കാബൂൾ: ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ ആരാധകർക്ക് എക്കാലവും ഓർത്തിരിക്കാൻ പോന്ന വിജയഗാഥയാണ് ഹഷ്മത്തുല്ല ഷഹിദിയും സംഘവും ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ കുറിച്ചത്. ഏകദിന ലോകകപ്പിൽ ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാനെ തോൽപ്പിക്കുന്നത്. എട്ട് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 282 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാൻ 49 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർമാരായ റഹ്‌മാനുല്ല ഗുർബാസും (53 പന്തിൽ 65) ഇബ്രാഹിം സാദ്രാനും (113 പന്തിൽ 87) നൽകിയ മികച്ച തുടക്കമാണ് അഫ്ഗാനിസ്ഥാനു കരുത്തായത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 130 റൺസാണ് കൂട്ടിച്ചേർത്തത്. ഇവർ നൽകിയ മികച്ച അടിത്തറയിൽ പിന്നീടെത്തിയ റഹ്‌മത്ത് ഷായും (84 പന്തിൽ 77), ക്യാപ്റ്റൻ ഹഷ്മത്തുല്ല ഷഹിദിയും (45 പന്തിൽ 48) മികച്ച ഇന്നിങ്‌സ് കെട്ടിപ്പടുത്തതോടെ അഫ്ഗാൻ ജയം ഉറപ്പിക്കുകയായിരുന്നു.

കരുത്തരായ പാക്ക് ബോളിങ് പടയെ ക്യാപ്റ്റൻ ബാബർ അസം മാറ്റിമാറ്റി പരീക്ഷിച്ചെങ്കിലും വിക്കറ്റ് വീഴ്‌ത്താനുമായില്ല. 22ാം ഓവറിലാണ് പാക്കിസ്ഥാന് ആദ്യ വിക്കറ്റ് കിട്ടുന്നത്. ഷഹീൻ അഫ്രീദി, റഹ്‌മാനുല്ല ഗുർബാസിനെ ഉസാമ മിറിന്റെ കൈകകളിൽ എത്തിക്കുകയായിരുന്നു. 34ാം ഓവറിൽ ഹസൻ അലി, സാദ്രാനെയും മടക്കി. എന്നാൽ പിന്നീടെത്തിയ ഷായും ഷഹിദിയും നിലയുറപ്പിച്ചതോടെ പാക്കിസ്ഥാൻ ജയം കൈവിട്ടു.

പാക്കിസ്ഥാന്റെ ഫീൽഡിങ് പിഴവുകളും ബോളിങ് പാളിച്ചകളുമല്ലാം അഫ്ഗാൻ വിജയത്തിനു കാരണമായി. ലോകകപ്പിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയമാണ് ഇത്. നേരത്തെ നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ അവർ അട്ടിമറിച്ചിരുന്നു. ഇതോടെ നാലു പോയിന്റുമായി അവസാന സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേയ്ക്ക് അഫ്ഗാൻ കുതിച്ചു. തുടർച്ചയായ മൂന്നു തോൽവി വഴങ്ങിയ പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്താണ്. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് അവരുടെ അടുത്ത മത്സരം. ശ്രീലങ്കയ്ക്കെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം.

അഫ്ഗാനിസ്ഥാന്റെ ചരിത്രം ജയം കാബൂളിലേയും കാണ്ഡഹാറിലേയും തെരുവുകൾ ആഘോഷിക്കുകയാണ്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കരിമരുന്ന് പ്രയോഗവും മറ്റും നടക്കുന്നുണ്ട്. അതോടൊപ്പം തുടർച്ചയായി ആകാശത്തേക്ക് നിറയൊഴിച്ചും വെടിയുതിർത്തും ആരാധകർ ആഘോഷം നടത്തുന്നു. എക്സിൽ (മുമ്പ് ട്വിറ്റർ) പ്രചരിക്കുന്ന ചില ദൃശ്യങ്ങൾ കാണാം...

മുൻ ഇന്ത്യൻ താരവും കമന്റേറുമായ ഇർഫാൻ പത്താനും നേരത്തെ അഫ്ഗാന്റെ വിജയം ആഘോഷിച്ചിരുന്നു. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാനൊപ്പം നൃത്തം ചെയ്താണ് ഇർഫാൻ, പാക്കിസ്ഥാന്റെ തോൽവി ആഘോഷമാക്കിയത്. അടുത്തിടെ പാക്കിസ്ഥാനിൽ വെച്ച് ഇന്ത്യൻ താരങ്ങൾക്കുണ്ടായ മോശം അനുഭവം ഇർഫാൻ പങ്കുവച്ചിരുന്നു. ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യൻ കാണികളിൽ നിന്നുള്ള മോശം പെരുമാറ്റത്തിന് പാക്കിസ്ഥാൻ ടീം മാനേജ്മെന്റ് ഐസിസിക്ക് പരാതി നൽകിയതിന് പിന്നാലെയായിരുന്നു പത്താന്റെ പോസ്റ്റ്.

പെഷവാറിൽ പാക്കിസ്ഥാനെതിരെ കളിക്കുമ്പോൾ കാണികളിലൊരാൾ തനിക്ക് നേരെ ഇരുമ്പാണി എറിഞ്ഞുവെന്നും അത് തന്റെ മുഖത്തുകൊണ്ടുവെന്നും ഇർഫാൻ പറയുന്നു. ഇപ്പോൾ പാക്കിസ്ഥാന്റെ തോൽവി താരം ആഘോഷമാക്കുകയും ചെയ്തു.

74 റൺസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമായിരുന്നു ടോപ് സ്‌കോറർ. അബ്ദുള്ള ഷെഫീഖ് (58) തിളങ്ങി. ഷദാബ് ഖാൻ (40), ഇഫ്തിഖർ അഹമ്മദ് (40) എന്നിവരുടെ സംഭാവന നിർണായകമായി. നൂർ അഹമ്മദ് മൂന്ന് വിക്കറ്റെടുത്തിരുന്നു. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാൻ 49 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഇബ്രാഹി സദ്രാൻ (87), റഹ്‌മാനുള്ള ഗുർബാസ് (65), റഹ്‌മത്ത് ഷാ (77), ഹഷ്മതുള്ള ഷഹീദി (48) എന്നിവരുടെ ഇന്നിങ്സുകളാണ് അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചത്.