- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസന്റെ തല്ലിന് മറുപടി നൽകിയത് മാർക്ക് വുഡും അറ്റ്കിൻസണും മാത്രം; വിക്കറ്റുകൾ വലിച്ചെറിഞ്ഞ് ബട്ലറും സംഘവും; ഇംഗ്ലണ്ടിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്ക; 229 റൺസിന്റെ കൂറ്റൻ ജയവുമായി പ്രോട്ടീസ് മൂന്നാമത്
മുംബൈ: നിലവിലെ ലോകചാമ്പ്യനെന്ന വമ്പുമായി ലോകകപ്പിനെത്തിയ ഇംഗ്ലണ്ടിനെ നാണംകെടുത്തി ദക്ഷിണാഫ്രിക്കയുടെ ഗംഭീര തിരിച്ചുവരവ്. കഴിഞ്ഞ മത്സരത്തിൽ നെതർലൻഡ്‌സിനോട് തോൽവി ഏറ്റുവാങ്ങിയതിന്റെ നിരാശ അത്രയും ഇംഗ്ലണ്ടിനോട് തീർത്താണ് പ്രോട്ടീസ് നിര 229 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 400 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 170 റൺസിന് ഓൾ ഔട്ടായി. 22 ഓവറിലായിരുന്നു ഇംഗ്ലണ്ട് 170 റൺസ് നേടിയത്.
ഇംഗ്ലണ്ടിന്റെ മുൻനിര - മധ്യനിര താരങ്ങൾ ഒരുപോലെ നിരാശപ്പെടുത്തിയ മത്സരത്തിൽ വാലറ്റക്കാരുടെ പ്രകടനമാണ് കടുത്ത നാണക്കേടിൽ നിന്ന് രക്ഷിച്ചത്. മാർക് വുഡാണ് (പുറത്താവാതെ 43) ടോപ് സ്‌കോറർ. ഗസ് ആറ്റ്കിൻസൺ (35) മികച്ച പ്രകടനം പുറത്തെടുത്തു. ഓൾറൗണ്ട് പ്രകടന മികവിൽ പ്രോട്ടീസ് തകർപ്പൻ വിജയം സ്വന്തമാക്കി. തോൽവിയോടെ ഇംഗ്ലണ്ടിന്റെ ഭാവി തുലാസിലായി. നാല് മത്സരങ്ങളിൽ പ്രോട്ടീസ് മൂന്ന് വിജയങ്ങൾ നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ അക്കൗണ്ടിൽ ഒരു വിജയം മാത്രമാണുള്ളത്. ആറ് പോയിന്റുമായി മികച്ച റൺറേറ്റുമായി ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 400 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് തുടക്കത്തിൽ തന്നെ പരാജയം മണത്തു. വെറും 68 റൺസെടുക്കുന്നതിനിടെ ആറ് മുൻനിര വിക്കറ്റുകൾ കൂപ്പുകുത്തി. വെറും 11 ഓവർ പിന്നിടുമ്പോഴേക്കും ജോണി ബെയർസ്റ്റോ (10), ഡേവിഡ് മലാൻ (6), ജോ റൂട്ട് (2), ബെൻ സ്റ്റോക്സ് (5), ഹാരി ബ്രൂക്ക് (17), നായകൻ ജോസ് ബട്ലർ (15) എന്നിവർ കൂടാരം കയറി. ഇതോടെ ദക്ഷിണാഫ്രിക്ക വിജയമുറപ്പിച്ചു.
പിന്നാലെ വന്ന ആദിൽ റഷീദ് 10 റൺസെടുത്ത് പുറത്തായി. 12 റൺസെടുത്ത ഡേവിഡ് വില്ലിയാണ് ടീം സ്‌കോർ 100 കടത്തിയത്. എന്നാൽ ടീം സ്‌കോർ 100-ൽ നിൽക്കെ വില്ലിയും പുറത്തായി. ഇതോടെ 100 ന് എട്ടുവിക്കറ്റ് എന്ന സ്‌കോറിലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി. പിന്നാലെ വന്ന മാർക്ക് വുഡും അറ്റ്കിൻസണും ആക്രമിച്ച് കളിച്ചു. ഇരുവരും വലിയ നാണക്കേടിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചു അർധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയർത്തി. ഒൻപതാം വിക്കറ്റിൽ ഇരുവരും 32 പന്തിൽ 70 റൺസാണ് അടിച്ചെടുത്തത്. ഈ കൂട്ടുകെട്ടാണ് ടീം സ്‌കോർ 170-ൽ എത്തിച്ചത്. ഒൻപതാം വിക്കറ്റിൽ മാർക്ക് വുഡും അറ്റ്കിൻസണും ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനമില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ തോൽവി ഇതിലും നാണംകെട്ട തരത്തിലാകുമായിരുന്നു.
