- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിലെ തുടർതോൽവികൾ! പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി; മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു; പാക് ക്രിക്കറ്റിൽ പ്രതിഫലത്തെച്ചൊല്ലി പരസ്യ വിഴുപ്പലക്കൽ; ബാബറിന്റെ വാട്സ് ആപ്പ് ചാറ്റ് പുറത്ത്
ഇസ്ലാമാബാദ്: ലോകകപ്പിലെ തുടർതോൽവികൾക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി. ഇന്ത്യയോടും ഓസ്‌ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും അഫ്ഗാനിസ്ഥാനോടും തോറ്റതോടെ സെമി പ്രതീക്ഷ തുലാസിലായതിന് പിന്നാലെ മുഖ്യ സെലക്ടർ ഇൻസമാം ഉൾ ഹഖ് രാജിവെച്ചു. ലോകകപ്പിൽ തുടർച്ചയായ നാലുതോൽവികളുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മേധാവി സക്ക അഷ്റഫിനാണ് ഇൻസമാം രാജിക്കത്ത് നൽകിയത്.
തന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ഭിന്നതാൽപര്യമുണ്ടെന്ന് മാധ്യമങ്ങൾ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തിലാണ് രാജിയെന്നും ആരോപണങ്ങളിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ഇൻസമാം പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ സാക്ക അഷ്‌റഫിന് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി. ആരോപണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞാൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തു തിരിച്ചെത്തുമെന്നും ഇൻസമാം വ്യക്തമാക്കിയിട്ടുണ്ട്.
പാക് കളിക്കാരുടെ പരസ്യകരാറുകൾ കൈകാര്യം ചെയ്യുന്ന ഏജന്റ് തല റഹ്‌മാനിയുടെ യാസോ ഇന്റർനാഷണൽ ലിമിറ്റഡിൽ ഇൻസമാമിനും ഓഹരി പങ്കാളിത്തമുണ്ടെന്നായിരുന്നു മാധ്യമങ്ങൾ ഉന്നയിച്ച ആരോപണം. യാസോ ഇന്റർനാഷണൽ ലിമിറ്റഡാണ് പാക് ടീമിലെ മുൻനിര താരങ്ങളായ ക്യാപ്റ്റൻ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ എന്നിവരുടെ പരസ്യകരാറുകൾ കൈകാര്യം ചെയ്യുന്നത്. പാക് താരം മുഹമ്മഹ് റിസ്വാനും ഈ സ്ഥാപനത്തിൽ ഓഹരിപങ്കാളിത്തമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ലോകകപ്പിന് മുമ്പ് കളിക്കാരുടെ വാർഷിക കരാർ പ്രഖ്യാപിക്കണമെന്നും ഐസിസിയിൽ നിന്ന് പാക് ക്രിക്കറ്റ് ബോർഡിന് ലഭിക്കുന്ന വിഹിതത്തിൽ നിന്ന് ഒരു ഭാഗം കളിക്കാർക്കും നൽകണമെന്നും പാക് താരങ്ങൾ ആവശ്യമുയർത്തിയിരുന്നു. ഇല്ലെങ്കിൽ ലോകകപ്പിന് മുന്നോടിയായുള്ള പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും കളിക്കാർ പിസിബിയെ അറിയിച്ചിരുന്നു. പിന്നീട് ഇൻസമാം ഇടപെട്ടാണ് ഈ പ്രശ്‌നം പരിഹരിച്ചത്. കളിക്കാർ ആവശ്യം അംഗീകരിക്കാൻ പിസിബി നിർബന്ധിതരാവുകയും ചെയ്തിരുന്നു.
രണ്ടു ജയത്തോടെ ലോകകപ്പിന് മികച്ച തുടക്കമിട്ട പാക്കിസ്ഥാൻ തുടർച്ചയായി നാലുമത്സരങ്ങളിൽ തോറ്റതോടെ വലിയ തോതിലാണ് വിമർശനം നേരിടുന്നത്. ലോകകപ്പിനായുള്ള പാക്കിസ്ഥാൻ ടീം തെരഞ്ഞെടുപ്പിൽ സ്ഥാപിത താത്പര്യം ഉണ്ടായിരുന്നു എന്ന ആക്ഷേപത്തിൽ ഇൻസമാം അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ലോകകപ്പിൽ പാക്കിസ്ഥാന്റെ സാധ്യതകൾക്ക് മങ്ങലേറ്റെങ്കിലും പൂർണമായി പുറത്തായി എന്ന് പറയാൻ സാധിക്കില്ല.
