- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ നാലാം സെഞ്ചുറിയുമായി ക്വിന്റൻ ഡി കോക്ക്; മിന്നും സെഞ്ചുറിയും ഡബിൾ സെഞ്ചുറി കൂട്ടുകെട്ടുമായി വാൻഡർ ഡസ്സനും; വീണ്ടും റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക; ന്യൂസീലൻഡിന് 358 വിജയലക്ഷ്യം
പൂണെ: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് 358 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാൻഡർ ദസ്സന്റെയും സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു. 118 പന്തിൽ 133 റൺസെടുത്ത വാൻഡെർ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ.
ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഡി കോക്ക് 116 പന്തിൽ 114 റൺസെടുത്തു. അവസാന ഓവറുകളിൽ കത്തിക്കയറിയ ഡേവിഡ് മില്ലറും(30 പന്തിൽ 53) ഹെന്റിച്ച് ക്ലാസനും (ഏഴ് പന്തിൽ 15*) അവസാന പന്ത് സിക്സിന് പറത്തിയ എയഡൻ മാർക്രവും(6*) ചേർന്ന് ദക്ഷിണാഫ്രിക്കയെ 357ൽ എത്തിച്ചു. ന്യൂസിലൻഡിനായി ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു. പുണെയിലെ മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
പതിവുപോലെ ക്യാപ്റ്റൻ ടെംബാ ബാവുമയെ(24) തുടക്കത്തിലെ നഷ്ടമായ ദക്ഷിണാഫ്രിക്ക പതുക്കെയാണ് തുടങ്ങിയത്. തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട ഡി കോക്കും വാൻഡർ ദസ്സനും നൽകിയ അവസരങ്ങൾ ന്യൂസിലൻഡ് ഫീൽഡർമാർ കൈവിട്ടതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 200 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 38 റൺസിൽ ഒത്തുചേർന്ന ഇരുവരും 238 റൺസിലാണ് വേർപിരിഞ്ഞത്. 103 പന്തിൽ സെഞ്ചുറി തികച്ച ഡി കോക്ക് 116 റൺസെടുത്ത് പുറത്തായി.
40-ാം ഓവറിൽ ഡി കോക്ക് പുറത്താവുമ്പോൾ 238 റൺസായിരുന്നു ദക്ഷിണാഫ്രിക്കയുടെ സ്കോർ. 100 പന്തിൽ സെഞ്ചുറിയിലെത്തിയ വാൻഡർ ദസ്സൻ അവസാന പത്തോവറിൽ തകർത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക 300 കടന്ന് കുതിച്ചു. 40 ഓവറിൽ 238 റൺസടിച്ച ദക്ഷിണാഫ്രിക്ക അവസാന പത്തോവറിൽ 119 റൺസടിച്ചാണ് കൂറ്റൻ സ്കോറിലെത്തിയത്. 29 പന്തിൽ അർധസെഞ്ചുറി തികച്ച മില്ലർ അവസാന ഓവറിൽ പുറത്തായി. അവസാന പന്ത് നേരിടാനെത്തിയ ഏയ്ഡൻ മാർക്രം സിക്സോടെ ഇന്നിങ്സ് പൂർത്തിയാക്കി. പരിക്കിന്റെ ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ടിം സൗത്തി 10 ഓവറിൽ 77 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ബോൾട്ട് ഒരു വിക്കറ്റെടുത്തു. ജിമ്മി നീഷാം 5.3 ഓവറിൽ 69 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കയെ ഓസ്ട്രേലിയയോടേറ്റ അഞ്ചുറൺസ് തോൽവിയുടെ ക്ഷീണവുമായാണ് ന്യൂസീലൻഡ് നേരിടുന്നത്. പാക്കിസ്ഥാനെതിരായ ഒരു വിക്കറ്റ് വിജയത്തിന്റെ തിളക്കവുമായാണ് ദക്ഷിണാഫ്രിക്ക ഏഴാം മത്സരത്തിന് ഇറങ്ങിയത്. ഇന്നത്തെ കളിയിൽ ജയിച്ചാൽ ആറുകളികളിലെ അഞ്ച് ജയവുമായി ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയിൽ ഒന്നാമതെത്തും. നിലവിൽ 10 പോയിന്റുമായി രണ്ടാമതാണ് ദക്ഷിണാഫ്രിക്ക. ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഒപ്പമാണ് (12) എത്തുകയെങ്കിലും റൺറേറ്റിൽ ദക്ഷിണാഫ്രിക്കയാണ് മുന്നിൽ.
ആദ്യ നാല് കളികളും ജയിച്ച ന്യൂസിലാൻഡിന് പക്ഷെ പിന്നീട് അടി പതറുകയായിരുന്നു. അഞ്ചാം മത്സരത്തിൽ ഇന്ത്യയോടും അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയോടും പരാജയപ്പെട്ട ന്യൂസീലൻഡിന് സെമി പ്രവേശത്തിന് മങ്ങലേൽക്കാതിരിക്കാൻ ഇന്നത്തെ മത്സരം ജയിച്ചേ കഴിയൂ.
സ്പോർട്സ് ഡെസ്ക്