- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെ ഡ്രസ്സിങ് റൂമിൽവെച്ച് ബാബർ അസം പൊട്ടിക്കരഞ്ഞു; ടീമിനെ സഹായിക്കാൻ മുൻ താരങ്ങളുടെ സഹായം തേടി പിസിബി; പാക് ക്രിക്കറ്റ് രക്ഷപ്പെടണമെങ്കിൽ ഈ ലോകകപ്പിൽ ഒരു കളിയും ജയിക്കരുതെന്ന് കമ്രാൻ അക്മൽ
കറാച്ചി: ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തോൽവി വഴങ്ങിയതിന് പിന്നാലെ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഡ്രസ്സിങ് റൂമിൽവെച്ച് പൊട്ടിക്കരഞ്ഞുവെന്ന് വെളിപ്പെടുത്തി മുൻ നായകൻ മുഹമ്മദ് യൂസുഫ്. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബാബർ പൊട്ടിക്കരഞ്ഞ കാര്യം യൂസുഫ് വെളിപ്പെടുത്തിയത്. അഫ്ഗാനെതിരായ തോൽവിക്ക് ശേഷം ബാബർ കരയുന്നത് കേട്ടുവെന്നും എന്നാൽ തോൽവിയിൽ ബാബറിനെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നും യൂസുഫ് പ്രതികരിച്ചു.
തോൽവിക്ക് കാരണം ബാബറിന്റെ മാത്രം പിഴവല്ല, ടീം ഒന്നാകെയും മാനേജ്‌മെന്റും അതിന് ഉത്തരവാദികളാണ്. ഈ വിഷമഘട്ടത്തിൽ ഞങ്ങൾ ബാബറിനൊപ്പമുണ്ട്. രാജ്യം മുഴുവൻ ബാബറിന്റെ കൂടെയുണ്ടെന്നും മുഹമ്മദ് യൂസുഫ് പറഞ്ഞു. അഫ്ഗാനെതിരായ തോൽവിക്ക് ശേഷം ഇത് കൂടുതൽ വേദനിപ്പിക്കുന്ന തോൽവിയാണെന്ന് ബാബർ പറഞ്ഞിരുന്നു. ഈ തോൽവിയിൽ നിന്ന് ടീം പാഠം പഠിക്കുമെന്നാണ് കരുതുന്നതെന്നും വരും മത്സരങ്ങളിൽ വ്യത്യസ്ത പ്ലാൻ കൊണ്ടുവരുമെന്നും ബാബർ പറഞ്ഞിരുന്നു.
ഇതിനിടെ ടീമിനെ സഹായിക്കാനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻതാരങ്ങളുടെ സഹായം തേടി. മൂന്ന് തുടർ തോൽവികളിൽ വശംകെട്ട് പാക്കിസ്ഥാൻ ടീമിനെതിരെ മുൻതാരങ്ങൾ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. ദിവസവും എട്ട് കിലോ ആട്ടിറച്ച് കഴിക്കുന്ന ടീമിൽ ഫിറ്റ്‌നസില്ലാത്ത താരങ്ങളുണ്ടെന്ന് വസീം അക്രം വിമർശിച്ചപ്പോൾ ബാബറിന്റെ നേതൃപാഠവത്തെ വിമർശിച്ചവരുടെ കൂട്ടത്തിൽ മുൻനായകന്മാരായ ഷുയൈബ് മാലിക്കും മോയിൻ ഖാനുമുണ്ടായിരുന്നു.
പാക് ക്രിക്കറ്റിന് എന്തെങ്കിലും പുരോഗതി ഉണ്ടാകണമെങ്കിൽ ലോകകപ്പിൽ പാക്കിസ്ഥാൻ ഇനി ഒരു മത്സരവും ജയിക്കരുതെന്നായിരുന്നു മുൻ താരം കമ്രാൻ അക്മൽ സ്വകാര്യ വാർത്താ ചനലിനോട് പറഞ്ഞത്. പാക്കിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടണമെങ്കിൽ ഈ ലോകകപ്പിൽ പാക്കിസ്ഥാൻ ഇനി ഒരു കളിയും ജയിക്കരുത്. കാരണം, ഇനി ജയിച്ചാൽ അവർ വീണ്ടും പഴയ തെറ്റകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുമെന്നും കമ്രാൻ വ്യക്തമാക്കി. എന്നാൽ പാക് ടീം തോൽക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് അവതാരകൻ പറഞ്ഞപ്പോൾ തോൽക്കുന്നതിനുവേണ്ടിയല്ല, അവരുടെ ഇഗോ കുറക്കാനാണ് താൻ ഇതു പറയുന്നതെന്നും കമ്രാൻ അക്മൽ പറഞ്ഞു.
