കൊൽക്കത്ത: ജീവന്മരണപ്പോരാട്ടത്തിൽ ബംഗ്ലാദേശിനെ എറിഞ്ഞിട്ട പാക്കിസ്ഥാന് ലോകകപ്പിലെ മൂന്നാം ജയത്തിന് വേണ്ടത് 205 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 45.1 ഓവറിൽ 204 റൺസിന് ഓൾഔട്ടായി. മഹ്‌മദുള്ള, ലിട്ടൺ ദാസ്, ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിനെ 200 കടത്തിയത്. ലോക റെക്കോർഡ് പ്രകടനവുമായി പാക് പേസർ ഷഹീൻ ഷാ അഫ്രീദിയാണ് ബംഗ്ലാദേശിനെ തകർത്തത്. ആദ്യ ഓവറിൽ തന്നെ തൻസിദ് ഹസനെ(0) വിക്കറ്റിന് മുന്നിൽ കുടുക്കിയ അഫ്രീദി ഏകദിന ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് നേടുന്ന ബൗളറായി.

70 പന്തിൽ നിന്ന് 56 റൺസെടുത്ത മഹ്‌മദുള്ളയാണ് ടീമിന്റെ ടോപ് സ്‌കോറർ. ലിട്ടൺ ദാസ് 64 പന്തുകൾ നേരിട്ട് 45 റൺസെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും കൂട്ടിച്ചേർത്ത 79 റൺസാണ് ബംഗ്ലാദേശ് ഇന്നിങ്സിലെ ഉയർന്ന കൂട്ടുകെട്ട്. ഷാക്കിബ് 64 പന്തിൽ നിന്ന് 43 റൺസെടുത്തു. 30 പന്തിൽ നിന്ന് 25 റൺസെടുത്ത മെഹിദി ഹസൻ മിറാസും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരൊഴികെ മറ്റാർക്കും രണ്ടക്കം കാണാനായില്ല. തൻസിദ് ഹസൻ (0), നജ്മുൾ ഹുസൈൻ ഷാന്റോ (4), മുഷ്ഫിഖുർ റഹീം (5) എന്നിവരെല്ലാം നിരാശപ്പെടുത്തി.

ടോസിലെ ഭാഗ്യം ബംഗ്ലാദേശിനെ ബാറ്റിംഗിൽ തുണച്ചില്ല. ആദ്യ ഓവറിൽ തന്നെ ഓപ്പണർ തൻസിദ് ഹസനെ ഷഹീൻ അഫ്രീദി വിക്കറ്റിന് മുന്നിൽ കുടുക്കി. സ്‌കോർ ബോർഡിൽ റണ്ണെത്തും മുമ്പെ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിന് മൂന്നാം ഓവറിലും തിരിച്ചടിയേറ്റു. നാലു റൺസെടുത്ത നജ്മുൾ ഹൊസൈൻ ഷാന്റോയെയും അഫ്രീദി വീഴ്‌ത്തി. പിന്നാലെ മുഷ്ഫീഖുർ റഹീമിനെ(5) ഹാരിസ് റൗഫ് മടക്കിയതോടെ ബംഗ്ലാദേശ് 23-3ലേക്ക് കൂപ്പുകുത്തി.

ലിറ്റൺ ദാസും മെഹമ്മദുള്ളയും ചേർന്ന് 81 റൺസ് കൂട്ടുകെട്ടിലൂടെ ബംഗ്ലാദേശിനെ 100 കടത്തി പ്രതീക്ഷ നൽകിയെങ്കിലും ലിറ്റൺ ദാസിനെ(45) മടക്കി ഇഫ്തിഖർ അഹമ്മദ് കൂട്ടുകെട്ട് പൊളിച്ചു. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനെ കൂട്ടുപിടിച്ച് മെഹ്‌മദുള്ള പോരാട്ടം തുടർന്നെങ്കിലും തന്റെ രണ്ടാം വരവിൽ ഷഹീൻ അഫ്രീദി മെഹ്‌മദുള്ളയെയും(56) വീഴ്‌ത്തി കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തൗഹിദ് ഹൃദോയ്(7) കൂടി പെട്ടെന്ന് മടങ്ങിയെങ്കിലും മെഹ്ദി ഹസനൊപ്പം ഷാക്കിബ് ബംഗ്ലാദേശിനെ 150 കടത്തി.

എന്നാൽ ഷാക്കിബിനെ(43) ഹാരിസ് റൗഫും മെഹ്ദി ഹസനെ(25) മുഹമ്മദ് വസീം ജൂനിയറും വീഴ്‌ത്തിയതോടെ ബംഗ്ലാ പോരാട്ടം 204 റൺസിലൊതുങ്ങി. പാക്കിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദിയും മുഹമ്മദ് വസീം ജൂനിയറും മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോൾ ഹാരിസ് റൗഫ് രണ്ട് വിക്കറ്റെടുത്തു.

51-ാമത്തെ മത്സരത്തിലാണ് അഫ്രിദി 100 വിക്കറ്റ് തികച്ചത്. 52 മത്സരങ്ങളിൽ 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെയാണ് അഫ്രീദി ഇന്ന് മറികടന്നത്. നജ്മുൾ ഹൊസൈൻ ഷാന്റോയെയും ബംഗ്ലാദേശിനായി അർധസെഞ്ചുറി നേടിയ മഹ്‌മദുള്ളയെയും കൂടി പുറത്താക്കിയ അഫ്രീദി 16 വിക്കറ്റുമായി ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്തെത്തി. ഏകദിനത്തിൽ അതിവേഗം 100 വിക്കറ്റ് നേടിയവരിൽ ഷെയ്ൻ ബോണ്ട്(54 മത്സരം) മുസ്തഫിസുർ റഹ്‌മാൻ(55 മത്സരം), ബ്രെറ്റ് ലീൾ(55 മത്സരം) എന്നിവരാണ് അഫ്രീദിക്കും സ്റ്റാർക്കിനും പിന്നിലുള്ളത്.

ഓസ്‌ട്രേലിയയുടെ ആദം സാംപയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് അഫ്രീദി ഒന്നാം സ്ഥാനത്തെത്തിയത്. 14 വിക്കറ്റുള്ള ഇന്ത്യയുടെ ജസ്പ്രീച് ബുമ്രയാണ് മൂന്നാം സ്ഥാനത്ത്. ലോകകപ്പ് തുടങ്ങും മുമ്പ് എതിരാളികൽ ഭയപ്പെട്ട പാക് പേസ് നിരക്ക് പക്ഷെ കാര്യമായ പ്രഭാവം ഉണ്ടാക്കാനായിരുന്നില്ല. ഹാരിസ് റൗഫ് നിറം മങ്ങിയതും നസീം ഷായുടെ അഭാവവവും പാക്കിസ്ഥാൻ പേസാക്രമണത്തെ ബാധിച്ചിരുന്നു. ഇന്ത്യൻ പിച്ചുകളിലെ പരിചയക്കുറവും പാക് പേസ് നിരക്ക് തിരിച്ചടിയായിരുന്നു. 100 വിക്കറ്റ് ക്ലബ്ബിലെത്തിയ അഫ്രീദിയെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ അഭിനന്ദിച്ചു.