- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽമുട്ടിനേറ്റ പരുക്കിൽ നഷ്ടമായ രണ്ടു വർഷം; ജീവനൊടുക്കൻ ഒരുങ്ങിയത് മൂന്ന് തവണ; കോഴ വിവാദം ഉയർന്നപ്പോൾ രാജ്യത്തെ വഞ്ചിക്കുന്നതിനേക്കാൾ നല്ലത് മരണമെന്ന് പ്രതികരണം; ലോകകപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്നും വീഴ്‌ത്തിയത് 14 വിക്കറ്റുകൾ; മുഹമ്മദ് ഷമി ഹീറോ ആകുന്ന വിധം!
മുംബൈ: പകരക്കാരന്റെ റോളിലേക്ക് എത്തി നായകനായി മാറുക.... തന്നെ തഴഞ്ഞവർക്ക് മുന്നിൽ അതിന്റെ കാരണം എന്തെന്ന് മികച്ച പ്രകടനത്തിലൂടെ ചോദിച്ചുകൊണ്ടേയിരിക്കുക. ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നായകനായി മുഹമ്മദ് ഷമി ചരിത്രത്തിൽ ഇടംപിടിക്കുകയാണ്. ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന ബൗളറെന്ന നേട്ടം കൈവരിച്ചാണ് ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നായകനായി മുഹമ്മദ് ഷമി മാറുന്നത് ഇത് വെറും കണക്കുപറച്ചിലല്ല. വെറും 14 ഇന്നിങ്‌സുകളിൽ നിന്നും 48 വർഷത്തെ ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കരാനായാണ് ഷമി ചരിത്രം കുറിക്കുന്നത്. 23 ഇന്നിങ്‌സുകളിൽ നിന്ന് 44 വിക്കറ്റെടുത്ത സഹീർ ഖാനെയും 33 ഇന്നിങ്‌സിൽ നിന്ന് 44 വിക്കറ്റെടുത്ത ജവഗൽ ശ്രീനാഥിനെയുമാണ് ഷമി ഇന്ന് പിന്നിലാക്കിയത്. 33 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും 31 വിക്കറ്റെടുത്ത അനിൽ കുംബ്ലെയുമാണ് ഷമിക്ക് പിന്നിലുള്ളത്.
ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറെന്ന റെക്കോർഡും ഷമി സ്വന്തമാക്കി കഴിഞ്ഞു. ഈ വർഷം നാലാം തവണയാണ് ഷമി നാലോ അതിൽ കൂടുതലോ വിക്കറ്റ് നേടുന്നത്. അതിൽ മൂന്ന് തവണയും അഞ്ച് വിക്കറ്റ് നേട്ടമുണ്ട്. 2013ലും ഷമി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പിൽ കളിച്ച 14 ഇന്നിങ്‌സിൽ ഏഴ് തവണയും നാലു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഷമി ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറുമായി.
ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ മുഹമ്മദ് ഷമിയെ പുറത്തിരുത്തിയതിന് ഇന്ത്യ ഇപ്പോൾ ദുഃഖിക്കുന്നുണ്ടാവും. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെ ഇന്ത്യൻ ടീം മാനേജ്മെന്റ് കൂടുതൽ വിശ്വസിച്ചതോടെ ഷമി ബെഞ്ചിലേക്കൊതുങ്ങുകയായിരുന്നു. ഹാർദിക് പാണ്ഡ്യക്ക് പരിക്കേൽക്കുകയും അദ്ദേഹം പുറത്താവുകയും ചെയ്തില്ലായിരുന്നെങ്കിൽ ഷമി ചിലപ്പോൾ ലോകകപ്പിലുടെനീളം ബെഞ്ചിലിരുന്നേനെ. ന്യൂസീലൻഡിനെതിരേ ഷമിക്ക് ഇടം ലഭിച്ചപ്പോൾ അഞ്ച് വിക്കറ്റുകളുമായി മാച്ച് വിന്നറാവാൻ ഷമിക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരേ നാല് വിക്കറ്റുകളുമായി വീണ്ടും മാച്ച് വിന്നറായി അദ്ദേഹം മാറി. ശ്രീലങ്കയ്ക്കെതിരേയും അഞ്ച് വിക്കറ്റുകളുമായി അദ്ദേഹം കസറി.
വെറും മൂന്നേ മൂന്നു മത്സരങ്ങളാണ് ഈ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ, ഇന്ത്യൻ ബോളിങ് നിരയുടെ അമരത്തുനിൽക്കാൻ മുഹമ്മദ് ഷമിക്കു വേണ്ടിവന്നത്. ഷമിയുടെ വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. ഹാർദ്ദിക് പാണ്ഡ്യക്ക് പരിക്കേറ്റതുകൊണ്ട് മാത്രം പ്ലേയിങ് ഇലവനിൽ മാറ്റം വരുത്താൻ നിർബന്ധിതരായ ടീം മാനേജ്‌മെന്റ് മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ചപ്പോൾ ആരാധകർ പോലും ഈ ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഈ ലോകകപ്പില് കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് മാത്രം രണ്ട് അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ ഷമി എറിഞ്ഞിട്ടത് 14 വിക്കറ്റുകളാണ്.
