- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടോസ് നേടിയിട്ടും 'കളി കൈവിട്ട്' ബാബർ; പാക് ബൗളിങ് നിരയെ തല്ലിപ്പറത്തി ഓസിസ്; വാർണറിനും മാർഷിനും തകർപ്പൻ സെഞ്ച്വറി; പുഷ്പ സ്റ്റൈലിൽ വാർണറിന്റെ സെഞ്ചുറി ആഘോഷവും; ഓസീസ് കൂറ്റൻ സ്‌കോറിലേക്ക്
ബംഗളൂരു: ലോകകപ്പിൽ ഓപ്പണർമാരുടെ സെഞ്ച്വറി കരുത്തിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോറിലേക്ക്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ 42 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ 319 റൺസെടുത്തിട്ടുണ്ട്. ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും നേടിയ സെഞ്ച്വറികളാണ് ഓസ്‌ട്രേലിയൻ ഇന്നിങ്‌സിലെ ഹൈലറ്റ്. 85 പന്തിൽ നിന്നും ഏഴ് ബൗണ്ടറികളും ആറ് സിക്‌സറുകളുമായി സെഞ്ചുറി തികച്ച വാർണർ 116 പന്തിൽ നിന്നും 150 റൺസും പിന്നിട്ടു. വാർണർക്കൊപ്പം മാർകസ് സ്റ്റോയിനിസാണ് ക്രീസിൽ
ഒന്നാം വിക്കറ്റിൽ ഇരുവരും 33.5 ഓവറിൽ 259 റൺസാണ് അടിച്ചുകൂട്ടിയത്. മാർഷ് 108 പന്തിൽ 121 റൺസെടുത്തു. ഒമ്പത് സിക്‌സും 10 ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഷഹീൻ അഫ്രീദിയുടെ പന്തിൽ ഉസാമക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
ലോകകപ്പിൽ അഞ്ചാം സെഞ്ചുറിയാണ് വാർണർ നേടിയത്. രോഹിത് ശർമ (7), സച്ചിൻ ടെൻഡുൽക്കർ (6) എന്നിവരാണ് ഇനി വാർണർക്ക് മുന്നിൽ. റിക്കി പോണ്ടിങ്, കുമാർ സംഗക്കാര എന്നിവരും അഞ്ച് സെഞ്ചുറികൾ നേടിയിട്ടുണ്ട്. പാക്കിസ്ഥാനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയപ്പോഴും വാർണർ ആഘോഷിക്കാൻ മറന്നില്ല. വായുവിൽ ഉയർന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓർത്തു. പുഷ്പ സെലിബ്രേഷനാണ് വാർണർ നടത്തിയത്.
Warner Mawa ni house ki invite chey anna @alluarjun#Pushpa2TheRule pic.twitter.com/jnaVLItU22
- ɮꫀꪖડ???? ꪮꪀ ₳A̶♥️ (@Rakisshere) October 20, 2023
ഇന്ത്യയിൽ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയൻ താരം ഡേവിഡ് വാർണർക്ക്. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാർണർ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയിൽ ലോകകപ്പ് കളിക്കുന്ന സന്തോഷവും വാർണർക്കുണ്ട്. ഇന്ത്യൻ സിനിമകൾ പിന്തുടരുന്ന അദ്ദേഹം തെന്നിന്ത്യൻ താരം അല്ലു അർജുന്റെ കടുത്ത ആരാധകനുമാണ്. അല്ലുവിന്റെ സൂപ്പർ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അദ്ദേഹം അനുകരിക്കാറുമുണ്ട്.
വാർണർ കരിയരിലെ ഇരുപത്തിയൊന്നാം ഏകദിന സെഞ്ച്വറിയും മാർഷ് രണ്ടാം ഏകദിന സെഞ്ച്വറിയുമാണ് നേടിയത്. പത്ത് റൺസിൽ നിൽക്കെ ഡേവിഡ് വാർണറെ പുറത്താക്കാനുള്ള അവസരം പാക്കിസ്ഥാൻ നഷ്ടപ്പെടുത്തിയതിനു വലിയ വിലയാണ് അവർക്ക് നൽകേണ്ടി വന്നത്. ഷഹീൻ അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിന്റെ രണ്ടാം പന്തിൽ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ പത്ത് റൺസിൽ നിൽക്കെ നൽകിയ അനായസ ക്യാച്ച് ഉസാമ മിർ കൈവിട്ടതു നിർണായകമായി. ഷദബ് ഖാനു പകരം ഈ ലോകകപ്പിൽ ആദ്യമായി അവസരം കിട്ടിയ മിറിന്റെ തുടക്കം തന്നെ പാളി.
ഹാരിസ് റൗഫിനെ തിരഞ്ഞു പിടിച്ച് മർദ്ദിക്കുകയായിരുന്നു ഓസീസ് ഓപ്പണർമാർ. മൂന്നോവറിൽ താരം വഴങ്ങിയത് 47 റൺസ്. ഷഹീൻ ഷാ അഫ്രീദിക്ക് മാത്രമാണ് അവർ ബഹുമാനം കൽപ്പിച്ചത്. നാലോവറിൽ 14 റൺസ് മാത്രമാണ് പാക് സൂപ്പർ പേസർ വഴങ്ങിയത്. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഓസീസ് ഇറങ്ങിയത്. പാക്കിസ്ഥാൻ ഒരു മാറ്റം വരുത്തി. വൈസ് ക്യാപ്റ്റൻ ഷദാബ് ഖാന് പകരം ഉസാമ മിർ ടീമിലെത്തി.
ആദ്യ രണ്ട് കളികളിലെ ആധികാരിക വിജയങ്ങൾക്ക് ശേഷം മൂന്നാം മത്സരത്തിൽ മികച്ച നിലയിൽനിന്ന് കൂപ്പുകുത്തി ഇന്ത്യയോട് വൻതോൽവി ഏറ്റുവാങ്ങിയാണ് പാക്കിസ്ഥാൻ നാലാം മത്സരത്തിനിറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോൽവി പിണഞ്ഞ് ഒടുവിൽ വിജയവഴിയിൽ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആസ്‌ട്രേലിയ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.
പാക്കിസ്ഥാൻ: അബ്ദുള്ള ഷെഫീഖ്, ഇമാം ഉൾ ഹഖ്, ബാബർ അസം (ക്യാപ്റ്റൻ), മുഹമ്മദ് റിസ്വാൻ (വിക്കറ്റ് കീപ്പർ), സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിർ, ഹാസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്.
ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മർനസ് ലബുഷെയ്ൻ, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), ഗ്ലെൻ മാക്‌സ്വെൽ, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.
സ്പോർട്സ് ഡെസ്ക്