ധരംശാല: ഏകദിന ലോകകപ്പിലെ ന്യൂസീലൻഡിനെതിരായ നിർണായക മത്സരത്തിൽ റെക്കോഡ് ബുക്കിൽ ഇടംപിടിച്ച് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും പേസർ മുഹമ്മദ് ഷമിയും. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് ഗില്ലിന് സ്വന്തമായിരിക്കുന്നത്. ഇതോടൊപ്പം ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഗില്ലിന്റെ പേരിലായി.

ഏകദിനത്തിലെ 38-ാം ഇന്നിങ്സിലാണ് ഗിൽ ഈ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്. 40 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഗിൽ തിരുത്തിയത്. അംല 12 വർഷം കൈയടക്കിവെച്ചിരുന്ന റെക്കോഡാണ് ഗിൽ സ്വന്തമാക്കിയിരിക്കുന്നത്. 2011 ജനുവരി 21-ന് പോർട്ട് എലിസബത്തിലെ സെന്റ് ജോർജ് പാർക്കിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിലായിരുന്നു അംല 2000 റൺസ് തികച്ചത്.

ഗില്ലാകട്ടെ ധരംശാലയിൽ ന്യൂസീലൻഡിനെതിരേ വ്യക്തിഗത സ്‌കോർ 14-ൽ എത്തിയപ്പോഴാണ് ഈ റെക്കോഡ് മറികടന്നത്. മത്സരത്തിൽ 31 പന്തുകൾ നേരിട്ട ഗിൽ 26 റൺസെടുത്ത് പുറത്തായി. സഹീർ അബ്ബാസ് (45 ഇന്നിങ്സുകൾ), കെവിൻ പീറ്റേഴ്സൺ (45), ബാബർ അസം (45), റാസ്സി വാൻഡെർ ദസ്സൻ (45) എന്നിവരെയെല്ലാം ഗിൽ പിന്നിലാക്കി. ഈ വർഷം ഇതുവരെ 23 ഏകദിനങ്ങളിൽ നിന്നായി 66.25 ശരാശരിയിൽ 1325 റൺസ് ഗിൽ നേടിയിട്ടുണ്ട്. അഞ്ച് സെഞ്ചുറിയും ആറ് അർധ സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയും അടക്കമാണിത്.

ഇതോടൊപ്പം ശിഖർ ധവാനെ മറികടന്ന് ഏകദിനത്തിൽ വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരമാകുകയും ചെയ്തു ഗിൽ. 48 ഇന്നിങ്സുകളിൽ നിന്നായിരുന്നു ധവാന്റെ നേട്ടം. 2014 നവംബർ ഒമ്പതിന് ഹൈദരാബാദിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലായിരുന്നു ധവാന്റെ നേട്ടം.

ധരംശാലയിൽ ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ അത്യപൂർവ റെക്കോർഡാണ് മുഹമ്മദ് ഷമി സ്വന്തമാക്കിയത്. രണ്ട് ലോകകപ്പുകളിൽ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. ഷമിക്ക് മുമ്പ് എട്ട് ബൗളർമാരാണ് രണ്ട് ഏകദിന ലോകകപ്പുകളിൽ ഒറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയത്. 2019ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഷമിയുടെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം.

ഷാർദുൽ താക്കൂറിന് പകരം അഞ്ചാം മത്സരത്തിൽ ടീമിൽ ഇടം പിടിച്ച ഷമി ആദ്യ പന്തിൽ തന്നെ വിൽ യങ്ങിന്റെ കുറ്റി തെറിപ്പിച്ചാണ് തുടങ്ങിയത്. ശേഷം നാല് ന്യൂസിലാൻഡ് ബാറ്റർമാർ കൂടി ഷമിക്ക് ഇരയായി. പത്തോവറിൽ 54 റൺസ് വഴങ്ങി വീഴ്‌ത്തിയത് അഞ്ച് വിക്കറ്റ്. ഇതോടെ വൻ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ന്യൂസിലാൻഡ് ഇന്നിങ്‌സ് 273 റൺസിൽ ഒതുങ്ങി.