തുടർ തോൽവികളുടെ പേരിൽ പാക്കിസ്ഥാൻ ടീമിനെതിരെ മുൻ താരങ്ങളെല്ലാം രൂക്ഷ വിമർശനമാണ് ഉയർത്തുന്നത്. മുൻ താരങ്ങളിൽ പലരും ബാബർ അസമിനെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കണമെന്നും പകരം മുഹമ്മദ് റിസ്വാനെയെ ഷഹീൻ ഷാ അഫ്രീദിയെയോ ക്യാപ്റ്റനാക്കണമെന്നും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ബാബറിന്റെ തന്ത്രപരമായ പിഴവുകളും മുൻ താരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. കളിയുടെ അവസാന ഘട്ടത്തിൽ ഹസൻ അലിക്ക് റിവേഴ്‌സ് സ്വിങ് കിട്ടിക്കൊണ്ടിരുന്നപ്പോൾ മറുവശത്ത് സ്പിന്നറെക്കൊണ്ട് പന്തെറിയിപ്പിച്ച ബാബറിന്റെ തീരുമാനത്തിനെതിരെ മുൻ നായകൻ റമീസ് രാജയും രംഗത്തെത്തിയിരുന്നു.
ലോകകപ്പിലെ ആദ്യ രണ്ട് കളികളും ജയിച്ചു തുടങ്ങിയ പാക്കിസ്ഥാൻ 14ന് അഹമ്മദാബാദിൽ ഇന്ത്യക്കെതിരായ മത്സരം തോറ്റതോടെയാണ് തുടർതോൽവികളിലേക്ക് വീണത്. അടുത്ത മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റ പാക്കിസ്ഥാൻ അവസാന മത്സരത്തിൽ അഫ്ഗാനോടും കനത്ത തോൽവി വഴങ്ങി. വെള്ളിയാഴ്ച ചെന്നൈയിൽ മിന്നുംഫോമിലുള്ള ദക്ഷിണാഫ്രിക്കയാണ് പാക്കിസ്ഥാന്റെ അടുത്ത എതിരാളികൾ.
മുതിർന്ന താരങ്ങളായ ഷദാബ് ഖാൻ, മുഹമ്മദ് റിസ്‌വാൻ എന്നിവരുമായി ബാബറിന് ഇഷ്ടക്കേടുണ്ടെന്ന മുൻ താരം ഉമർ ഗുലിന്റെ പ്രതികരണം ടീമിനകത്ത് പൊരുത്തക്കേടുകൾ ഉണ്ടെന്ന് വ്യക്തമായ സൂചനയായി. വിമർശനം ശക്തമാവുന്നതിനിടെയാണ് പാക് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ സാകാ അഷ്‌റഫ് മുഖ്യസെലക്ടർ ഇൻസമാമുൽ ഹഖിനേയും മുൻതാരങ്ങളായ അക്വിബ് ജാവേദിനേയും മുഹമ്മദ് യൂസുഫിനേയും നേരിൽ കണ്ട് സഹായം തേടിയത്. വസീം അക്രം, വഖാർ യൂനിസ്, സഖ്‌ലൈൻ മുഷ്താഖ്, ഉമർ ഗുൽ എന്നിവരുടെയും സഹായം തേടാനാണ് സാകാ അഷ്‌റഫിന്റെ തീരുമാനം. വലിയ പ്രതിസന്ധിയിൽ നിന്ന് പാക്കിസ്ഥാനെ പെട്ടെന്ന് കരകയറ്റുകയാണ് പിസിബിയുടെ ലക്ഷ്യം.
സ്പോർട്സ് ഡെസ്ക്