പാക്കിസ്ഥാന് ചില വിദൂര സാധ്യതകൾ നിലനിൽക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വരുന്ന മൂന്ന് മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിക്കുകയും മറ്റു രാജ്യങ്ങളുടെ മത്സരങ്ങൾ പാക്കിസ്ഥാന് അനുകൂലമാകുകയും ചെയ്താൽ സെമി സാധ്യത പ്രവചിക്കുന്ന ആരാധകരുമുണ്ട്. ഓഗസ്റ്റിലാണ് ഇൻസമാം രണ്ടാം തവണയും ചീഫ് സെലക്ടർ ആകുന്നത്. ചീഫ് സെലക്ടർ സ്ഥാനത്ത് മൂന്ന് മാസം പോലും തികയ്ക്കുന്നതിന് മുൻപാണ് രാജി.
അതേ സമയം താരങ്ങളുടെ പ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ പാക്കിസ്ഥാൻ ക്രിക്കറ്റിൽ വിഴുപ്പലക്കൽ തുടരുകയാണ്. പാക് നായകൻ ബാബർ അസമിന്റെ വാട്‌സ്ആപ്പ് ചാറ്റ്, പിസിബി ചെയർമാൻ സാക്ക അഷ്‌റഫിന്റെ അനുമതിയോടെ ചാനൽ ചർച്ചയിൽ പുറത്തുവിട്ടതാണ് പുതിയ വിവാദം. നായകൻ ബാബർ അസമും പാക് മാധ്യമപ്രവർത്തകൻ സൽമാനും തമ്മിലെ വാട്‌സ്ആപ്പ് ചാറ്റ് ആണ് ചാനലിലെ, തത്സമയ പരിപാടിക്കിടെ പുറത്തുവിട്ടത്.
പാക് ടീമിന് പ്രതിഫലം കിട്ടിയിട്ട് അഞ്ച് മാസമായെന്നും കളിക്കാർക്ക് പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെട്ട് ബാബർ അസം പിസിബി ചെയർമാൻ സാക്ക അഷ്‌റഫിന് സന്ദേശം അയച്ചിട്ടും പ്രതികരണമില്ലെന്നും വാർത്തകളുണ്ടായിരുന്നു. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകൻ ബാബറിനോട് വാട്‌സാപ്പിലൂടെ സത്യാവസ്ഥ ആരാഞ്ഞു. ഇതിന് ബാബർ നൽകിയ മറുപടിയുടെ സ്‌ക്രീൻ ഷോട്ടാണ് ചാനൽ ചർച്ചയിൽ അവതാരകൻ പരസ്യമാക്കിയത്.
ബാബറിന്റെ സമ്മതത്തോടെയാണോ നടപടിയെന്ന് ചർച്ചയിൽ പങ്കെടുത്ത മുൻ നായകൻ അസ്ഹർ അലി അവതാരകനോട് ചോദിച്ചപ്പോൾ പിസിബി ചെയമാൻ സാക്ക അഷ്‌റഫിന്റെ അനുമതി ഉണ്ടെന്നായിരുന്നു അവതാരകന്റെ മറുപടി. ഇതിന് പിന്നാലെ പിസിബി ചെയർമാന്റെ നടപടി പരിതാപകരമെന്ന് തുറന്നടിച്ച മുൻ നായകൻ വഖാർ യൂനിസ്, ബാബർ അസമിനെ വെറുതെ വിടണമെന്നും എക്‌സിൽ പോസ്റ്റിട്ടു.
Ya kya Karna ki koshish kar raha ho aap loog??? This is pathetic !!!
- Waqar Younis (@waqyounis99) October 30, 2023
Khush ho gaya aap loog. Please leave @babarazam258 alone ????????. He's an asset of Pakistan Cricket @TheRealPCB @ARYNEWSOFFICIAL @Salman_ARY https://t.co/pcM90yUGqy
ടീം തെരഞ്ഞെടുപ്പിൽ ബാബറിന് പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പിസിബി കഴിഞ്ഞ ദിവസം വാർത്താക്കുറിപ്പിറക്കിയതിന് പിന്നാലെയായിരുന്നു പാക് കളിക്കാർക്ക് 5 മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് മുൻ നായകൻ റഷീദ് ലത്തീഫ് ചാനൽ ചർക്കിടെ വെളിപ്പെടുത്തിയത്. ലോകപ്പിൽ പാക്കിസ്ഥാന് സാങ്കേതികമായി സെമിസാധ്യത ബാക്കിയുള്ളപ്പോഴാണ് പാക് ബോർഡും മുൻ താരങ്ങളും പരസ്യവിഴുപ്പലക്കൽ നടത്തുന്നത്. ബംഗ്ലാദേശിനും ന്യൂസിലൻഡിനും ഇംഗ്ലണ്ടിനുമെതിരെയാണ് പാക്കിസ്ഥാന് ഇനി മത്സരങ്ങൾ ശേഷിക്കുന്നത്.
സ്പോർട്സ് ഡെസ്ക്