ധരംശാല: ഡാരിൽ മിച്ചെലിന്റെ സെഞ്ചുറി കരുത്തിൽ ഇന്ത്യയ്ക്കെതിരായ നിർണായക ലോകകപ്പ് മത്സരത്തിൽ 274 റൺസിന്റെ വിജയലക്ഷ്യമുയർത്തി ന്യൂസീലൻഡ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് 273 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഒരുഘട്ടത്തിൽ 300 കടക്കുമെന്ന് തോന്നിച്ച കിവീസ് സ്‌കോർ ഡെത്ത് ഓവറുകളിലെ ബൗളിങ് മികവിൽ ഇന്ത്യ 273 റൺസിലൊതുക്കുകയായിരുന്നു. ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമി ലോകകപ്പിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റെടുത്തു.

മിച്ചെലിന്റെ സെഞ്ചുറിയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ചുറിയുമാണ് കിവീസിനെ 273-ൽ എത്തിച്ചത്. മോശം തുടക്കത്തിൽ നിന്ന് കിവീസിനെ കരകയറ്റിയതും ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ്. മിച്ചെൽ 127 പന്തിൽ നിന്ന് അഞ്ച് സിക്സും ഒമ്പത് ഫോറുമടക്കം 130 റൺസെടുത്തു. 87 പന്തുകൾ നേരിട്ട രചിൻ ഒരു സിക്സും ആറ് ഫോറുമടക്കം 75 റൺസ് നേടി.

ടോസിലെ ഭാഗ്യം ഇത്തവണയും ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പമായിരുന്നു. പതിവുപോലെ രോഹിത് എതിരാളികളെ ബാറ്റിംഗിന് ക്ഷണിച്ചു. നാലാം ഓവറിൽ ഡെവോൺ കോൺവെയെ സിറാജും തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ വിൽ യങിനെ മുഹമ്മദ് ഷമിയും വീഴ്‌ത്തിയപ്പോൾ 19-2ലേക്ക് വീണ കിവീസ് പതറി. ഈ ലോകകപ്പിൽ ആദ്യമായി ടീമിൽ ഇടംനേടിയ ഷമി ആദ്യ പന്തിൽ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഷമിയുടെ രണ്ടാം ഓവറിലായിരുന്നു രചിൻ രവീന്ദ്രയെ പുറത്താക്കാൻ ലഭിച്ച സുവർണാവസരം രവീന്ദ്ര ജഡേജ കൈവിട്ടു കളഞ്ഞത്. പിന്നീട് തുടക്കത്തിൽ കരുതലെടുത്ത ഇരുവരും കുൽദീപ് യാദവിനെ കടന്നാക്രമിച്ചു.

സ്റ്റെപ്പ് ഔട്ട് ചെയ്ത് കുൽദീപിനെതിരെ തുടർച്ചയായി സിക്‌സുകൾ പറത്തിയ മിച്ചലും രചിൻ രവീന്ദ്രയും ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. ഹാർദ്ദിക്കിന് പരിക്കേറ്റതോടെ അഞ്ച് സ്‌പെഷലിസ്റ്റ് ബൗളർമാരുമായി മാത്രം ഇറങ്ങിയ ഇന്ത്യക്ക് മറ്റ് വഴികളില്ലായിരുന്നു. കുൽദീപ് പന്തെറിയാൻ എത്തുമ്പോഴൊക്കെ മിച്ചലും രചിനും ആക്രമിച്ചു. ഇതോടെ കുൽദീപിനെ നാലോവറിനുശേഷം രോഹിത്തിന് പിൻവലിക്കേണ്ടിവന്നു.

ഇരുവരും ചേർന്നെടുത്ത 159 റൺസ് കൂട്ടുകെട്ടാണ് കിവീസ് ഇന്നിങ്സിന്റെ നട്ടെല്ല്. ഒടുവിൽ 34-ാം ഓവറിൽ ഷമി തന്നെ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ടോം ലാഥമിനെ (5) നിലയുറപ്പിക്കും മുമ്പേ കുൽദീപ് യാദവ് മടക്കി. പിന്നാലെ അഞ്ചാം വിക്കറ്റിൽ മിച്ചെലിന് പിന്തുണ നൽകിയ ഗ്ലെൻ ഫിലിപ്സിനെയും കുൽദീപ് തന്നെ പുറത്താക്കി. 26 പന്തിൽ നിന്ന് 23 റൺസായിരുന്നു ഫിലിപ്സിന്റെ സമ്പാദ്യം. മാർക്ക് ചാപ്മാൻ (6), മിച്ചെൽ സാന്റ്നർ (1), മാറ്റ് ഹെൻ റി (0), ലോക്കി ഫെർഗൂസൻ (1) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ.

ക്യാച്ചുകൾ നഷ്ടപ്പെടുത്തിയ ഇന്ത്യൻ ഫീൽഡർമാരുടെ മോശം പ്രകടനം കൂടിയാണ് കിവീസിനെ സഹായിച്ചത്. ഇന്നിങ്സിന്റെ തുടക്കത്തിൽ രചിൻ നൽകിയ ക്യാച്ച് രവീന്ദ്ര ജഡേജയും മിച്ചെലിന്റെ ക്യാച്ച് ബൗണ്ടറിക്കരികിൽ ജസ്പ്രീത് ബുംറയും കൈവിട്ടിരുന്നു.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റതിനാൽ ഇന്ത്യൻ ഉപനായകനും ഓൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യയും ശാർദുൽ താക്കൂറും ടീമിലില്ല. ഇതോടെ സൂര്യകുമാർ യാദവും മുഹമ്മദ് ഷമിയും ടീമിലിടം കണ്ടെത്തി. ന്യൂസിലൻഡ് ടീമിൽ മാറ്റമില്ല.