ചെന്നൈ: ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് പിന്നാലെ പാക്കിസ്ഥാനെയും കീഴടക്കി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഇത്തവണ സെമി ഫൈനലിലേക്ക് കണ്ണുനട്ടുവന്ന പല വൻ ടീമുകളുടെ വഴിമുടക്കാൻ കെൽപ്പുണ്ടെന്ന് ഇതിനകം അഫ്ഗാൻ തെളിയിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്‌ച്ച ഇംഗ്ലണ്ടിനെ തകർത്ത അഫ്ഗാന നിര ഇന്നലെ പാകിസ്ഥനെ തീർത്തു. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ എട്ട് വിക്കറ്റിന്റെ ആധികാരക ജയമാണ് അഫ്ഗാൻ സ്വന്തമാക്കിയത്. സകല മേഖലകളിലും മുൻ ലോക ചാംപ്യന്മാരായ പാക്കിസ്ഥാനെ പിന്തള്ളാൻ അഫ്ഗാനായി.

തീർച്ചയായും തങ്ങളെ പിന്തുണച്ച കാണികളോടും സപ്പോർട്ടിനും സ്റ്റാഫിനോടും താരങ്ങളോടും ടീം കടപ്പെട്ടിരിക്കും. അതിന്റെ കൂടെ എടുത്തുപറയേണ്ടത് പാതി മലയാളിയായ ടീം മെന്ററുടെ കൂടെ പേരാണ്. അജയ് ജഡേജ! മുൻ ഇന്ത്യൻ താരമായ അജയ് ജഡേജ ലോകകപ്പിന് തൊട്ടുമുമ്പാണ് അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ മെന്ററായി ചുമതലയേൽക്കുന്നത്. അതിനുള്ള ഗുണവും അവർക്ക് ലഭിച്ചു. ഇപ്പോൾ ജഡേജയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുയാണ് മുൻ താരങ്ങൾ. സച്ചിൻ ടെൻഡുൽക്കർ, ഷൊയ്ബ് അക്തർ, ഷൊയ്ബ് മാലിക്ക് എന്നിവരെല്ലാം ജഡേജയെ കുറിച്ചാണ് സംസാരിക്കുന്നത്.

അഫ്ഗാന്റേത് ഗംഭീര പ്രകടനമാണെന്നും ബാറ്റിംഗിൽ അച്ചടക്കം കാണിക്കാൻ അവർക്കായെന്നുമാണ് സച്ചിൻ പറയുന്നത്. വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും അവർ മികവ് പുലർത്തി. പുതിയ അഫ്ഗാൻ ക്രിക്കറ്റിന്റെ ഉദയമാണിതെന്നാണ് സച്ചിന്റെ അഭിപ്രായം. ഇക്കാര്യത്തിൽ അജയ് ജഡേജയുടെ സ്വാധീനം വലുതാണെണ് സച്ചിൻ അഭിപ്രായപ്പെടുന്നു. 

ക്രിക്കറ്റിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ള വ്യക്തിയാണ് ജഡേജയെന്നാണ് മാലിക്ക് പറയുന്നത്. ജഡേജയുടെ പരിചയസമ്പത്ത് തീർച്ചയായും അഫ്ഗാൻ ക്രിക്കറ്റിനെ സഹായിച്ചുവെന്ന് മാലിക്ക് കൂട്ടിചേർത്തു. അക്തറിനും ഇതേ അഭിപ്രായമാണ്. കോച്ച് ജോനതാൻ ട്രോട്ടിനൊപ്പം ജഡജേ കൂടി ചേർന്നപ്പോൾ അവർക്ക് കാര്യങ്ങൾ എളുപ്പമായെന്നും അഫ്ഗാൻ വിജയം അർഹിച്ചിരുന്നുവെന്നും അക്തർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ക്രിക്കറ്റിൽ അധികം വാഴ്‌ത്തപ്പെടാതെ പോയ മിന്നും താരങ്ങളിൽ ഒരാളാണ് സ്റ്റൈലിഷ് ബാറ്ററും തകർപ്പൻ ഫീൽഡറുമായ അജയ് ജഡേജ. ദേശീയ ടീമിനു വേണ്ടി പല മാച്ച് വിന്നിങ് പ്രകടനങ്ങളും താരം കാഴ്ചവച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നാണ് 1996ലെ ലോകകപ്പിൽ ചിരവൈരികളായ പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ കണ്ടത്.

ബെംഗളൂരുവിൽ വച്ചായിരുന്നു അന്നു ക്വാർട്ടറിൽ മുഹമ്മദ് അസ്ഹറുദ്ദീൻ നയിച്ച ഇന്ത്യയും ആമിർ സൊഹൈൽ നയിച്ച പാക്കിസ്ഥാനും തമ്മിൽ കൊമ്പുകോർത്തത്. ഇന്ത്യ 39 റൺസിന്റെ വിജയം കൊയ്ത മൽസരത്തിൽ വെടിക്കെട്ട് ഇന്നിങ്സായിരുന്നു ആറാം നമ്പറിൽ ഇറങ്ങിയ ജഡേജ കാഴ്ചവച്ചത്. താരത്തിന്റെ ഇന്നിങ്സ് മൽസരഫലത്തിൽ നിർണായകമാവുകയും ചെയ്തു.

