ബെംഗളൂരു: ഇംഗ്ലണ്ടിൽ നടന്ന 2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കിരീട സ്വപ്നങ്ങൾ സെമി ഫൈനലിൽ പൊലിഞ്ഞത് ഒരു റണ്ണൗട്ടിന്റെ രൂപത്തിലായിരുന്നു. എം എസ് ധോണിയുടെ പുറത്താകലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകളെ തകിടംമറിച്ചത്. മത്സരത്തിനു ശേഷം എം.എസ്. ധോണി ഡ്രസിങ് റൂമിൽവച്ച് കരഞ്ഞതായി ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്ന സഞ്ജയ് ബംഗാർ വെളിപ്പെടുത്തിയിരുന്നു. ആ വെളിപ്പെടുത്തലിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ.

ലോകകപ്പിലെ ആദ്യ സെമിയിൽ ന്യൂസിലൻഡിനെതിരെ വിജയത്തിനായി പൊരുതുകയായിരുന്നു ഇന്ത്യ. അവസാന രണ്ടോവറിൽ ജയത്തിലേക്ക് വേണ്ടത് 31 റൺസ്. 43 റൺസുമായി ക്രീസിൽ നിന്ന ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായ എം എസ് ധോണിയിലായിരുന്നു എല്ലാ പ്രതീക്ഷയും.

ലോക്കി ഫെർഗൂസൻ എറിഞ്ഞ 49-ാം ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സിന് പറത്തിയതോടെ ഇന്ത്യയുടെ ആവേശം ഇരട്ടിച്ചു. അടുത്ത പന്തിൽ റണ്ണില്ല. മൂന്നാം പന്തിൽ സ്‌ക്വയർ ലെഗ്ഗിലേക്ക് അടിച്ച പന്തിൽ രണ്ടാം റണ്ണിനായുള്ള ധോണിയുടെ ശ്രമം. ഇഞ്ചുകളുടെ വ്യത്യാസത്തിൽ മാർട്ടിൻ ഗപ്ടിലിന്റെ ഡയറക്ട് ഹിറ്റിൽ ധോണി റണ്ണൗട്ട്. ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ അവിടെ തീർന്നു. മത്സരം ഇന്ത്യ തോറ്റത് 18 റൺസിനായിരുന്നു.

ആ റണ്ണൗട്ട് കണ്ട് ഡ്രസ്സിങ് റൂമിൽ ഹാർദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും അടക്കമുള്ള ഇന്ത്യൻ താരങ്ങൾ കുട്ടികളെ പോലെ പൊട്ടികരഞ്ഞുവെന്ന് മുൻ ഇന്ത്യൻ പരിശീലകനായിരുന്ന സഞ്ജയ് ബംഗാർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കളിക്കാരെല്ലാം ഡ്രസ്സിങ് റൂമിൽ പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ പൊട്ടിക്കരഞ്ഞു, ഔട്ടായി തിരിച്ചെത്തിയ ധോണിയും കുട്ടികളെപ്പോലെ കരയുകയായിരുന്നു. അതെല്ലാം ഡ്രസ്സിങ് റൂമിൽ മാത്രം അറിഞ്ഞ കഥകളാണെന്നായിരുന്നു ബംഗാർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞത്.

ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിനു പുറത്തേക്കു പോകാതിരുന്ന കാര്യങ്ങളാണ് ഇതെന്നായിരുന്നു സഞ്ജയ് ബംഗാറിന്റെ നിലപാട്. ധോണിയെപ്പോലെ സീനിയറായ ഒരു താരം ഇങ്ങനെ ചെയ്‌തെന്ന് ആരാധകരിൽ പലരും വിശ്വസിച്ചിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ഇന്നലെ ബെംഗളൂരുവിൽ നടന്ന പ്രമോഷണൽ പരിപാടിയിൽ ധോണിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ശ്രദ്ധേയമായിരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ വികാരങ്ങൾ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്നാണു ധോണിയുടെ പ്രതികരണം. ''വിജയത്തിന് അടുത്തെത്തി കളി തോൽക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ സാധിച്ചെന്നു വരില്ല. മത്സരങ്ങളിൽ എന്തു ചെയ്യണമെന്ന പദ്ധതികളുമായാണു ഞാൻ കളിക്കാനിറങ്ങുന്നത്.''