ലോകകപ്പിൽ ഏഴാം തവണയാണ് ഒരു ഇന്ത്യൻ ബൗളർ അഞ്ച് വിക്കറ്റ് നേടുന്നത്. 2019, 2023 ലോകകപ്പുകളിൽ ഷമി അഞ്ച് വിക്കറ്റ് കൊയ്തപ്പോൾ കപിൽ ദേവ് (1983), വെങ്കടേഷ് പ്രസാദ് (1999), റോബിൻ സിങ് (1999), ആശിഷ് നെഹ്‌റ (2003), യുവരാജ് സിങ് (2011) എന്നിവരായിരുന്നു മുൻഗാമികൾ. ലോകകപ്പിൽ അഞ്ചാം തവണയാണ് താരം നാല് വിക്കറ്റിൽ കൂടുതൽ വീഴ്‌ത്തുന്നത്. ആറ് തവണ ഈ നേട്ടം സ്വന്തമാക്കിയ ആസ്‌ട്രേലിയയുടെ മിച്ചൽ സ്റ്റാർക് മാത്രമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്.

ലോകകപ്പിൽ ഇന്ത്യക്കായി ഇതുവരെ 36 വിക്കറ്റ് വീഴ്‌ത്തിയ ഷമി വിക്കറ്റ് വേട്ടയിൽ അനിൽ കുംബ്ലെയെ മറികടന്ന് മൂന്നാമതെത്തുകയും ചെയ്തു. 31 വിക്കറ്റുകളായിരുന്നു കുംബ്ലെയുടെ സമ്പാദ്യം. 44 വിക്കറ്റുകൾ വീതം നേടിയ ജവഗൽ ശ്രീനാഥും സഹീർ ഖാനും മാത്രമാണ് ഇനി താരത്തിന് മുന്നിലുള്ളത്.

തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഷമിയെ ഇതുവരെ പുറത്തിരുത്തി ഷാർദുൽ താക്കൂറിന് അവസരം നൽകിയത് എന്തിനെന്ന ചോദ്യവുമായി ക്രിക്കറ്റ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുകയാണ്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങിയപ്പോൾ ഇന്ത്യ മൂന്ന് സ്പിന്നർമാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇറങ്ങിയത്.

ചെന്നൈയിലെ പിച്ച് സ്പിന്നർമാരെ തുണക്കുന്നതാണെന്നതിനാൽ ഈ തീരുമാനത്തിന് ന്യായീകരണമുണ്ടായിരുന്നു. പേസർമാരായി ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് അന്ന് കളിച്ചത്. കൂടെ ഹാർദിക് പാണ്ഡ്യയും ഉണ്ടായിരുന്നു. എന്നാൽ ഡൽഹിയിൽ അഫ്ഗാനിസ്ഥാനെതിരെ നടന്ന രണ്ടാം മത്സരത്തിലും അഹ്‌മദാബാദിൽ പാക്കിസ്ഥാനെതിരെ നടന്ന മൂന്നാം മത്സരത്തിലും പുണെയിൽ ബംഗ്ലാദേശിനെതിരായ നാലാം മത്സരത്തിലും ടീം മാനേജ്‌മെന്റ് അശ്വിനെ പുറത്തിരുത്തിയപ്പോൾ പകരം പ്ലേയിങ് ഇലവനിൽ എത്തിയത് ഷാർദുൽ താക്കൂറായിരുന്നു. പല മുൻ താരങ്ങളും ഷമിക്ക് അവസരം നൽകാത്തതിനെതിരെ രംഗത്തെത്തിയിരുന്നു.

ഡാറിൽ മിച്ചലിന്റെ ഉജ്വല സെഞ്ച്വറിയുടെയും രചിൻ രവീന്ദ്രയുടെ അർധ സെഞ്ച്വറിയുടെയും മികവിൽ ന്യൂസിലാൻഡ് 274 റൺസ്, വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നിൽ വെച്ചത്.