- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇരട്ട' സെഞ്ചുറിയുമായി ഡി കോക്കും ദസ്സനും; പിന്നാലെ കിവികളെ എറിഞ്ഞുവീഴ്ത്തി മഹാരാജും ജാൻസണും; 190 റൺസിന്റെ കൂറ്റൻ ജയവുമായി ദക്ഷിണാഫ്രിക്ക ഒന്നാമത്; കനത്ത തോൽവി വഴങ്ങിയ ന്യൂസിലൻഡ് നാലാമത്
പൂണെ: ഏകദിന ലോകകപ്പിലെ സെമി ബർത്ത് ഉറപ്പിക്കാനുള്ള കരുത്തരുടെ പോരാട്ടത്തിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് വമ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക. ന്യൂസിലൻഡിനെ 190 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. 358 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ കിവികളുടെ പോരാട്ടം 167 റൺസിൽ അവസാനിച്ചു. സെഞ്ചുറി നേടിയ ക്വിന്റൺ ഡി കോക്കും വാൻഡെർ ദസ്സനും നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജും മൂന്ന് വിക്കറ്റ് നേടിയ മാർക്കോ ജാൻസണുമാണ് ആഫ്രിക്കൻ കരുത്തരുടെ മിന്നും വിജയത്തിന് ചുക്കാൻ പിടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലിൻഡ് 167 റൺസെടുത്തപ്പോഴേക്കും മുഴുവൻ വിക്കറ്റുകളും വീണു. 60 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സിന് മാത്രമാണ് കിവീസ് നിരയിൽ പിടിച്ച് നിൽക്കാനായത്.
വമ്പൻ വിജയത്തോടെ ഇന്ത്യയെയും മറികടന്ന് ദക്ഷിണാഫ്രിക്ക പന്ത്രണ്ട് പോയിന്റുമായി പോയിന്റ് ടേബിളിൽ മുന്നിലെത്തി. ഇന്നത്തെ പരാജയത്തോടെ ന്യൂസിലൻഡ് നെറ്റ് റൺറേറ്റിൽ താഴേക്ക് പോയതോടെ കുരുക്കിലാകുകയും ചെയ്തു. സെമി ബർത്ത് ഉറപ്പിക്കാൻ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കിവീസിന് ജയിക്കേണ്ട അവസ്ഥയായി.
358 റൺസിന്റെ വമ്പൻ വിജയലക്ഷ്യത്തിലേക്ക് മികച്ച തുടക്കം പ്രതീക്ഷിച്ച ന്യൂസിലൻഡിന് ആദ്യം തന്നെ ദേവൻ കോൺവെയെ നഷ്ടമായി. 2 റൺസ് നേടിയ കോൺവെയെ മാർക്കോ ജാൻസനാണ് പുറത്താക്കിയത്. പിന്നാലെ 9 റൺസ് നേടിയ രുചിൻ രവീന്ദ്രയെകൂടി ജാൻസൺ പുറത്താക്കിയതോടെ ന്യൂസിലൻഡ് പതറി. ഡാരിൽ മിച്ചലും വിൽ യംങും പൊരുതാൻ നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. മിച്ചൽ 24 റൺസിലും യംങ് 33 റൺസിലും ബാറ്റ് താഴ്ത്തിയതോടെ കിവികളുടെ പതനം ഉറപ്പായി.
നാല് റൺസ് നേടിയ ടോം ലഥവും 7 റൺസ് വീതം നേടി മിച്ചൽ സാറ്റ്നറും ടിം സൗത്തിയും പിന്നാലെ കൂടാരം കയറി. ജെയിംസ് നിഷാം റൺസ് പോലും നേടാനാകാതെ പുറത്തായപ്പോൾ ട്രെന്റ് ബോൾട്ട് 9 റൺസ് നേടി മടങ്ങി. 60 റൺസ് നേടി പൊരുതി നോക്കിയ ഗ്ലെയിൻ ഫിലിപ്പ്സാണ് കിവികളുടെ ടോപ് സ്കോറർ.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഓപ്പണർ ക്വിന്റൺ ഡി കോക്കിന്റെയും മൂന്നാം നമ്പറിലിറങ്ങിയ റാസി വാൻഡർ ദസ്സന്റെയും സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 357 റൺസെടുത്തത്. 118 പന്തിൽ 133 റൺസെടുത്ത വാൻഡെർ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ഈ ലോകകപ്പിലെ നാലാം സെഞ്ചുറി നേടിയ ഡി കോക്ക് 116 പന്തിൽ 114 റൺസെടുത്തു. അവസാന ഓവറുകളിൽ കത്തിക്കയറിയ ഡേവിഡ് മില്ലറും(30 പന്തിൽ 53) ഹെന്റിച്ച് ക്ലാസനും (ഏഴ് പന്തിൽ 15*) അവസാന പന്ത് സിക്സിന് പറത്തിയ എയഡൻ മാർക്രവും(6*) ചേർന്ന് ദക്ഷിണാഫ്രിക്കയെ 357ൽ എത്തിച്ചു. ന്യൂസിലൻഡിനായി ടിം സൗത്തി രണ്ട് വിക്കറ്റെടുത്തു.
തുടക്കത്തിൽ മികച്ച ഫോമിൽ കളിച്ച ന്യൂസിലൻഡിന്റെ തുടർച്ചയായ മൂന്നാമത്തെ തോൽവിയാണിത്. ഇതോടെ അവരുടെ സെമി സാധ്യത പരുങ്ങലിലായി. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ തുടരുന്നുണ്ടെങ്കിലും പാക്കിസ്ഥാനും അഫ്ഗാനിസ്താനും വെല്ലുവിളിയാണ്. ഇന്നത്തെ ജയത്തോടെ ദക്ഷിണാഫ്രിക്ക പട്ടികയിൽ ഒന്നാമതായി. രണ്ടാമതുള്ള ഇന്ത്യയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട് ദക്ഷിണാഫ്രിക്ക. നെതർലൻഡിനോട് മാത്രമാണ് അവർ പരാജയപ്പെട്ടത്. ദക്ഷിണാഫ്രിക്കയുടെ അടുത്ത മത്സരം ഇന്ത്യക്കെതിരെയാണ്.
സ്പോർട്സ് ഡെസ്ക്