മുംബൈ: ഏകദിന ലോകകപ്പിൽ പരാജയമറിയാതെ സെമി ഫൈനൽ ബർത്ത് ഉറപ്പിച്ച് ഇന്ത്യ. ശ്രീലങ്കയെ 302 റൺസിന് തകർത്താണ് രോഹിതും സംഘവും സെമിയിലേക്ക് മാർച്ച് ചെയ്തത്. തുടർച്ചയായി ഏഴുമത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യ സെമിയിലേക്ക് കുതിച്ചത്. ഇന്ത്യ ഉയർത്തിയ 358 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക വെറും 19.2 ഓവറിൽ 55 റൺസിന് ഓൾ ഔട്ടായി. ലോകകപ്പിൽ റൺ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് വാംഖഡെയിൽ കുറിച്ചത്.

ലങ്കൻ ബാറ്റിങ് നിരയിൽ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കടന്നത്. 14 റൺസെടുത്ത കസുൻ രജിതയാണ് ലങ്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി അഞ്ചോവറിൽ 18 റൺസിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റൺസിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേർന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. 10 ഓവർ പിന്നിടുമ്പോൾ 14 റൺസിന് ആറ് വിക്കറ്റെന്ന പരിതാപകരമായ നിലയിലായിരുന്ന ലങ്കയെ വാലറ്റക്കാരാണ് ലോകകപ്പിലെ എക്കാലത്തെയും ചെറിയ ടീം ടോട്ടലെന്ന നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ലോകകപ്പിലെ ശ്രീലങ്കയുടെ ഏറ്റവും വലിയ തോൽവിയാണ് വാംഖഡെയിലെത്.

ശ്രീലങ്കൻ ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ പന്തിൽ പാതും നിസങ്ക വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീടെത്തിയ ക്യാപ്റ്റൻ കുശാൽ മെൻഡിസ് ബുമ്രയുടെ ആദ്യ ഓവർ അതിജീവിച്ചു. എന്നാൽ രണ്ടാം ഓവർ എറിയാനെത്തിയ മുഹമ്മദ് സിറാജ് തന്റെ ആദ്യ പന്തിൽ തന്നെ ദിമുത് കരുണരത്‌നെയെ വിക്കറ്റിന് മുന്നിൽ കുടുക്കി. രണ്ട് ഓപ്പണർമാരും ഗോൾഡൻ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിർത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തിൽ സദീര സമരവിക്രമയെ സ്ലിപ്പിൽ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേൽപ്പിച്ചു. ഇതോട രണ്ട് റൺസിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാൻ വഴിയില്ലാതെ പതറി.

ബുമ്രയുടെ അടുത്ത ഓവർ അതിജീവിച്ചെങ്കിലും സിറാജ് തന്റെ മൂന്നാം ഓവറിലും ലങ്കയെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റൻ തന്നെയായിരുന്നു സിറാജിന്റെ ഇര. ഒരു റണ്ണെടുത്ത മെൻഡിസിനെ സിറാജ് ക്ലീൻ ബൗൾഡാക്കി. ലങ്കയുടെ സ്‌കോർ ബോർഡിൽ അപ്പോഴുണ്ടായിരുന്നത് വെറും മൂന്ന് റൺസ്. സിറാജും ബുമ്രയും വെടിനിർത്തിയതോടെ രോഹിത് ശർമ അടുത്ത ആയുധമെടുത്തു.

ആദ്യം ബൗളിങ് മാറ്റമായി എത്തിയ മുഹമ്മദ് ഷമി തന്റെ ആദ്യ ഓവറിൽ തന്നെ തുടർച്ചയായ പന്തുകളിൽ ചരിത് അസലങ്കയെയും(24 പന്തിൽ 1), ദുഷൻ ഹേമന്തയെയും(0) വീഴ്‌ത്തിയതോടെ ലങ്ക 10 ഓവറിൽ 14-6ലേക്ക് തകർന്നടിഞ്ഞു. 10 റൺസെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയെ രണ്ടക്കം കടത്തിയത്. എന്നാൽ തന്റെ രണ്ടാം ഓവറിൽ ഷമി ദുഷ്മന്ത ചമീരയെ ഷമി കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. ലെഗ് സ്റ്റംപിലൂടെ പോയ പന്ത് അമ്പയർ വൈഡ് വിളിച്ചെങ്കിലും കെ എൽ രാഹുൽ റിവ്യു എടുക്കാൻ നിർബന്ധിച്ചു.

