ലഖ്നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഹാട്രിക് തോൽവികൾക്ക് ഒടുവിൽ ആദ്യ വിജയം സ്വന്തമാക്കി മുൻ ചാമ്പ്യന്മാരായ ശ്രീലങ്ക. നെതർലൻഡ്സിനെ അഞ്ചുവിക്കറ്റിന് തകർത്താണ് ശ്രീലങ്ക വിജയമാഘോഷിച്ചത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചെത്തിയ നെതർലൻഡ്സിന് മുന്നിൽ ആദ്യം വിയർത്തെങ്കിലും ലങ്ക ഒടുവിൽ വിജയതീരമണഞ്ഞു. നെതർലൻഡ്സ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യം ശ്രീലങ്ക 48.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 91 റൺസെടുത്ത സദീര വിക്രമയാണ് ശ്രീലങ്കയുടെ വിജയശിൽപ്പി.

അർധസെഞ്ചുറി നേടിയ ഓപ്പണർ പത്തും നിസ്സങ്കയും മികച്ച പ്രകടനം പുറത്തെടുത്തു. നെതർലൻഡ്സ് ഉയർത്തിയ 263 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. 52 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. കുശാൽ പെരേരയും (5) കുശാൽ മെൻഡിസും (11) പുറത്തായി.

എന്നാൽ മൂന്നാം വിക്കറ്റിലൊന്നിച്ച നിസ്സങ്കയും സദീരയും ശ്രീലങ്കയെ രക്ഷിച്ചു. ഇരുവരും 77 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 52 പന്തിൽ 54 റൺസെടുത്ത നിസ്സങ്കയെ പുറത്താക്കി മീകെറെൻ കരുത്തുകാട്ടി. പക്ഷേ അഞ്ചാമനായി വന്ന ചരിത് അസലങ്ക സദീരയ്ക്ക് പിന്തുണ നൽകിയതോടെ ശ്രീലങ്ക വിജയപ്രതീക്ഷ നിലനിർത്തി. താരം 44 റൺസെടുത്ത് പുറത്തായി.

പിന്നാലെ വന്ന ധഞ്ജയ ഡി സിൽവയെ കൂട്ടുപിടിച്ച് സദീര ടീമിനെ വിജയത്തിലേക്ക് നയിച്ചു. വിജയത്തിന് തൊട്ടുമുൻപ് 30 റൺസെടുത്ത സിൽവ പുറത്തായെങ്കിലും ശ്രീലങ്കൻ ക്യാമ്പിൽ അപ്പോഴേക്കും ആഘോഷം തുടങ്ങിയിരുന്നു. സിൽവയ്ക്ക് പകരം വന്ന ദുഷൻ ഹേമന്ത ഫോറടിച്ച് ടീമിന് വിജയം സമ്മാനിച്ചു.

സദീര 107 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെ അകമ്പടിയോടെ 91 റൺസെടുത്ത് പുറത്താവാതെ നിന്നു. നെതർലൻഡ്സിനായി ആര്യൻ ദത്ത് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡച്ച് ടീം 49.4 ഓവറിൽ 262 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഒരു ഘട്ടത്തിൽ 21.2 ഓവറിൽ 91 റൺസിന് ആറ് വിക്കറ്റെന്ന നിലയിൽ തകർന്ന ഡച്ച് ടീമിന് ഏഴാം വിക്കറ്റിൽ ഒന്നിച്ച സൈബ്രാൻഡ് ഏംഗൽബ്രെക്റ്റ് - ലോഗൻ വാൻ ബീക് സഖ്യമാണ് തുണയായത്. 130 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം ടീമിനെ 200 കടത്തിയ ശേഷമാണ് പിരിഞ്ഞത്.

82 പന്തിൽ നിന്ന് ഒരു സിക്സും നാല് ഫോറുമടക്കം 70 റൺസെടുത്ത സൈബ്രാൻഡാണ് ടീമിന്റെ ടോപ് സ്‌കോറർ. 75 പന്തുകൾ നേരിട്ട വാൻ ബീക് 59 റൺസെടുത്തു. ക്ഷമയോടെ വിക്കറ്റ് ബാറ്റ് വീശിയാണ് ഇരുവരും സ്‌കോർ ഉയർത്തിയത്.

നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ദിൽഷൻ മധുഷങ്കയും കസുൻ രജിതയും ലങ്കയ്ക്കായി ബൗളിങ്ങിൽ തിളങ്ങി.

വിക്രം ജിത് സിങ് (4), ബാസ് ഡി ലീഡ (6), തേജ നിദമനുരു (9) എന്നിവർ നിരാശപ്പെടുത്തി. അക്കെർമാൻ (29), ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്സ് (16) എന്നിവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങിയതോടെയാണ് നെതർലൻഡ്സ് ആറിന് 91 എന്ന നിലയിലേക്ക് വീണത്.