒരിക്കലും തിരിച്ചു ചെയ്തിട്ടില്ലെന്നും ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫീഖുർ റഹീം. വിരാട് കോലി തന്നെ എത്ര സ്ലെഡ്ജ് ചെയ്താലും താനൊരിക്കലും തിരിച്ചു ചെയ്യില്ലെന്നും അങ്ങനെ ചെയ്യുന്നത് വലിയ അബദ്ധമാകുമെന്നും അത് കോലിയുടെ ആവേശം കൂട്ടുകയെ ഉള്ളൂവെന്നും മുഷ്ഫീഖുർ റഹീം സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.
കോലി ഞാൻ ബാറ്റ് ചെയ്യാൻ ക്രീസിലെത്തുമ്പോഴെല്ലാം എന്നെ സ്ലെഡ്ജ് ചെയ്യാറുണ്ട്.പക്ഷെ ഞാനൊരിക്കലും തിരിച്ച് ചെയ്യാൻ നിൽക്കാറില്ല. കോലിയെ സ്ലെഡ്ജ് ചെയ്താൽ അത് അദ്ദേഹത്തിന്റെ ആവേശം കൂട്ടും. അതുകൊണ്ട് കോലി ക്രീസിലെത്തിയാൽ പരമാവധി വേഗം പുറത്താക്കാനാണ് ഞാനെല്ലായ്‌പ്പോഴും ബൗളർമാരോട് പറയാറുള്ളത്.
തോൽക്കാൻ മനസില്ലാത്ത കളിക്കാരനാണ് കോലി. അതുകൊണ്ടുതന്നെ ഓരോ തവണ ഞാൻ ക്രിസിലെത്തുമ്പോഴും എന്നെ സ്ലെഡ്ജ് ചെയ്ത് തളർത്താൻ അദ്ദേഹം ശ്രമിക്കാറുണ്ട്. കാരണം ഒരു മത്സരവും കോലി തോൽക്കാൻ ആഗ്രഹിക്കുന്നില്ല.അദ്ദേഹത്തിന്റെ ആ പോരാട്ടവീര്യവും ഇന്ത്യയെ നേരിടുമ്പോഴുള്ള വെല്ലുവിളിയും എനിക്കിഷ്ടമാണ്.ഞാനേറെ ഇഷ്ടപ്പെടുന്നു-റഹീം പറഞ്ഞു.
ബംഗ്ലാദേശിനെതിരെ മികച്ച റെക്കോർഡുള്ള താരമാണ് കോലി. ബംഗ്ലാദേശിനെതിരെ ഇതുവരെ കളിച്ച 26 മത്സരങ്ങളിൽ 65.31 ശരാശരിയിൽ 1437 റൺസ് കോലി നേടിയിട്ടുണ്ട്. അതേ സമയം ഇന്ത്യൻ താരങ്ങളിൽ വിരാട് കോലിയുടെ വിക്കറ്റെടുക്കുന്നതാണ് കൂടുതൽ സന്തോഷമെന്ന് ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ പറഞ്ഞു. കോലിയെ അഞ്ച് തവണ പുറത്താക്കാനായത് ഭാഗ്യമാണെന്നും ഷാക്കിബ് സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
വിരാട് കോലി സ്‌പെഷ്യൽ കളിക്കാരനാണ്.ഒരുപക്ഷെ സമകാലീന ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ.അദ്ദേഹത്തെ അഞ്ച് തവണ പുറത്താക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. അദ്ദേഹത്തിന്റെ വിക്കറ്റെടുക്കുന്നത് എല്ലായ്‌പ്പോഴും വലിയ സന്തോഷം നൽകുന്ന കാര്യമണെന്നും ഷാക്കിബ് പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ഷാക്കിബ് നാളെ ഇന്ത്യക്കെതിരെ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. ഇന്നലെ ഷാക്കിബ് നെറ്റ്‌സിൽ ബാറ്റിങ് പരിശീലനത്തിനിറങ്ങിയിരുന്നു.
എന്നാൽ ഷാക്കിബിനെ നേരിടുന്നതിനെക്കുറിച്ച് ഇന്ത്യൻ ബാറ്റർമാർക്ക് വലിയ ആശങ്കയില്ലെന്ന് ഇന്ത്യൻ ബൗളിങ് പരിശീലകൻ പരസ് മാംബ്രെ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ ചില കളിക്കാർക്ക് ചില താരങ്ങൾക്കെതിരെ എല്ലായ്‌പ്പോഴും മുൻതൂക്കം കാണും. അതിൽ വലിയ കാര്യമില്ല. നമ്മുടെ പദ്ധതികളുമായി മുന്നോട്ടു പോകുക എന്നതാണ് പ്രധാനമെന്നും പരസ് മാംബ്രെ പറഞ്ഞു.
ലോകകപ്പിൽ തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ നാളെ പൂണെയിൽ ബംഗ്ലാദേശിനെ നേരിടും. അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ബംഗ്ലാദേശ് ആകട്ടെ പിന്നീട് ഇംഗ്ലണ്ടിനോടും ന്യൂസിലൻഡിനോടും തോൽവി വഴങ്ങി. പാക്കിസ്ഥാനെതിരെ നേടിയ ജയത്തിന്റെ ആവേശമടങ്ങും മുമ്പാണ് ഇന്ത്യ മറ്റൊരു അയൽേേപ്പാരിന് തയ്യാറെടുക്കുന്നത്.
ലോകകപ്പിൽ പരസ്പരം കളിച്ച അഞ്ച് കളികളിൽ നാലിലും ഇന്ത്യ ബംഗ്ലാദേശിനെതിരെ ജയിച്ചെങ്കിലും ഒരേയൊരു തോൽവി ഇന്ത്യക്കിപ്പോഴും മറക്കാനാവില്ല. 2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ഏകദിന ലോകകപ്പിൽ ഇപ്പോഴത്തെ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റ് ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഇത്തവണ ലോകകപ്പിൽ കളിച്ച മൂന്ന് കളികളിലും ജയിച്ചാണ് ഇന്ത്യ നാലാം മത്സരത്തിനിറങ്ങുന്നത്.
കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പിലും കഴിഞ്ഞ വർഷം അവസാനം നടന്ന ഏകദിന പരമ്പരയിലും ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിച്ചിരുന്നു. ഏഷ്യാ കപ്പിൽ കിരീടം നേടിയെങ്കിലും ഇന്ത്യയെ സൂപ്പർ ഫോറിൽ തോൽപ്പിക്കാൻ ബംഗ്ലാേേദശിനായിരുന്നു. വിരാട് കോലിയും രോഹിത് ശർമയും വിശ്രമമെടുത്ത മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിക്കും ഇന്ത്യയുടെ തോൽവി തടയാനായില്ല.
സ്പോർട്സ് ഡെസ്ക്