റിവ്യുവിൽ പന്ത് ചമീരയുടെ ഗ്ലൗസിൽ തട്ടിയെന്ന് വ്യക്തമായി. ഇതോടെ ലങ്ക 12 ഓവറിൽ 22-7ലേക്ക് വീണു. ഏയ്ഞ്ചലോ മാത്യൂസിനെ(12) ക്ലീൻ ബൗൾഡാക്കി ഷമി ആക്രമണം തുടർന്നു. കസുൻ രജിതയും മഹീഷ തീക്ഷണയും ചേർന്ന് ലങ്കയെ 49ൽഎ ത്തിച്ചെങ്കിലും രജിതയെ(14) സ്ലിപ്പിൽ ഗില്ലിന്റെ കൈകളിലെത്തിച്ച് ഷമി അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. പിന്നാലെ ജഡേജ ദിൽഷൻ മധുശങ്കയെ(5) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ലങ്കയുടെ തകർച്ച പൂർത്തിയാക്കി.

2023 ഏഷ്യാകപ്പ് ഫൈനലിന്റെ ബാക്കിപത്രമായിരുന്നു ഈ മത്സരം. മുൻനിര ബാറ്റർമാരെല്ലാം നിറം മങ്ങി. വെറും മൂന്നേ മൂന്ന് പേർ മാത്രമാണ് രണ്ടക്കം കണ്ടത്. ഈ വിജയത്തോടെ പോയന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഇന്ത്യ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞു. വെറും 22 റൺസെടുക്കുന്നതിനിടെ ഏഴ് മുൻനിര വിക്കറ്റുകൾ നിലംപൊത്തി. ഇന്ത്യൻ പേസർമാരുടെ തീയുണ്ടകൾക്ക് മുമ്പിൽ ലങ്കൻ താരങ്ങൾ മുട്ടുമടക്കി. സിറാജും ഷമിയും ബുംറയും മാരക ഫോമിൽ പന്തെറിഞ്ഞതോടെ തുടക്കത്തിൽ തന്നെ ഇന്ത്യ വിജയമുറപ്പിച്ചു. പുറത്തായ ഏഴ് താരങ്ങൾക്കും രണ്ടക്കം പോലും നേടാനായില്ല.

പത്തും നിസ്സങ്ക (0), ദിമുത് കരുണരത്നെ (0), സദീര സമരവിക്രമ (0), കുശാൽ മെൻഡിസ് (1), ചരിത് അസലങ്ക (1), ദുഷൻ ഹേമന്ദ (0) എന്നിവർ ഒന്നുപൊരുതുക പോലും ചെയ്യാതെ കീഴടക്കി. ടീം സ്‌കോർ 29-ൽ എത്തിയപ്പോൾ ആകെയുള്ള പ്രതീക്ഷയായ എയ്ഞ്ജലോ മാത്യൂസും പുറത്തായി. 12 റൺസെടുത്ത താരത്തെ ഷമി ക്ലീൻ ബൗൾഡാക്കി. പിന്നാലെ ക്രീസിലൊന്നിച്ച മഹീഷ് തീക്ഷണയും കസുൻ രജിതയും ചേർന്ന് ടീം സ്‌കോർ 49-ൽ എത്തിച്ചു. ഇതോടെ ലോകകപ്പിലെ ഏറ്റവും ചെറിയ സ്‌കോർ എന്ന നാണക്കേടിൽ നിന്ന് ശ്രീലങ്ക രക്ഷപ്പെട്ടു.

എന്നാൽ 14 റൺസെടുത്ത രജിതയെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ അഞ്ചുവിക്കറ്റ് നേട്ടവും സ്വന്തമാക്കി. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം അഞ്ചുവിക്കറ്റ് നേട്ടമാണിത്. ഇതോടെ വെറും മൂന്ന് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റ് വീഴ്‌ത്താനും ഷമിക്ക് സാധിച്ചു. പിന്നാലെ മധുശങ്കയെ പുറത്താക്കി ജഡേജ ഇന്നിങ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഷമി അഞ്ചോവറിൽ 18 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റെടുത്തപ്പോൾ സിറാജ് മൂന്ന് വിക്കറ്റ് നേടി. ബുംറയും ജഡേജയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ടൂർണമെന്റിൽ മികച്ച ഫോം കാഴ്ചവെച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ തുടക്കത്തിൽ തന്നെ പുറത്തായി. വെറും നാല് റൺസ് മാത്രമെടുത്ത താരത്തെ ദിൽഷൻ മധുശങ്ക അതിമനോഹരമായ ഒരു പന്തിലൂടെ ക്ലീൻ ബൗൾഡാക്കി. ഇന്നിങ്സിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെയാണ് രോഹിത് പുറത്തായത്. ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ രോഹിത്ത് പിന്നാലെ പുറത്തായതോടെ ഇന്ത്യ പരുങ്ങലിലായി.

