മുംബൈ: ഏകദിന സെഞ്ചുറികളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിനൊപ്പമെത്താനുള്ള അവസരം ഒരിക്കൽകൂടി കൈവിട്ട് വിരാട് കോലി. ലോകകപ്പിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി പ്രതീക്ഷ നൽകിയ കോലി 88 റൺസെടുത്ത് പുറത്തായി. സാക്ഷാൽ സച്ചിനെ സാക്ഷി നിർത്തി സച്ചിന്റെ റെക്കോർഡിനൊപ്പമെത്താനുള്ള അപൂർവ ഭാഗ്യമാണ് കോലിക്ക് ഇന്ന് നഷ്ടമായത്. വാംഖഡെയിൽ ചരിത്രം കുറിക്കുന്നതിന് കാത്തുനിന്ന ആരാധകരെ നിരാശപ്പെടുത്തിയാണ് കോലി മടങ്ങിയത്.

ക്യാപ്റ്റൻ രോഹിത് ശർമയെ ആദ്യ ഓവറിലെ നഷ്ടമായശേഷം ക്രീസിലെത്തിയ കോലി തുടക്കത്തിൽ ഏതാനും അവസരങ്ങൾ നൽകിയെങ്കിലും ലങ്കൻ ഫീൽഡർമാർക്ക് അത് മുതലാക്കാനായില്ല. പിന്നീട് അവസരമൊന്നും നൽകാതെ ആഞ്ഞടിച്ച കോലി ശുഭ്മാൻ ഗില്ലിനൊപ്പം രണ്ടാം വിക്കറ്റിൽ 189 റൺസിന്റെ കൂട്ടുകെട്ടുയർത്തി. 92 റൺസെടുത്ത ഗില്ലിനെ ദിൽഷൻ മധുശങ്ക മടക്കിയതിന് പിന്നാലെ കോലിയുടെ സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരെ നിരാശരാക്കി കോലി മടങ്ങി.

മധുശങ്കയുടെ സ്ലോ ബോളിൽ ബാറ്റുവെച്ച കോലി കവറിൽ പാതും നിസങ്കയുടെ കൈയിലൊതുങ്ങി. നിരാശയോടെ തലകുനിച്ച് മടങ്ങിയ കോലി മുംബൈയിൽ സച്ചിന് മുന്നിൽ റെക്കോർഡ് നേട്ടത്തിലെത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. മത്സരത്തിന് മുമ്പ് സച്ചിൻ വിരാട് കോലിയുമായി സംസാരിക്കുന്നതും കാണാമായിരുന്നു.

ഏകദിനത്തിൽ നിലവിൽ സച്ചിന് 49ഉം കോലിക്ക് 48ഉം സെഞ്ച്വറികളാണുള്ളത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ തന്നെ സച്ചിന്റെ റെക്കോർഡിന് അരികിലെത്തിയിരുന്നു. 95 റൺസെടുത്ത കോലി വിജയ സിക്‌സർ നേടാനുള്ള ശ്രമത്തിൽ സെഞ്ചുറിക്ക് അഞ്ച് റൺസകലെ പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിൽ ഡക്കായ കോലി ഇന്ന് ശ്രീലങ്കക്കെതിരെയും സെഞ്ചുറിയില്ലാതെ മടങ്ങിയതോടെ കാത്തിരിപ്പ് അടുത്ത മത്സരത്തിലേക്ക് നീണ്ടു. കോലിയുടെ 35-ാം പിറന്നാൾ ദിനത്തിൽ കൊൽക്കത്തയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരെ മത്സരത്തിലാണ് ഇനി ആരാധകരുടെ പ്രതീക്ഷ.

ടെസ്റ്റിൽ 29ഉം ഏകദിനത്തിൽ 48ഉം ടി20യിൽ ഒരു സെഞ്ചുറിയുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. ഈ ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ 85 റൺസടിച്ചാണ് വിരാട് കോലി റൺവേട്ട തുടങ്ങിയത്. രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ 55 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോലി പാക്കിസ്ഥാനെതിരെ 16 റൺസെടുത്ത് പുറത്തായി.ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയ കോലി വിജയ സിക്‌സറിലൂടെയാണ് 48-ാം സെഞ്ചുറിയിലെത്തിയത്. ന്യൂസിലൻഡിനെതിരെയും വിജയ സിക്‌സിലൂടെ സെഞ്ചുറിയിലെത്താൻ അവസരമുണ്ടായിരുന്നു കോലിക്ക് മുന്നിൽ. 95 റൺസിൽ നിൽക്കെ മാറ്റ് ഹെന്റിയുടെ പന്തിൽ സിക്‌സിന് ശ്രമിച്ച കോലിയെ ഗ്ലെൻ ഫിലിപ്‌സ് ക്യാച്ചെടുത്ത് പുറത്താക്കി. പിന്നാലെ ഇംഗ്ലണ്ടിനെതിരെ പൂജ്യനായി പുറത്തായി.

അതേ സമയം ഏറ്റവുമധികം തവണ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിലധികം സ്‌കോർ ചെയ്യുന്ന താരം എന്ന റെക്കോഡ് കോലി സ്വന്തമാക്കി. ലങ്കയ്ക്കെതിരേ മികച്ച രീതിയിൽ ബാറ്റുചെയ്തതോടെ 2023-ൽ കോലിയുടെ ഏകദിന റൺസ് 1000 കടന്നു. മത്സരത്തിന്റെ 11-ാം ഓവറിലാണ് താരം റെക്കോഡ് സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് താരം ഒരു വർഷം 1000 റൺസിലധികം സ്‌കോർ ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോഡ് കോലി തകർത്തു.

സച്ചിൻ ഏഴുതവണയാണ് 1000 റൺസ് മറികടന്നത്. ശ്രീലങ്കയ്ക്കെതിരേ 34 റൺസ് നേടിയതോടെയാണ് കോലി സച്ചിനെ മറികടന്നത്. നിലവിൽ ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ കോലി രണ്ടാമതാണ്. ഒരു സെഞ്ചുറി കൂടി നേടിയാൽ കോലി സച്ചിൻ സ്ഥാപിച്ച സർവകാല റെക്കോഡിനൊപ്പമെത്തി ചരിത്രം കുറിക്കും.