ഇന്ത്യൻ വിക്കറ്റിൽ മൂന്ന് പേസർമാരുമായി ഇറങ്ങേണ്ടതില്ലെന്ന പിടിവാശി ടീം മാനേജ്‌മെന്റ് ഉപേക്ഷിച്ചത്. ഫലം, മൂന്ന് മത്സരങ്ങളിൽ നിന്ന് 6.71 ശരാശരിയിൽ രണ്ട് 5 വിക്കറ്റ് നേട്ടമുൾപ്പെടെ 14 വിക്കറ്റുമായി ഷമി തിരിച്ചുവരവ് ആഘോഷമാക്കി. ഏഴ് മത്സരങ്ങളിൽ നിന്നു 18 വിക്കറ്റ് നേടിയ ശ്രീലങ്കൻ പേസർ ദിൽഷൻ മധുഷങ്കയാണ് ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനെങ്കിൽ മൂന്ന് മത്സരത്തിൽ നിന്ന് 14 വിക്കറ്റുമായി ആദ്യ ആറിൽ ഷമിയുമുണ്ട്.
ഷമി ഹീറോയെന്ന് ഇപ്പോൾ എല്ലാവരും വാഴ്‌ത്തുമ്പോഴും ഷമിക്ക് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നാണ് വസ്തുത. ഏകദിനത്തിൽ ഇപ്പോഴും അണ്ടർറേറ്റഡ് ആയിട്ടുള്ള ബൗളറാണ് ഷമിയെന്ന് നിസംശയം പറയാം. അർഹിച്ച പിന്തുണ ഷമിക്ക് ലഭിച്ചിട്ടില്ല. മുഹമ്മദ് സിറാജിനെപ്പോലൊരു ബൗളർക്കുവേണ്ടി ബെഞ്ചിലേക്കൊതുക്കപ്പെടേണ്ട ബൗളറല്ല ഷമി. വിക്കറ്റ് നേട്ടവും സ്വിങ്ങിന്റെ സാഹചര്യവുമെല്ലാം പരിശോധിക്കുമ്പോൾ ജസ്പ്രീത് ബുംറയോട് ഒപ്പം നിൽക്കാൻ കെൽപ്പുള്ള ബൗളറാണ് ഷമി. എന്നാൽ ഇന്ത്യൻ ടീം മാനേജ്മെന്റ് ഷമിയെ എല്ലാക്കാലത്തും രണ്ടാം നിര ബൗളറുടെ സ്ഥാനമാണ് പരിമിത ഓവറിൽ നൽകിയിരുന്നത്. ലോകകപ്പിന് മുമ്പുള്ള പ്രധാന ഏകദിന പരമ്പരകളിലൊന്നും ഷമിക്ക് കാര്യമായ അവസരം ലഭിച്ചിട്ടില്ല.
പരിമിത ഓവറിൽ ഇപ്പോഴും പകരക്കാരന്റെ റോൾ മാത്രമാണ് ഷമിക്കുള്ളത്. ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോൾ ഷമിയെ ഇന്ത്യ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനാവില്ല. ടെസ്റ്റിൽ ഷമി പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ്. പ്രധാനമായും വിദേശ പിച്ചുകളിൽ ഷമിക്ക് ഇന്ത്യ വലിയ പിന്തുണ നൽകുന്നു. എന്നാൽ പരിമിത ഓവറിൽ ഇത് അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. നായകൻ രോഹിത് ശർമയും ഷമിയെക്കാൾ പിന്തുണക്കുന്നത് സിറാജിനെയാണ്.
ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ അണ്ടർറേറ്റഡ് ബൗളറാണ് ഷമിയെന്ന് നിസംശയം പറയാം. ഷമിയുടെ കരിയർ തന്നെ തകർന്നുപോകുന്ന നിരവധി സംഭവങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായി വേർപിരിയുകയും പിന്നീട് നിയമപരമായ പോരാട്ടം നടക്കുകയും വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായും ഷമി തുറന്ന് പറഞ്ഞിരുന്നു.
2015 ലോകകപ്പിൽ ഒരു പടക്കുതിരയെപ്പോലെ തേരോട്ടം നടത്തുന്ന ഷമിയെ എല്ലാവർക്കും പരിചയമുണ്ട്. പക്ഷേ അതിനുമുമ്പ് അയാൾ നേരിടേണ്ടി വന്ന കനൽ വഴിയെക്കുറിച്ച് ആർക്കും അറിവുണ്ടാകില്ല.