എന്നാൽ മൂന്നാമനായി വന്ന വിരാട് കോലി ഓപ്പണർ ശുഭ്മാൻ ഗില്ലിനൊപ്പം ചേർന്നതോടെ ഇന്ത്യ തകർച്ചയിൽ നിന്ന് കരകയറി. അനായാസം കോലി ബാറ്റിങ് തുടങ്ങിയതോടെ ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ പരന്നു. ഗില്ലിനെ കൂട്ടുപിടിച്ച് കോലി ടീം സ്‌കോർ 100 കടത്തി. പിന്നാലെ താരം അർധസെഞ്ചുറി നേടുകയും ചെയ്തു. ഈ ടൂർണമെന്റിലെ കോലിയുടെ അഞ്ചാം അർധശതകമാണിത്. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്താനും കോലിക്ക് സാധിച്ചു. കോലിക്ക് പിന്നാലെ ഗില്ലും അർധസെഞ്ചുറി നേടി.

കോലിയും ഗില്ലും തകർത്തടിച്ചതോടെ ശ്രീലങ്കൻ ക്യാമ്പിൽ നിരാശ പടർന്നു. ഇരുവരും സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ മധുശങ്ക വീണ്ടും ഇന്ത്യയ്ക്ക് പ്രഹരമേൽപ്പിച്ചു. ഗില്ലിനെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിന്റെ കൈയിലെത്തിച്ച് താരം ഈ കൂട്ടുകെട്ട് പൊളിച്ചു. 92 പന്തിൽ 11 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 92 റൺസെടുത്താണ് ഗിൽ പുറത്തായത്. അർഹിച്ച സെഞ്ചുറി നഷ്ടമായതിന്റെ നിരാശയിൽ ഗിൽ ക്രീസ് വിട്ടു. കോലിക്കൊപ്പം 189 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താനും ഗില്ലിന് സാധിച്ചു.

ഗില്ലിന് പിന്നാലെ കോലിയെയും മധുശങ്ക പുറത്താക്കി. 94 പന്തിൽ 11 ബൗണ്ടറിയുടെ സഹായത്തോടെ 88 റൺസെടുത്ത കോലിയെ മധുശങ്ക പത്തും നിസങ്കയുടെ കൈയിലെത്തിച്ചു. 49-ാം ഏകദിന സെഞ്ചുറിയുടെ അരികിൽ വീണ്ടും കോലി വീണു. നേരത്തേ ഓസീസിനെതിരേ താരം 95 റൺസെടുത്ത് പുറത്തായിരുന്നു. കോലി പുറത്തായതോടെ ക്രീസിൽ കെ.എൽ.രാഹുലും ശ്രേയസ് അയ്യരും ഒന്നിച്ചു. ശ്രേയസ് ആക്രമിച്ച് കളിച്ചുതുടങ്ങി. എന്നാൽ മറുവശത്ത് രാഹുലിന് അധികനേരം പിടിച്ചുനിൽക്കാനായില്ല. 19 പന്തിൽ 21 റൺസെടുത്ത താരത്തെ ദുഷ്മന്ത ചമീര പുറത്താക്കി.

പിന്നാലെ വന്ന സൂര്യകുമാർ യാദവും നിരാശപ്പെടുത്തി. 12 റൺസെടുത്ത താരത്തെ മധുശങ്ക പറഞ്ഞയച്ചു. എന്നാൽ ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ശ്രേയസ് അടിച്ചുതകർത്തു. അർധസെഞ്ചുറി നേടിയ ശ്രേയസ് ജഡേജയെ കൂട്ടുപിടിച്ച് 44.5 ഓവറിൽ ടീം സ്‌കോർ 300 കടത്തി. അവസാന ഓവറുകളിൽ ശ്രേയസ് സ്ഫോടനാത്മക ബാറ്റിങ് പുറത്തെടുത്തതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. മധുശങ്കയുടെ 48-ാം ഓവറിലെ ആദ്യ രണ്ട് പന്തിലും സിക്സടിച്ച ശ്രേയസ് മൂന്നാം പന്തിൽ പുറത്തായി. വെറും 56 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും ആറ് സിക്സിന്റെയും സഹായത്തോടെ 82 റൺസെടുത്താണ് ശ്രേയസ് ക്രീസ് വിട്ടത്.

ശ്രേയസ് മടങ്ങിയ ശേഷം ആക്രമണം ഏറ്റെടുത്ത ജഡേജ ടീം സ്‌കോർ 350 കടത്തി. അവസാന ഓവറുകളിൽ താരം അടിച്ചുതകർത്തു. ജഡേജ 24 പന്തിൽ 35 റൺസെടുത്ത് അവസാന ഓവറിലെ അവസാന പന്തിൽ പുറത്തായി. ശ്രീലങ്കയ്ക്ക് വേണ്ടി ദിൽഷൻ മധുശങ്ക അഞ്ചുവിക്കറ്റ് വീഴ്‌ത്തി.