എന്നാൽ അറ്റ്കിൻസണെ പുറത്താക്കി കേശവ് മഹാരാജ് ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീലയിട്ടു. അറ്റ്കിൻസൺ 21 പന്തിൽ 35 റൺസെടുത്ത പുറത്തായി. അവസാനക്കാരനായ റീസ് ടോപ്ലി പരിക്കുമൂലം ബാറ്റുചെയ്യാനിറങ്ങിയില്ല. ഇതോടെ ദക്ഷിണാഫ്രിക്ക കൂറ്റൻ വിജയം സ്വന്തമാക്കി. മാർക്ക് വുഡ് 17 പന്തിൽ അഞ്ച് സിക്സിന്റെയും രണ്ട് ഫോറിന്റെയും അകമ്പടിയോടെ 43 റൺസെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെറാൾഡ് കോട്സി മൂന്ന് വിക്കറ്റെടുത്തപ്പോൾ ലുങ്കി എൻഗിഡി, മാർക്കോ യാൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കഗീസോ റബാദ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. ഇത് രണ്ടാം തവണയാണ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക എതിരാളികൾക്ക് 400-ഓ അതിലധികമോ റൺസ് വിജയലക്ഷ്യമായി വെയ്ക്കുന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്‌സിലെ രണ്ടാം പന്തിൽ ഫോമിലുള്ള ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ നഷ്ടമായിരുന്നു. രണ്ട് പന്തിൽ നാല് റൺസ് നേടിയ ഡി കോക്കിനെ റീസ് ടോപ്ലിയാണ് മടക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ 121 റൺസിന്റെ കൂട്ടുകെട്ടുമായി ഹെൻഡ്രിക്‌സും റാസീ വാൻ ഡെർ ഡസ്സനും പ്രോട്ടീസിനെ കരകയറ്റി.
ഇരുവരും മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കൻ സ്‌കോർ 25.2 ഓവറിൽ 164-3. സ്പിന്നർ ആദിൽ റഷീദിനായിരുന്നു ഇരുവരുടെയും വിക്കറ്റ്. ഇതിന് ശേഷം ക്യാപ്റ്റൻ എയ്ഡൻ മാർക്രം (44 പന്തിൽ 42), ഡേവിഡ് മില്ലർ (6 പന്തിൽ 5) എന്നിവരെയും ടോപ്ലി മടക്കിയെങ്കിലും ദക്ഷിണാഫ്രിക്ക പതറിയില്ല. അഞ്ച് വിക്കറ്റ് നഷ്ടമാകുമ്പോൾ 36.3 ഓവറിൽ 243 റൺസുണ്ടായിരുന്നു അവർക്ക്.
ആറാം വിക്കറ്റിൽ ക്രീസിലൊന്നിച്ച ഹെന്റിച് ക്ലാസനും മാർക്കോ യാൻസനും ചേർന്ന് ഇംഗ്ലണ്ടിനെ തല്ലിമെതിക്കുന്നതാണ് പിന്നീട് കണ്ടത്. 44-ാം ഓവറിലെ നാലാം പന്തിൽ ബൗണ്ടറിയോടെ ക്ലാസൻ ടീമിനെ 300 കടത്തി. അമ്പത് തികയ്ക്കാൻ 40 പന്തുകളെടുത്ത ക്ലാസൻ പിന്നീടുള്ള 21 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ക്ലാസന് ഉറച്ച പിന്തുണ നൽകിയ യാൻസൻ സിക്സോടെ 35 പന്തിൽ ഫിഫ്റ്റി കടന്നു.
67 പന്തിൽ 109 റൺസെടുത്ത ക്ലാസനെയും മൂന്ന് പന്തിൽ മൂന്ന് നേടിയ ജെറാൾഡ് കോട്‌സേയെയും അറ്റ്കിൻസൻ പുറത്താക്കിയപ്പോൾ യാൻസൻ 42 പന്തിൽ 75* റൺസുമായി പുറത്താവാതെ നിന്നു. കേശവ് മഹാരാജാണ് (1 പന്തിൽ 1*) പുറത്താവാതെ നിന്ന മറ്റൊരു ബാറ്റർ. അവസാന 10 ഓവറിൽ 143 റൺസാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്. ഇതിൽ 84 റൺസ് അവസാന അഞ്ച് ഓവറിലായിരുന്നു.
സ്പോർട്സ് ഡെസ്ക്