2015ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന ലോകകപ്പിലാണ് ഷമിയുടെ മുട്ടിന് പരിക്കേൽക്കുന്നത്. അത് വകവയ്ക്കാതെ കളിച്ച ഷമി സെമി ഫൈനൽ വരെ ഇന്ത്യയെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. മുട്ടിനേറ്റ പരിക്ക് ഭേദമാകാൻ രണ്ട് വർഷത്തോളമെടുത്തു. ഇതിനിടെ സ്വന്തം ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസമുണ്ടായി. വ്യക്തിജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടു. കേസുകളും വഴക്കുമായി അതു നീണ്ടു.
ഫ്‌ളാറ്റിന്റെ 24ാം നിലയിൽ താമസിച്ചിരുന്ന ഷമി ബാൽക്കണിയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കുമോ എന്ന് ഭയന്ന് മൂന്ന് സുഹൃത്തുക്കൾ എപ്പോഴും കാവൽ നിന്നിരുന്നതായി ഷമി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
അദ്ദേഹത്തിന്റെ പിതാവിനെയും ഇതിനിടെ നഷ്ടമായി. ഈ പ്രതിസന്ധികൾക്കിടയിലും ഷമി ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുകയും ഞെട്ടിക്കുന്ന പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോയായി മാറുകയും ചെയ്തു. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറെന്ന വിശേഷണം ഷമിക്ക് നൽകിയാലും തെറ്റില്ല. ജസ്പ്രീത് ബുംറയുടെ നിഴലായി പലപ്പോഴും ഷമി ഒതുക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിലപ്പുറം തന്റേതായ സിംഹാസനം അർഹിക്കുന്ന ബൗളറാണ് അദ്ദേഹം.
97 ഏകദിനം കളിച്ച ഷമി 185 വിക്കറ്റുകളാണ് ഇതിനോടകം വീഴ്‌ത്തിയത്. ഇതിൽ നാല് അഞ്ച് വിക്കറ്റ് പ്രകടനവും ഉൾപ്പെടും. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ലോകകപ്പിൽ നേടാൻ ഷമിക്ക് സാധിച്ചു. ബുംറയുടെ ഏകദിന കരിയറിൽ രണ്ട് തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. നിലവിലെ ഏറ്റവും മികച്ച ഇന്ത്യൻ പേസർ സ്ഥാനം ഷമി അർഹിക്കുമ്പോഴും അതിനൊത്ത അംഗീകാരം ഷമിക്കില്ലെന്നതാണ് പരമമായ സത്യം.
സീം ബോളിങ്ങിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുഹമ്മദ് ഷമിയുടെ സ്‌പെല്ലുകൾ. ന്യൂബോളിലായാലും അവസാന ഓവറുകളിലായാലും കൃത്യമായ സീം പൊസിഷനോടുകൂടിയാണ് ഷമി പന്തെറിയാറ്. ബോളിനെ ഇരുഭാഗത്തേക്കും സ്വിങ് ചെയ്യിക്കാൻ ഷമിക്കു സാധിക്കുന്നതും ഇതുകൊണ്ടുതന്നെ. പേസർമാർക്ക് കാര്യമായ പിന്തുണയില്ലാത്ത പിച്ചിൽ പോലും പന്ത് കൃത്യമായി സീമിൽ തന്നെ പിച്ച് ചെയ്യിക്കുന്നതിലൂടെ ലേറ്റ് സ്വിങ് ഉൾപ്പെടെ കണ്ടെത്താൻ ഷമിക്കു സാധിക്കുന്നു.
ലൈൻ ആൻഡ് ലെങ്ത്താണ് ഷമിയുടെ മറ്റൊരായുധം. ഓഫ് സ്റ്റംപിനു പുറത്ത് 45 സ്റ്റംപ് ലൈനിൽ ഗുഡ് ലെങ്ത്ത്, ജസ്റ്റ് ഷോർട്ട് ഓഫ് ഗുഡ് ലെങ്ത്ത് ഏരിയകളിലാണ് ഷമി തുടക്കത്തിൽ പന്തെറിയാറ്. പരമാവധി സ്വിങ് കണ്ടെത്താനും വിക്കറ്റ് നേടാനും ഇതു സഹായിക്കുന്നു. പന്ത് പഴകുന്നതോടെ ഫുൾ ലെങ്ത്തിലേക്കും യോർക്കറിലേക്കും ലെങ്ത് മാറ്റുന്ന ഷമി, അപ്രതീക്ഷിത ഷോർട്ട് ബോളുകളിലൂടെ വാലറ്റക്കാരെ പരീക്ഷിക്കും. ലൈൻ ആൻഡ് ലെങ്ത്തിന്റെ ഈ മനോഹര കോംബിനേഷനാണ് ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെയും ഷമി പുറത്തെടുത്തത്.
സ്പോർട്സ് ഡെസ്ക്