ഓപ്പണിങിൽ തുടർച്ചയായി പരാജയപ്പെട്ടതോടെ ജഡേജയെ ഇന്ത്യ ഫിനിഷറുടെ റോളിലേക്കു മാറ്റുകയായിരുന്നു. ഇവിടെ മിന്നുന്ന പ്രകടനം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു. സിംബാബ്വെയുമായുള്ള അവസാന ലീഗ് മാച്ചിൽ 27 ബോളിൽ 44 റൺസെടുത്ത ശേഷമായിരുന്നു പാക്കിസ്ഥാനെതിരേയും ജഡേജ മറ്റൊരു തകർപ്പൻ ഇന്നിങ്സ് കളിച്ചത്.

ഓപ്പണർ നവ്ജ്യോത് സിങിന്റെ (93) ഇന്നിങ്സ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച അടിത്തറയിടാൻ സഹായിച്ചിരുന്നു. പക്ഷെ മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിച്ചതു പോലെയുള്ള പ്രകടനം ലഭിച്ചില്ല. ഒടുവിൽ ടീമിനെ ഒരു വിന്നിങ് ടോട്ടലിൽ എത്തിക്കേണ്ട ചുമതല അവസാന അംഗീകൃത ബാറ്റിങ് ജോടികളായ അജയ് ജഡേജ, വിനോദ് കാംബ്ലി എന്നിവരിലേക്കു വരികയും ചെയ്തു.

കാംബ്ലി ഒരു ബൗണ്ടറി പോലുമില്ലാതെ 26 ബോൽ 24 റൺസെടുത്ത് മടങ്ങി. അതുവരെ ആങ്കറുടെ റോളിൽ കളിച്ച ജഡേജ തുടർന്നാണ് ഗിയർ മാറ്റിയത്. ഇതിനിടെ നയൻ മോംഗിയയുടെ (3) റണ്ണൗട്ടും സംഭവിച്ചതോടെ ജഡേയജയുടെ ഉത്തരവാദിത്വം കൂടി. ഇന്ത്യ അപ്പോൾ ആറിന് 236 റൺസെന്ന നിലയിലായിരുന്നു.

ഇന്ത്യൻ ഇന്നിങ്സിൽ മൂന്നോവറുകൾ ബാക്കിനിൽക്കെ സ്‌കോർ ബോർഡിലുള്ളത് ആറു വിക്കറ്റിനു 237 റൺസ്. അജയ് ജഡേജ്ക്കു കൂട്ടായി ക്രീസിലുള്ളത് സ്പിന്നർ അനിൽ കുംബ്ലെ. അവസാന രണ്ടോവറിൽ രണ്ടെണ്ണം വഖാർ യൂനിസിനും ഒന്ന് അക്വിബ് ജാവേദിനുമായിരുന്നു. 48ാം ഓവർ ബൗൾ ചെയ്യാനെത്തിയത് യൂനിസായിരുന്നു.

ജഡേജയുടെ ബാറ്റിങ് ഷോയായിരുന്നു ഈ ഓവവറിൽ കണ്ടത്. 22 റൺസ് ഈ ഓവറിൽ ഇന്ത്യ വാരിക്കൂട്ടി. കുംബ്ലെ രണ്ടു ഫോറടിച്ചപ്പോൾ ജഡേജ ഓരോ ബൗണ്ടറിയും സിക്സറും പറത്തി. ഓവറിലെ അവസാന രണ്ടു ബോളിലായിരുന്നു ഫോറും സിക്സറും.

50ാം ഓവറിൽ വഖാർ യൂനിസ് വീണ്ടും ബൗൾ ചെയ്യാനെത്തിയപ്പോഴും അജയ് ജഡേജ വെറുതെ വിട്ടില്ല. ആദ്യ ബോളിൽ ഫോറടിച്ചാണ് അദ്ദേഹം പാക് പേസറെ വരവേറ്റത്. തൊട്ടടുത്ത ബോളിൽ ലോങ് ഓണിലൂടെ സിക്സർ. അടുത്ത ബോളിൽ ജഡേജ മടങ്ങിയെങ്കിലും അപ്പോഴേക്കും ഇന്ത്യ മികച്ച സ്‌കോർ ഉറപ്പിച്ചിരുന്നു.

25 ബോളിൽ നാലു ഫോറും രണ്ടു സിക്സറുമടക്കം 45 റൺസാണ് അദ്ദേഹം നേടിയത്. ഇന്ത്യ 50 ഓവറിൽ എട്ടു വിക്കറ്റിനു 287 റൺസെടുക്കുകയും ചെയ്തു. റൺചേസിൽ പാക് ലക്ഷ്യം 49 ഓവറിൽ 288 റൺസാക്കി പുനർനിശ്ചയിച്ചിരുന്നു. പക്ഷെ അവർക്കു ഒമ്പതു വിക്കറ്റിനു 248 റൺസ് നേടാനേ ആയുള്ളൂ. ഇന്ത്യ സെമിയിലേക്ക് കുതിച്ചത് ജഡേജയുടെ മിന്നുന്ന ബാറ്റിങ് മികവിലായിരുന്നു.