ചെന്നൈ: ലോകകപ്പിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അഫ്ഗാനിസ്ഥാൻ തൊട്ടടുത്ത മത്സരത്തിൽ ന്യൂസിലൻഡിനോട് വഴങ്ങിയത് 149 റൺസിന്റെ കനത്ത തോൽവി. ലോകകപ്പിൽ തുടർച്ചയായ നാലാം ജയത്തോടെ ഇന്ത്യയെ മറികടന്ന് കിവീസ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്റെ പോരാട്ടം 34.4 ഓവറിൽ 139 റൺസിൽ അവസാനിച്ചു. 62 പന്തിൽ 36 റൺസെടുത്ത റഹ്‌മത്ത് ഷാ ആണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. കിവീസിനായി ലോക്കി ഫെർഗൂസനും മിച്ചൽ സാന്റ്‌നറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. സ്‌കോർ ന്യൂസിലൻഡ് 50 ഓവറിൽ 288-6, അഫ്ഗാനിസ്ഥാൻ 34.4 ഓവറിൽ 139ന് ഓൾ ഔട്ട്.

ന്യൂസീലൻഡ് ഉയർത്തിയ 289 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച അഫ്ഗാനിസ്താന് ഒരു ഘട്ടത്തിൽപ്പോലും വിജയപ്രതീക്ഷ നിലനിർത്താനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ന്യൂസീലൻഡ് ബൗളർമാർ അഫ്ഗാന് മേൽ ആധിപത്യം പുലർത്തി. ആദ്യ വിക്കറ്റിൽ ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്ന് 27 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 11 റൺസെടുത്ത ഗുർബാസിനെ ക്ലീൻ ബൗൾഡാക്കി മാറ്റ് ഹെന്റി ഈ കൂട്ടുകെട്ട് പൊളിച്ചു. തൊട്ടുപിന്നാലെ 14 റൺസെടുത്ത സദ്രാനെ ട്രെന്റ് ബോൾട്ട് മടക്കി. മൂന്നാമനായി വന്ന റഹ്‌മത്ത് ഷായാണ് അഫ്ഗാനുവേണ്ടി അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

നാലാമനായി വന്ന നായകൻ ഹഷ്മത്തുള്ള ഷഹീദി വീണ്ടും നിരാശപ്പെടുത്തി. താരം എട്ടുറൺസെടുത്ത് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച അസ്മത്തുള്ള ഒമർസായിയും റഹ്‌മത്ത് ഷായും ചേർന്ന് ടീമിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ ടീം സ്‌കോർ 97-ൽ നിൽക്കെ 27 റൺസെടുത്ത ഒമർസായിയും വീണു. പിന്നാലെ റഹ്‌മത്ത് ഷായും പുറത്തായതോടെ അഫ്ഗാൻ പോരാട്ടം അവസാനിച്ചു. 36 റൺസെടുത്ത റഹ്‌മത്താണ് ടീമിന്റെ ടോപ് സ്‌കോറർ. ആറാമനായി വന്ന ഇക്രം അലിഖിൽ 19 റൺസ് നേടി പുറത്താവാതെ നിന്നെങ്കിലും മറ്റ് ബാറ്റർമാർ നിരാശപ്പെടുത്തി. മുഹമ്മദ് നബി (7), റാഷിദ് ഖാൻ (8), മുജീബുർ റഹ്‌മാൻ (4), നവീൻ ഉൾ ഹഖ് (0), ഫസൽഹഖ് ഫറൂഖി (0) എന്നിവർ അതിവേഗം പുറത്തായതോടെ അഫ്ഗാൻ 34.4 ഓവറിൽ 139 റൺസിന് ഓൾ ഔട്ടായി.

കിവീസിനായി മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി. മാറ്റ് ഹെന്റിയും രചിൻ രവീന്ദ്രയും ഓരോ വിക്കറ്റ് വീതം നേടി.

ആദ്യം ബാറ്റുചെയ്ത ന്യൂസീലൻഡ് 50 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ഒരു ഘട്ടത്തിൽ ബാറ്റിങ് തകർച്ച നേരിട്ട കിവീസിനെ ഗ്ലെൻ ഫിലിപ്സും ടോം ലാഥവും ചേർന്ന കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 144 റൺസ് കിവീസ് ഇന്നിങ്സിൽ നിർണായകമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് ടീം സ്‌കോർ 30-ൽ നിൽക്കേ ഓപ്പണർ ഡെവോൺ കോൺവെയെ നഷ്ടപ്പെട്ടു. 20 റൺസെടുത്ത താരത്തെ മുജീബുർ റഹ്‌മാൻ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിൽ യങ്ങും രചിൻ രവീന്ദ്രയും ചേർന്ന് ടീമിനെ രക്ഷിച്ചു. ഇരുവരും ടീം സ്‌കോർ 109-ൽ എത്തിച്ചു. വിൽ യങ് അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. എന്നാൽ അസ്മത്തുള്ള ഒമർസായിയിലൂടെ അഫ്ഗാൻ തിരിച്ചടിച്ചു.

