- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റണ്ണൗട്ടിൽ വീണത് നാല് പ്രധാന വിക്കറ്റുകൾ; മൂന്ന് വിക്കറ്റുമായി മുഹമ്മദ് നബിയും; നെതർലൻഡ്സിനെ 179 റൺസിൽ എറിഞ്ഞിട്ടു; ലോകകപ്പിൽ നാലാം ജയത്തിലേക്ക് അഫ്ഗാന് 180 റൺസ് വിജയലക്ഷ്യം
ലഖ്നൗ: ഏകദിന ലോകകപ്പിൽ സെമി ബർത്ത് സ്വപ്‌നം കാണുന്ന അഫ്ഗാനിസ്ഥാന് നെതർലൻഡ്‌സിനെതിരെ 180 റൺസ് വിജയലക്ഷ്യം. മത്സരത്തിൽ നാല് പ്രധാന വിക്കറ്റുകൾ റണ്ണൗട്ടിലൂടെ നഷ്ടമായ നെതർലൻഡ്സ് 46.3 ഓവറിൽ 179 റൺസിന് പുറത്തായി. അഫ്ഗാന് വേണ്ടി മുഹമ്മദ് നബി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. നൂർ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡച്ച് ടീമിന് ആദ്യ ഓവറിൽ തന്നെ വെസ്ലി ബാരെസിയെ (1) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ 70 റൺസ് ചേർത്ത മാക്സ് ഓഡൗഡ് - കോളിൻ ആക്കെർമാൻ സഖ്യം ടീമിനെ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് റണ്ണൗട്ടിന്റെ രൂപത്തിൽ ആദ്യ തിരിച്ചടിയെത്തുന്നത്. 40 പന്തിൽ നിന്ന് 42 റൺസെടുത്ത ഓഡൗഡ് റണ്ണൗട്ടായി.
20 റൺസ് കൂടി ചേർത്തതിനു പിന്നാലെ ആക്കെർമാനും റണ്ണൗട്ടിലൂടെ പുറത്ത്. 35 പന്തിൽ നിന്ന് 29 റൺസായിരുന്നു താരത്തിന്റെ സംഭാവന. പിന്നാലെയെത്തിയ ക്യാപ്റ്റൻ സ്‌കോട്ട് എഡ്വാർഡ്സിനെ (0) ആദ്യപന്തിൽ തന്നെ വിക്കറ്റ് കീപ്പർ ഇക്രാം അലിഖിൽ റണ്ണൗട്ടാക്കി. തുടർന്ന് (ബാസ് ഡെ ലീഡ (3), സാഖ്വിബ് സുൽഫിഖർ (3), ലോഗൻ വാൻ ബീക് (2) എന്നിവരും വന്നപോലെ മടങ്ങി.
പിന്നാലെ 86 പന്തിൽ നിന്ന് 58 റൺസെടുത്ത് ഡച്ച് ടീമിന്റെ ടോപ് സ്‌കോററായ സൈബ്രാൻഡ് ഏംഗൽബ്രെക്റ്റും റണ്ണൗട്ടായതോടെ 200 കടക്കുക എന്ന നെതർലൻഡ്സിന്റെ പ്രതീക്ഷയറ്റു.
സ്പോർട്സ് ഡെസ്ക്