മുംബൈ: പന്ത്രണ്ട് വർഷം മുമ്പ് ഇതേ ഏകദിന ലോകകപ്പിനായി ഫൈനലിൽ കൊമ്പുകോർത്തവർ വീണ്ടും മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന്. അന്ന് ലങ്കയെ കീഴടക്കി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനായി നായകൻ എം എസ് ധോണി കിരീടം ഏറ്റുവാങ്ങുന്ന ഓർമ്മകൾക്ക് ഇന്നും പുതുമയുണ്ട്. ആ മധുരിക്കുന്ന ഓർമ്മകളുമായി ആരാധകർ വീണ്ടും വാങ്കഡെയിൽ ഇന്ന് തിങ്ങിനിറയും. വീണ്ടും ഇന്ത്യ - ലങ്ക പോര് കാണാൻ. ഉച്ചകഴിഞ്ഞ് 2നാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം.

2011 ഏകദിന ലോകകപ്പ് ഫൈനലിൽ കിരീടത്തിനായി പോരടിച്ചവർ ഇന്ന് നേർക്കുനേർ വരുമ്പോൾ ആ ഓർമകൾ ഇന്ത്യയെയും ശ്രീലങ്കയെയും അവിടെ കാത്തിരിക്കുന്നുണ്ടാകും. അന്ന് തുല്യശക്തികളുടെ പോരാട്ടമാണ് വാങ്കഡെ കണ്ടതെങ്കിൽ ഇന്ന് ലോകകപ്പ് മത്സരത്തിൽ കണക്കിലും കളത്തിലും ശ്രീലങ്കയെക്കാൾ എത്രയോ മുന്നിലാണ് ടീം ഇന്ത്യ. ടൂർണമെന്റിൽ അപരാജിത കുതിപ്പു തുടരുന്ന ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം കൂടി ജയിച്ചാൽ 14 പോയിന്റുമായി സെമിഫൈനൽ ഉറപ്പിക്കാം.

മറുവശത്ത് 6 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ് മാത്രമുള്ള ശ്രീലങ്കയ്ക്ക് സെമിയിലേക്ക് വിദൂര സാധ്യതയെങ്കിലും നിലനിർത്താൻ ഇന്ന് വൻ മാർജിനിൽ ജയിച്ചേ മതിയാകൂ. ടൂർണമെന്റിൽ നെതർലൻഡ്‌സിനോടും ഇംഗ്ലണ്ടിനോടും മാത്രമാണ് ശ്രീലങ്കയ്ക്ക് ജയിക്കാൻ സാധിച്ചത്. പുതുമുഖ താരങ്ങളുമായി ലോകകപ്പിനെത്തിയ ലങ്കയ്ക്ക് ടൂർണമെന്റിൽ ഇതുവരെ ഫോം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത ടീമാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഒഴികെ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ബാറ്റർമാർ പതറിയപ്പോൾ അവസരത്തിനൊത്തുയർന്ന ബോളിങ് നിര ടീമിന്റെ രക്ഷകരായി. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ അസാന്നിധ്യം ടീമിന്റെ ബാറ്റിങ് ഡെപ്തിനെ ബാധിച്ചിട്ടുണ്ട്. എങ്കിലും ടോപ് ഓർഡറിൽ ശ്രേയസ് അയ്യരൊഴികെ എല്ലാവരും ഫോമിലാണ്.

ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ടീമിൽ മാറ്റം വരുത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം ചേർന്നിരുന്നു. പരിക്ക് മാറി വരുന്ന ആദ്യ മത്സരത്തിൽ തന്നെ താരത്തെ കളിപ്പിക്കാൻ സാധ്യത കുറവാണ്. ഇനി ടീം മാനേജ്മെന്റ് മറിച്ച് ചിന്തിച്ചാൽ ശ്രേയസിന് സ്ഥാനം നഷ്ടമാവും.

കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവ് തിളങ്ങിയതോടെ, ഹാർദിക് തിരിച്ചെത്തിയാൽ ശ്രേയസിന് പുറത്തിരിക്കേണ്ടിവരും. ബോളിങ്ങിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് പേസ് ത്രയം തുടരാനാണ് സാധ്യത. കഴിഞ്ഞ മത്സരത്തിൽ നിറംമങ്ങിയ സിറാജിനെ മാറ്റാൻ തീരുമാനിച്ചാൽ ഷാർദൂൽ ഠാക്കൂർ ആദ്യ ഇലവനിൽ എത്തും. സ്പിൻ വിഭാഗത്തിൽ കുൽദീപ് യാദവ് രവീന്ദ്ര ജഡേജ സഖ്യം മികച്ച ഫോമിലാണ്.

ക്യാപ്റ്റൻ ദാസുൻ ശനക ഉൾപ്പെടെ പ്രധാന താരങ്ങളിൽ പലരും ടൂർണമെന്റിന്റെ തുടക്കത്തിൽ പരുക്കേറ്റു പുറത്തായത് അവർക്ക് തിരിച്ചടിയായി. കുശാൽ മെൻഡിസ്, പാത്തും നിസങ്ക, സദീര സമരവിക്രമ എന്നീ ടോപ് ഓർഡർ താരങ്ങളെ ചുറ്റിപ്പറ്റിയാണ് ലങ്കയുടെ ബാറ്റിങ് മുന്നോട്ടുനീങ്ങുന്നത്. ബോളിങ്ങിൽ ദിൽഷൻ മധുഷങ്കയൊഴികെ എല്ലാവരും നിരാശപ്പെടുത്തി.

ബാറ്റിങ്ങിനും ബോളിങ്ങിനും ഒരുപോലെ ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് വാങ്കഡെയിലേത്. 256 റൺസാണ് ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്‌കോർ. എന്നാൽ ഈ ലോകകപ്പിൽ നടന്ന രണ്ടു മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീമുകൾ 350 റൺസിനു മുകളിൽ സ്‌കോർ ചെയ്തു.

മത്സരശേഷം സ്റ്റേഡിയത്തിൽ നടത്തിവരുന്ന വെടിക്കെട്ടിന് ബിസിസിഐ വിലക്കേർപ്പെടുത്തി. മുംബൈയിലെ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്താണ് വിലക്ക്. മുംബൈയ്ക്ക് പുറമേ, ന്യൂഡൽഹിയിൽ നടക്കുന്ന മത്സരങ്ങളിലും വെടിക്കെട്ടുണ്ടാകില്ല.

ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ / ഹാർദിക് പാണ്ഡ്യ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.