മത്സരത്തിലെ തന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്രീസിലുറച്ച രചിനെ ക്ലീൻ ബൗൾഡാക്കി ഒമർസായി വരവറിയിച്ചു. 32 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതേ ഓവറിലെ അവസാന പന്തിൽ അർധസെഞ്ചുറി നേടിയ വിൽ യങ്ങിനെ ഇക്രമിന്റെ കൈയിലെത്തിച്ച് ഒമർസായി കൊടുങ്കാറ്റായി. 64 പന്തിൽ 54 റൺസ് നേടിയശേഷമാണ് യങ് ക്രീസ് വിട്ടത്. പ്രധാനപ്പെട്ട രണ്ട് വിക്കറ്റുകളാണ് താരം അഞ്ചുപന്തുകൾക്കിടയിൽ വീഴ്‌ത്തിയത്. പിന്നാലെ വന്ന ഡാരിൽ മിച്ചലിനും പിടിച്ചുനിൽക്കാനായില്ല. ഒരു റൺ മാത്രമെടുത്ത മിച്ചലിനെ റാഷിദ് ഖാൻ പുറത്താക്കി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഗ്ലെൻ ഫിലിപ്സും നായകൻ ടോം ലാഥവും ചേർന്ന് വലിയ തകർച്ചയിൽ നിന്ന് കിവീസിനെ രക്ഷിച്ചു. അതീവ ശ്രദ്ധയോടെ ബാറ്റേന്തിയ ഇരുവരും ചേർന്ന് കിവീസിനെ മുന്നിൽ നിന്ന് നയിച്ചു. ഫിലിപ്സ് ആക്രമിച്ച് കളിച്ചപ്പോൾ ലാഥം അതിന് പിന്തുണ നൽകി. ലാഥത്തെ സാക്ഷിയാക്കി ഗ്ലെൻ ഫിലിപ്സ് അർധസെഞ്ചുറി നേടി ടീം സ്‌കോർ 200 കടക്കുകയും ചെയ്തു. ബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും അഫ്ഗാന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. പിന്നാലെ ലാഥവും അർധസെഞ്ചുറി നേടി. ഇരുവരുടെയും സെഞ്ചുറി കൂട്ടുകെട്ടിന്റെ കരുത്തിൽ കിവീസ് ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിച്ചു. 48-ാം ഓവറിലെ ആദ്യ പന്തിൽ ഫിലിപ്സിനെ പുറത്താക്കി നവീൻ ഉൾ ഹഖ് ഈ കൂട്ടുകെട്ട് പൊളിച്ചു. 80 പന്തിൽ നാല് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 71 റൺസെടുത്ത ശേഷമാണ് ഫിലിപ്സ് ക്രീസ് വിട്ടത്. ലാഥത്തിനൊപ്പം 144 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് താരം ക്രീസ് വിട്ടത്.

അതേ ഓവറിലെ മൂന്നാം പന്തിൽ ലാഥത്തെ ക്ലീൻ ബൗൾഡാക്കി നവീൻ ഉശിരുകാട്ടി. 74 പന്തിൽ മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 68 റൺസെടുത്താണ് ലാഥം പുറത്തായത്. ഫിലിപ്സിന് പകരം വന്ന ചാപ്മാൻ ആക്രമണ ബാറ്റിങ് പുറത്തെടുത്തതോടെ കിവീസ് സ്‌കോർ കുതിച്ചു. ചാപ്മാൻ വെറും 12 പന്തിൽ 25 റൺസെടുത്ത് പുറത്താവാതെ നിന്നു. അഫ്ഗാനുവേണ്ടി നവീൻ ഉൾ ഹഖ്, അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുജീബുർ റഹ്‌മാൻ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ജയത്തോടെ ന്യൂസിലൻഡ് പോയന്റ് പട്ടികയിൽ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി. നാലു കളികളിൽ എട്ട് പോയന്റാണ് കിവീസിനുള്ളത്. ഇന്ത്യക്ക് മൂന്ന് കളികളിൽ ആറ് പോയന്റും. നാളെ ബംഗ്ലാദേശിനെ വീഴ്‌ത്തിയാൽ ഇന്ത്യക്ക് വീണ്ടും ഒന്നാമതെത്താം.