മുംബൈ: ക്രിക്കറ്റ് ലോകകപ്പിൽ വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ ഏഴാം മത്സരത്തിന് ഇറങ്ങാനിരിക്കെ വാങ്കഡെ സ്‌റ്റേഡിയത്തോടുള്ള തന്റെ ആത്മബന്ധം തുറന്നുപറഞ്ഞ് ഇന്ത്യൻ നായകൻ രോഹിത് ശർമ. വാങ്കഡെ തനിക്ക് ഏറെ പ്രിയപ്പെട്ട വേദിയാണെന്നും തന്നെ ഒരു ക്രിക്കറ്ററാക്കുന്നതിൽ വാങ്കഡെയിൽ നിന്നുള്ള അനുഭവങ്ങൾ നിർണായകമായിരുന്നുവെന്നും ഹിറ്റ്മാൻ പറയുന്നു. ഐസിസിയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലാണ് രോഹിത് ഇക്കാര്യങ്ങൾ പറയുന്നത്.

''വാങ്കഡെ ഒരു സ്‌പെഷൽ വേദിയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട വേദി. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഇന്ന് ഞാൻ എന്താണോ, അതിലേക്ക് എന്നെ നയിച്ചത് വാങ്കഡെയിൽ നിന്നുള്ള അനുഭവങ്ങളാണ്. മുംബൈയിലുള്ളവർ ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ്. അവരുടെ ആർപ്പുവിളികൾ ഏറെ ഊർജം പകരുന്നതാണ്'' രോഹിത് പറഞ്ഞു. ഐപിഎല്ലിൽ രോഹിത്തിന്റെ ടീമായ മുംബൈ ഇന്ത്യൻസിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ് വാങ്കഡെ.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് മത്സരം നടക്കുന്നത്. ടൂർണമെന്റിൽ അപരാജിത കുതിപ്പു തുടരുന്ന ഇന്ത്യ ആറു മത്സരങ്ങളിൽ ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാമതാണുള്ളത്. മറുഭാഗത്ത് ശ്രീലങ്കയ്ക്ക് ജയിച്ചാൽ മാത്രമേ ടൂർണമെന്റിൽ നിലനിൽപ്പുള്ളൂ.

ടൂർണമെന്റിൽ ഇന്ത്യയുടെ ടോപ് സ്‌കോററായ ഹിറ്റ്മാൻ ഇതുവരെ ആറ് മത്സരങ്ങളിൽനിന്നായി 398 റൺസാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പൊരുതാവുന്ന സ്‌കോർ ഇന്ത്യ നേടിയത് രോഹിത്തിന്റെ മികവിലാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ 87 റൺസ് നേടിയ രോഹിത്തിനെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തു. മത്സരത്തിൽ നാലു വിക്കറ്റു നേടിയ മുഹമ്മദ് ഷമിയുടെ പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.

ശ്രീലങ്കക്കെതിരെ ഇറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമും ആരാധകരും പ്രതീക്ഷിക്കുന്നില്ല. തുടർച്ചയായി ആറ് മത്സരങ്ങൾ ജയിച്ചെത്തുന്ന ടീമിൽ നാളെ എന്തൊക്കെ മാറ്റങ്ങളാകും ഉണ്ടാകുക എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. പരിക്കു മാറി ഹാർദ്ദിക് പാണ്ഡ്യ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെത്തിയ ഹാർദ്ദിക് കഴിഞ്ഞ ദിവസം ഇന്ത്യൻ ടീമിനൊപ്പം ചേർന്നിരുന്നു. പരിശീലനത്തിലെ പ്രകടനം കൂടി നോക്കിയശേഷമാകും ഹാർദ്ദിക്കിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.

ഹാർദ്ദിക് തിരിച്ചെത്തിയാൽ ആരാകും പുറത്താകുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഹാർദ്ദിക് പ്ലേയിങ് ഇലവനിലെത്തിയാൽ ഇംഗ്ലണ്ടിനെതിരെ ആറാം നമ്പറിൽ തിളങ്ങിയ സൂര്യകുമാർ യാദവോ നാലാം നമ്പറിൽ നിറം മങ്ങിയ ശ്രേയസ് അയ്യരോ പുറത്താകും. നിലവിലെ സാഹചര്യക്കിൽ ശ്രേയസ് പുറത്തുപോകാനാണ് സാധ്യത.

ശ്രേയസ് കളിച്ചില്ലെങ്കിൽ നാലാം നമ്പറിൽ കെ എൽ രാഹുലും അഞ്ചാം നമ്പറിൽ ഹാർദ്ദിക്കും ആറാം നമ്പറിൽ സൂര്യയും ഇറങ്ങും. പരിക്ക് മാറി തിരിച്ചെത്തുന്ന ഹാർദ്ദിക്കിനെ തിരിക്കിട്ട് കളിപ്പിക്കേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിച്ചാൽ ശ്രേയസിന് പകരം ഇഷാൻ കിഷനെ പരീക്ഷിക്കുന്നതിനും സാധ്യതയുണ്ട്. ബൗളിങ് നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.

മിന്നുന്ന ഫോമിലുള്ള മുഹമ്മദ് ഷമി-ജസ്പ്രീത് ബുമ്ര സഖ്യം തന്നെയാകും നാളെയും ഇന്ത്യയുടെ ബൗളിങ് കുന്തമുന. മുഹമ്മദ് സിറാജ് നിറം മങ്ങുന്നതാണ് ഇന്ത്യയ്ക്ക് നേരിയ തലവേദന ഉണ്ടാക്കുന്നത്. എന്നാൽ പകരം അശ്വിനെയോ ഷാർദ്ദുലിനെയോ നാളെ ടീമിലെടുക്കാനുള്ള സാധ്യത കുറവാണ്.

ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, ഹാർദ്ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.