- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെഞ്ചുറി കൂട്ടുകെട്ടുമായി ഷെഫീഖ് - ഇമാം സഖ്യം; പിന്നാലെ റിസ്വാന്റെ ചെറുത്തുനിൽപ്പ്; പാതിവഴിയിൽ തകർന്നടിഞ്ഞ് പാക് ബാറ്റിങ് നിര; ഓസിസിന്റെ ജയമുറപ്പിച്ച് വർണറും മാർഷും സാംപയും
ബംഗളൂരു: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെ കീഴടക്കി ഓസ്ട്രേലിയക്ക് തുടർച്ചയായ രണ്ടാം ജയം. 62 റൺസിനായിരുന്നു ഓസീസിന്റെ ജയം. ഓസീസ് ഉയർത്തിയ 368 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 45.3 ഓവറിൽ 305ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ആഡം സാംപയാണ് ഓസീസിന തകർത്തത്. പാറ്റ് കമ്മിൻസ്, മാർകസ് സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ഇമാം ഉൽ ഹഖ് (70), അബ്ദുള്ള ഷെഫീഖ് (64) എന്നിവരാണ് പാക് നിരയിൽ തിളങ്ങിയത്.
നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയമാണ് ഓസിസ് ടീമിന്റെ അക്കൗണ്ടിലുള്ളത്. പാക്കിസ്ഥാൻ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടു. പാക്കിസ്ഥാനും നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം വിജയവും തോൽവിയുമാണുള്ളത്. ജയത്തോടെ പാക്കിസ്ഥാനെ പിന്തള്ളി ഓസ്‌ട്രേലിയ നാലാം സ്ഥാനത്തേക്ക് ഉയർന്നു.
നേരത്തെ, ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ഡേവിഡ് വാർണർ (124 ന്തിൽ 163), മിച്ചൽ മാർഷ് (108 പന്തിൽ 121) എന്നിവരുടെ സെഞ്ചുറിയാണ് കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. പാക്കിസ്ഥാൻ നിരയിൽ ഷഹീൻ അഫ്രീദി അഞ്ച് വിക്കറ്റെടുത്തു.
പാക്കിസ്ഥാൻ ഉയർത്തിയ 368 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന് ഉജ്ജ്വല തുടക്കമാണ് ഓപ്പണർമാരായ അബ്ദുള്ള ഷഫീഖും ഇമാം ഉൾ ഹഖും ചേർന്ന് നൽകിയത്. അർധസെഞ്ചുറി നേടിയ ഇരുവരും ആദ്യ വിക്കറ്റിൽ 134 റൺസാണ് കൂട്ടിച്ചേർത്തത്. ഇത് പാക്കിസ്ഥാൻ ടീമിന് നൽകിയ കരുത്ത് ചെറുതല്ല. ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും 21 ഓവറിലാണ് 134 റൺസെടുത്തത്. മിച്ചൽ സ്റ്റാർക്കും ഹെയ്സൽവുഡും പാറ്റ് കമ്മിൻസുമെല്ലാം അടങ്ങിയ പേസ് നിരയെ ഇരുവരും നിർഭയം നേരിട്ടു.
ഒടുവിൽ മീഡിയം പേസറായ സ്റ്റോയിനിസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തന്റെ ആദ്യ പന്തിൽ തന്നെ താരം ഷഫീഖിനെ പുറത്താക്കി. 61 പന്തിൽ ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 64 റൺസെടുത്താണ് താരം ക്രീസ് വിട്ടത്. പിന്നാലെ വന്ന നായകൻ ബാബർ അസമിനെ കൂട്ടുപിടിച്ച് ഇമാം ടീം സ്‌കോർ 150 കടത്തി. എന്നാൽ ഇമാമിനെയും പുറത്താക്കി സ്റ്റോയിനിസ് ഓസീസ് ക്യാമ്പിൽ പ്രതീക്ഷ പരത്തി. 71 പന്തിൽ 10 ബൗണ്ടറികളുടെ സഹായത്തോടെ 70 റൺസെടുത്ത ഇമാമിനെ സ്റ്റോയിനിസ് സ്റ്റാർക്കിന്റെ കൈയിലെത്തിച്ചു.
