- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർച്ചയിൽ നിന്നും കരകയറ്റി നായകൻ രോഹിത്; രക്ഷാപ്രവർത്തനത്തിൽ കൂട്ടായി സൂര്യയും രാഹുലും; രണ്ടക്കം കാണാതെ അഞ്ച് ബാറ്റർമാർ; ഇംഗ്ലണ്ടിനെതിരെ 230 റൺസ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ
ലഖ്നൗ: ഏകദിന ലോകകപ്പിൽ തോൽവിയറിയാതെ മുന്നേറിയ ആതിഥേയരായ ഇന്ത്യയെ പിടിച്ചുകെട്ടി ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ലഖ്നൗ, ഏകനാ സ്റ്റേഡിയത്തിലെ വേഗം കുറഞ്ഞ പിച്ചിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ നേടിയത് ഒൻപത് വിക്കറ്റിന് 229 റൺസ്. മൂന്ന് വിക്കറ്റ് നേടിയ ഡേവിഡ് വില്ലി, രണ്ട് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്സ്, ആദിൽ റഷീദ് എന്നിവരാണ് പിടിച്ചുകെട്ടിയത്.
87 റൺസ് നേടിയ നായകൻ രോഹിത് ശർമയുടെ ചെറുത്തുനിൽപ്പാണ് തുടക്കത്തിലെ തകർച്ചയിൽ നിന്നും കരകയറ്റിയത്. സൂര്യകുമാർ യാദവ് (49), കെ എൽ രാഹുൽ (39) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സൂപ്പർ താരം വിരാട് കോലിയടക്കം അഞ്ച് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലഖ്നൗവിലെ പിച്ച് സ്പിന്നർമാരെ തുണക്കുമെന്നതിനാൽ ആർ അശ്വിൻ പ്ലേയിങ് ഇലവനിലെത്തുെമെന്ന് കരുതിയെങ്കിലും ഇന്ത്യ മാറ്റമൊന്നും വരുത്തിയില്ല.
സ്‌കോർ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 11.5 ഓവറിൽ 40 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വോക്സിന്റെ പന്തിൽ ഗിൽ ബൗൾഡായി. കോലിക്ക് ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. കോലിയെ റൺസെടുക്കുന്നതിന് മുമ്പ് വില്ലി മിഡ് ഓഫിൽ ബെൻ സ്റ്റോക്സിന്റെ കൈകളിലെത്തിച്ചു. 16 പന്തുകൾ നേരിട്ട ശ്രേയസ് അയ്യരും നിരാശപ്പെടുത്തി. വോക്സിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു അയ്യർ.
പിന്നാലെ നാലാം വിക്കറ്റിൽ ഒന്നിച്ച രോഹിത് - കെ.എൽ രാഹുൽ സഖ്യം ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. രോഹിത് - രാഹുൽ സഖ്യം 91 റൺസ് കൂട്ടിചേർത്തു. എന്നാൽ രാഹുലിനെ പുറത്താക്ക് വില്ലി ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നൽകി. 58 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറികളടക്കം 39 റൺസെടുത്താണ് രാഹുൽ പുറത്തായത്.
പിന്നാലെ അനാവശ്യ ഷോട്ടിന് മുതിർന്ന് രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞു. 37-ാം ഓവറിൽ എട്ടാം ലോകകപ്പ് സെഞ്ചുറിയിലേക്കടുക്കുകയായിരുന്ന രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. മൂന്ന് സിക്സും പത്ത് ഫോറും രോഹിത്തിന്റെ ഇന്നംഗ്സിലുണ്ടായിരുന്നു. റഷീദിനായിരുന്നു വിക്കറ്റ്. രവീന്ദ്ര ജഡേജ (8), മുഹമ്മദ് ഷമി നിരാശപ്പെടുത്തി. അവസാന ഓവറുകളിലെ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് സ്‌കോർ 200 കടത്തിയത്. 47 പന്തുകൾ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്തു. ജസ്പ്രിത് ബുമ്ര (16) അവസാന പന്തിൽ പുറത്തായി. കുൽദീപ് യാദവ് (9) പുറത്താവാതെ നിന്നു. ഇന്നിങ്സിലുടനീളം അഞ്ച് റൺസിൽ താഴെയായിരുന്നു ഇന്ത്യയുടെ റൺറേറ്റ്. ഭൂരിഭാഗം സമയവും നാലിൽ താഴെയും.
സ്പോർട്സ് ഡെസ്ക്