- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് റൺസിനിടെ വീണത് നാല് വിക്കറ്റ്; 14 റൺസിനിടെ ആറും; മൂന്ന് വിക്കറ്റുമായി മുഹമ്മദ് സിറാജ്; ലോകകപ്പിൽ ജീവൻ മരണ പോരാട്ടത്തിനിറങ്ങിയ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച; അഞ്ച് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; വാംഖഡെയിൽ കൊടുങ്കാറ്റായി ഇന്ത്യൻ പേസർമാർ
മുംബൈ: ലോകകപ്പിൽ സെമി സാധ്യത നിലനിർത്താൻ ജീവന്മരണ പോരാട്ടത്തിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് പതിനാല് റൺസ് സ്‌കോർബോർഡിൽ ചേർക്കുന്നതിനിടെ നഷ്ടമായത് ആറ് വിക്കറ്റുകൾ. ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പതും നിസ്സങ്കയെ മടക്കി ബുമ്ര അവരെ ഞെട്ടിച്ചു. പിന്നാലെ പന്തെറിയാനെത്തിയ സിറാജ് ദിമുത് കരുണരത്നയെ തന്റെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ മടക്കി. ഇതേ ഓവറിന്റെ അഞ്ചാം പന്തിൽ സദീര സമര വിക്രമയേയും പുറത്താക്കി. അടുത്ത വരവിൽ കുശാൽ മെൻഡിസിന്റെ പ്രതിരോധവും തകർത്തു.
നിലവിൽ ശ്രീലങ്ക 14 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എന്ന നിലയിലാണ്. മൂന്ന് റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് തുടക്കത്തിൽ തന്നെ ശ്രീലങ്ക പ്രതിരോധത്തിലായി. പിന്നാലെ പന്തെറിയാനെത്തിയ മുഹമ്മദ് ഷമി അടുത്തടുത്ത പന്തുകളിൽ ചാരിത അസലങ്കയെയും ദുഷൻ ഹേമന്ദയെയും പുറത്താക്കി. ആദ്യ ഓവറിൽ ഒരു റൺസ് മാത്രം വഴങ്ങിയാണ് ഷമി രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയത്. അഞ്ച് ഓവറിൽ എട്ട് റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് മുഹമ്മദ് സിറാജ് വീഴ്‌ത്തിയത്.
358 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്‌കോർ ബോർഡിൽ മൂന്ന് റൺസ് ചേർക്കുന്നതിനിടെ ശ്രീലങ്കയുടെ നാല് മുൻനിര ബാറ്റർമാരെ കൂടാരം കയറ്റിയാണ് ഇന്ത്യൻ പേസർമാർ ആഞ്ഞടിച്ചത്. വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ പേസർമാർ കൊടുങ്കാറ്റായി മാറിയപ്പോൾ ശ്രീലങ്കൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ടൂർണമെന്റിൽ മികച്ച ഫോം കാഴ്ചവെച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ തുടക്കത്തിൽ തന്നെ പുറത്തായി. വെറും നാല് റൺസ് മാത്രമെടുത്ത താരത്തെ ദിൽഷൻ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീൻ ബൗൾഡാക്കി. ഇന്നിങ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെയാണ് രോഹിത് പുറത്തായത്. ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.
എന്നാൽ മൂന്നാമനായി വന്ന വിരാട് കോലി ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്നതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് കരകയറി. അനായാസം കോലി ബാറ്റിങ് തുടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. ഗില്ലിനെ കൂട്ടുപിടിച്ച് കോലി ടീം സ്‌കോർ 100 കടത്തി. പിന്നാലെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു. ഈ ടൂർണമെന്റിലെ കോലിയുടെ അഞ്ചാം അർധശതകമാണിത്. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും കോലിക്ക് സാധിച്ചു. കോലിക്ക് പിന്നാലെ ഗില്ലും അർധസെഞ്ചുറി നേടി.
കോലിയും ഗില്ലും തകർത്തടിച്ചതോടെ ശ്രീലങ്കൻ ക്യാമ്പിൽ നിരാശ പടർന്നു. ഇരുവരും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ മധുശങ്ക വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചു. ഗില്ലിനെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിന്റെ കൈയിലെത്തിച്ച് താരം ഈ കൂട്ടുകെട്ട് പൊളിച്ചു. 92 പന്തിൽ 11 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 92 റൺസെടുത്താണ് ഗിൽ പുറത്തായത്. അർഹിച്ച സെഞ്ചുറി നഷ്ടമായതിന്റെ നിരാശയിൽ ഗിൽ ക്രീസ് വിട്ടു. കോലിക്കൊപ്പം 189 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താനും ഗില്ലിന് സാധിച്ചു.
ഗില്ലിന് പിന്നാലെ കോലിയെയും മധുശങ്ക പുറത്താക്കി. 94 പന്തിൽ 11 ബൗണ്ടറിയുടെ സഹായത്തോടെ 88 റൺസെടുത്ത കോലിയെ മധുശങ്ക പത്തും നിസങ്കയുടെ കൈയിലെത്തിച്ചു. 49-ാം ഏകദിന സെഞ്ചുറിയുടെ അരികിൽ വീണ്ടും കോലി വീണു. നേരത്തേ ഓസീസിനെതിരേ താരം 95 റൺസെടുത്ത് പുറത്തായിരുന്നു. കോലി പുറത്തായതോടെ ക്രീസിൽ കെ.എൽ.രാഹുലും ശ്രേയസ് അയ്യരും ഒന്നിച്ചു. ശ്രേയസ് ആക്രമിച്ച് കളിച്ചുതുടങ്ങി. എന്നാൽ മറുവശത്ത് രാഹുലിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. 19 പന്തിൽ 21 റൺസെടുത്ത താരത്തെ ദുഷ്മന്ത ചമീര പുറത്താക്കി.
പിന്നാലെ വന്ന സൂര്യകുമാർ യാദവും നിരാശപ്പെടുത്തി. 12 റൺസെടുത്ത താരത്തെ മധുശങ്ക പറഞ്ഞയച്ചു. എന്നാൽ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചുതകർത്തു. അർധസെഞ്ചുറി നേടിയ ശ്രേയസ് ജഡേജയെ കൂട്ടുപിടിച്ച് 44.5 ഓവറിൽ ടീം സ്‌കോർ 300 കടത്തി. അവസാന ഓവറുകളിൽ ശ്രേയസ് സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. മധുശങ്കയുടെ 48-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സടിച്ച ശ്രേയസ് മൂന്നാം പന്തിൽ പുറത്തായി. വെറും 56 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്സിന്റെയും സഹായത്തോടെ 82 റൺസെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്.
സ്പോർട്സ് ഡെസ്ക്