ഇമാമിന് പകരം സൂപ്പർ താരം മുഹമ്മദ് റിസ്വാൻ ക്രീസിലെത്തി. ബാബറും റിസ്വാനും ക്രീസിലൊന്നിച്ചതോടെ പാക് ക്യാമ്പിൽ പ്രതീക്ഷ വന്നു. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഇരുവരും ഫോമിലേക്കുയർന്നിരുന്നു. എന്നാൽ ബാബറിന് തിളങ്ങാനായില്ല. വെറും 18 റൺസ് മാത്രമെടുത്ത ബാബറിനെ ആദം സാംപ പുറത്താക്കി. എന്നാൽ മറുവശത്ത് റിസ്വാൻ അനായാസം ബാറ്റിങ് തുടർന്നു. സൗദ് ഷക്കീലിനെ കൂട്ടുപിടിച്ച് റിസ്വാൻ ടീം സ്‌കോർ 200 കടത്തി. എന്നാൽ 35-ാം ഓവറിൽ സൗദിനെ കമ്മിൻസ് പുറത്താക്കി. 31 പന്തിൽ 30 റൺസെടുത്താണ് താരം മടങ്ങിയത്. സൗദിന് പകരം ഓൾറൗണ്ടർ ഇഫ്തിഖർ അഹമ്മദ് ക്രീസിലെത്തി. ഇഫ്തിഖറും നന്നായി ബാറ്റുവീശിയതോടെ ടീം സ്‌കോർ 250 കടന്നു.
വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഇഫ്തിഖറിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. 20 പന്തിൽ 26 റൺസെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നിൽ കുടുക്കി. അമ്പയറുടെ തീരുമാനം പുനഃപരിശോധിച്ചശേഷമാണ് ഓസീസ് ഈ വിക്കറ്റ് സ്വന്തമാക്കിയത്. ഇഫ്തിഖറിന് പകരം മുഹമ്മദ് നവാസാണ് ക്രീസിൽ വന്നത്. അവസാന 10 ഓവറിൽ 96 റൺസായിരുന്നു പാക്കിസ്ഥാന് ജയിക്കാനായി വേണ്ടിവന്നത്. എന്നാൽ 41-ാം ഓവറിലെ അഞ്ചാം പന്തിൽ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയായിരുന്ന റിസ്വാനെ വിക്കറ്റിന് മുന്നിൽ കുടുക്കി സാംപ നിർണായകമായ വിക്കറ്റ് സ്വന്തമാക്കി. 40 പന്തിൽ 46 റൺസെടുത്ത റിസ്വാൻ പുറത്തായതോടെ ഓസീസ് വിജയത്തിലേക്ക് കുതിച്ചു. പിന്നാലെ വന്ന ഉസാമ മിറിനെ അക്കൗണ്ട് തുറക്കുംമുൻപ് ഹെയ്സൽവുഡ് പുറത്താക്കി. 14 റൺസെടുത്ത നവാസിനെ ക്ലീൻ ബൗൾഡാക്കി സാംപ പാക്കിസ്ഥാനെ തകർത്തു. പിന്നാലെ ഹസ്സൻ അലി (8), അഫ്രീദി (10) എന്നിവരും പുറത്തായതോടെ പാക്കിസ്ഥാൻ ഔൾ ഔട്ടായി.
ബംഗളൂരുവിൽ സ്‌കോർ സൂചിപ്പിക്കും പോലെ ഗംഭീര തുടക്കമായിരുന്നു ഓസീസിന്. ഒന്നാം വിക്കറ്റിൽ വാർണർ - മാർഷ് സഖ്യം 259 റൺസാണ് കൂട്ടിചേർത്തത്. 34-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുുന്നത്. ഷഹീന്റെ പന്തിൽ മാർഷ് ഉസാമ മിറിന് ക്യാച്ച് നൽകി. ഒമ്പത് സിക്സും 10 ഫോറും ഉൾപ്പെടുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്. തൊട്ടടുത്ത പന്തിൽ ഗ്ലെൻ മാക്സ്വെല്ലും (0) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. സ്റ്റീവ് സ്മിത്ത് (7) ഒരിക്കൽകൂടി നിരാശയായി.
മിറിനായിരുന്നു വിക്കറ്റ്. ഇതിനിടെ വാർണറും മടങ്ങിയതോടെ 400നപ്പുറം കടക്കുമായിരുന്ന സ്‌കോർ നിയന്ത്രിച്ചു നിർത്താൻ പാക്കിസ്ഥാനായി. 14 ഫോറും ഒമ്പത് സിക്സും ഉൾപ്പെടുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. മാർകസ് സ്റ്റോയിനിസ് (21), ജോഷ് ഇൻഗ്ലിസ് (13), മർനസ് ലബുഷെയ്ൻ (8), മിച്ചൽ മാർഷ് (2) എന്നിവർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. അഫ്രീദി 10 ഓവറിൽ 54 റൺസ് വിട്ടുകൊടുത്താണ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ഒരു മാറ്റവുമായിട്ടാണ് പാക്കിസ്ഥാൻ മത്സരത്തിനിറങ്ങിയത്. ഷദാബ് ഖാന് പകരം ഉസാമ നിർ ടീമിലെത്തി. ഓസീസ് ശ്രീലങ്കയ്ക്കെതിരെ കളിച്ച അതേ ടീമിനെ നിലനിർത്തുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്