ഡൽഹി: ലോകകപ്പിൽ ആറാം സെഞ്ചുറിയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡിനൊപ്പമെത്തി ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. ബുധനാഴ്ച നെതർലൻഡ്സിനെതിരായ മത്സരത്തിലായിരുന്നു വാർണറുടെ ആറാം ലോകകപ്പ് സെഞ്ചുറി. ഏഴ് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മാത്രമാണ് വാർണർക്ക് ഇനി മുന്നിലുള്ളത്.

ഇത്തവണത്തെ ടൂർണമെന്റിൽ വാർണറുടെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ പാക്കിസ്ഥാനെതിരായ മത്സരത്തിലും വാർണർ സെഞ്ചുറി (163) നേടിയിരുന്നു. മോശം ഫോമിനെ തുടർന്ന് ലോകകപ്പ് ടീമിൽ പോലും ഒരുവേള ഇടം ലഭിച്ചേക്കില്ലെന്ന ഘട്ടത്തിൽ നിന്നാണ് ഇത്തവണ മിന്നുന്ന ഫോമിലേക്കുള്ള വാർണറുടെ തിരിച്ചുവരവ്.

വാർണറുടെ കരിയറിലെ 22-ാം ഏകദിന സെഞ്ചുറിയാണ് നെതർലൻഡിസിനെതിരേ ഡൽഹിയിൽ പിറന്നത്. 153-ാം ഏകദിന ഇന്നിങ്സിൽ 22-ാം സെഞ്ചുറി നേടിയ വാർണർ ഹാഷിം അംലയ്ക്കും വിരാട് കോലിക്കും ശേഷം ഏറ്റവും കുറവ് ഇന്നിങ്സുകളിൽ 22 ഏകദിന സെഞ്ചുറികൾ നേടുന്ന താരമായി.

40 പന്തിൽ അർധസെഞ്ചുറി തികച്ച താരം 91-ാം പന്തിൽ ഒരു ബൗണ്ടറിയോടെ സെഞ്ചുറിയിലേക്കെത്തി. 93 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും 11 ഫോറുമടക്കം 104 റൺസെടുത്തു.

ഇതോടൊപ്പം ഇത്തവണത്തെ ലോകകപ്പിൽ അഞ്ച് കളികളിൽ നിന്ന് 332 റൺസ് നേടിയ വാർണർ റൺവേട്ടക്കാരിൽ ക്വിന്റൺ ഡിക്കോക്കിനും വിരാട് കോലിക്കും പിന്നാലെ മൂന്നാം സ്ഥാനത്തെത്തി.