''ഇന്ത്യൻ ജഴ്‌സിയിൽ അത് എന്റെ അവസാന മത്സരമായിരുന്നു. ഇനി രാജ്യത്തിനു വേണ്ടി ഇറങ്ങാൻ സാധിക്കില്ലല്ലോ എന്ന സങ്കടം എനിക്കുണ്ടായിരുന്നു. ആ സമയത്ത് നമ്മൾ ഉറപ്പായും വൈകാരികമായി പ്രതികരിച്ചുപോകും.'' എം.എസ്. ധോണി ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിക്കിടെ പറഞ്ഞു. 2020 ഓഗസ്റ്റിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ചത്.

വിജയത്തിന് ഇത്രയും അടുത്തെത്തി കളി തോൽക്കുമ്പോൾ പലപ്പോഴും വികാരം അടക്കാനാവില്ലെന്ന് ധോണി പറഞ്ഞു. ഓരോ മത്സരത്തിനുമുള്ള പദ്ധതികളുമായാണ് ഞാനിറങ്ങാറുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ കുപ്പായത്തിൽ അതെന്റെ അവസാന മത്സരമായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ഞാൻ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചതെങ്കിലും ഇനിയൊരിക്കലും രാജ്യത്തിനുവേണ്ടി കളിക്കാനാവില്ലല്ലോ എന്ന ചിന്തയാണ് എന്റെ ദുഃഖം ഇരട്ടിപ്പിച്ചത്.

കാരണം, കോടിക്കണക്കിന് ആളുകളിൽ കുറച്ചുപേർക്ക് മാത്രമാണ് രാജ്യത്തെ പ്രതിനിധീകരിക്കാൻ കായിക മത്സരങ്ങളിൽ അവസരം ലഭിക്കാറുള്ളത്. അത് കോമൺവെൽത്ത് ഗെയിംസായാലും ഒളിംപിക്‌സായാലും എല്ലാം അങ്ങനെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കുവേണ്ടി ഇനി കളിക്കാനാവില്ലല്ലോ എന്നത് എന്നെ ശരിക്കും ദുഃഖത്തിലാഴ്‌ത്തി. ആ മത്സരത്തിനുശേഷവും ടീമിന്റെ ട്രെയിനർ പല പരിശീലന സാമഗ്രികളും എനിക്ക് തന്നിരുന്നു. ഞാൻ ചോദിച്ചത് ഇതൊക്കെ എനിക്ക് ഇനി എന്തിനാണെന്നാണ്. കാരണം, അപ്പോൾ വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല.

12-15 വർഷം മറ്റൊന്നും ചെയ്യാതെ രാജ്യത്തിനായി മാത്രം കളിച്ച എനിക്ക് ഇനിയതിന് കഴിയില്ലല്ലോ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ നൽകാൻ കഴിയില്ലല്ലോ എന്നെല്ലാമുള്ള ചിന്തകളായിരുന്നു അപ്പോൾ മനസിൽ. ആ സമയത്ത് തീർച്ചയായും നമ്മൾ വികാരത്തിന് അടിപ്പെടുമെന്നും ധോണി പറഞ്ഞു. പിന്നീട് ഒരു വർഷം കഴിഞ്ഞ് 2020 ഓഗസ്റ്റ് 15ന് രാത്രി 7.29നാണ് ധോണി അപ്രതീക്ഷിതമായി ഇൻസ്റ്റഗ്രാമിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്. 7.29 മുതൽ ഞാൻ വിരമിച്ചതായി കണക്കാക്കണം, ഇത്രയും കാലം നൽകിയ സ്‌നേഹത്തിനും പിന്തുണക്കും നന്ദിയെന്നതായിരുന്നു ധോണിയുടെ ട്വീറ്റ്. ധോണിക്ക് തൊട്ടുപിന്നാലെ സുരേഷ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ച് ഞെട്ടിച്ചിരുന്നു.