- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ധോനിയുമായി ക്രിക്കറ്റ് മൂലമുള്ള സൗഹൃദം മാത്രം; ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിട്ടില്ല; അന്ന് എന്നോട് സത്യം പറയാൻ അദ്ദേഹം മടി കാണിച്ചില്ല; അക്കാര്യത്തിൽ എനിക്ക് കടപ്പാടുണ്ട്'; തുറന്നുപറഞ്ഞ് യുവരാജ് സിങ്
മുംബൈ: ഏകദിന ട്വന്റി 20 ലോകകപ്പുകളിലടക്കം ഇന്ത്യയുടെ ചരിത്രനേട്ടങ്ങളിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് മുൻ നായകൻ മഹേന്ദ്രസിങ് ധോണിയും യുവരാജ് സിംഗും. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ മധ്യനിരയിലെ വിശ്വസ്തരായ ബാറ്റ്സ്മാന്മാരായിരുന്നു ഇരുവരും.
എന്നാൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവരാജ് സിങ്. മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോനിയുമായി തനിക്ക് അടുത്ത സുഹൃദ്ബന്ധമില്ലെന്ന് യുവരാജ് തുറന്നുപറഞ്ഞു. ടി.ആർ.എസ് പോഡ്കാസ്റ്റിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.
2007 ലെ പ്രഥമ ടി-20 ലോകകപ്പിൽ യുവരാജ് സിങ് ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെ ഒരോവറിൽ ആറ് സിക്സ് പായിക്കുമ്പോൾ ധോണിയായിരുന്നു നോൺ സ്ട്രൈക്ക് എൻഡിൽ ഉണ്ടായിരുന്നത്. 2011 ലോകകപ്പിൽ ശ്രീലങ്കയുടെ കുലശേഖരയെ സിക്സ് പറത്തി ധോണി കിരീടം ഇന്ത്യയ്ക്ക് സമ്മാനിക്കുമ്പോൾ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ യുവിയുമുണ്ടായിരുന്നു.
ഇത്തരത്തിൽ ഇന്ത്യയുടെ പല നിർണായക വിജയങ്ങളിലും ധോണിയും യുവിയും പങ്കാളികളായിരുന്നു. പരിശീലനത്തിലും പലപ്പോഴും ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളുടെ ചിത്രങ്ങൾ ദൃശ്യ-പത്രമാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ധോണിയുമായി അത്ര വലിയ സൗഹൃദമൊന്നുമില്ല എന്നാണ് യുവരാജ് പറയുന്നത്.
ധോനിയും യുവരാജും അടുത്ത സുഹൃത്തുക്കളാണെന്നാണ് ഇത്രയും കാലം ആരാധകർ കരുതിയിരുന്നത്. എന്നാൽ യുവരാജിന്റെ വെളിപ്പെടുത്തലോടെ ആരാധകരും നിരാശയിലാണ്. ധോനിയുമായി ക്രിക്കറ്റ് മൂലമുള്ള സൗഹൃദം മാത്രമാണുള്ളതെന്ന് യുവരാജ് പറഞ്ഞു.
താനും ധോണിയും സുഹൃത്തുക്കളാണെന്നും എന്നാൽ അടുത്ത സുഹൃത്തുക്കളല്ലെന്നുാണ് യുവരാജ് പറയുന്നത്. എം എസ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പൊളിറ്റിക്കലി കറക്ടായ ഉത്തരം പറയാനാണ് ഞാൻ ശ്രമിക്കുന്നത്. ധോണിയോട് അത് ചോദിച്ചാലും ഇക്കാര്യം ശരിയായിരിക്കും എന്നാണ് യുവരാജ് സിങ് പറയുന്നത്
'ഞാനും മഹിയും അടുത്ത സുഹൃത്തുക്കളല്ല. ക്രിക്കറ്റ് കാരണമാണ് ഞങ്ങൾ സുഹൃത്തുക്കളായത്. ഞങ്ങൾ ഒരുമിച്ച് കളിച്ചു. എന്നാൽ എന്റെ ജീവിതശൈലി അദ്ദേഹത്തിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. അതിനാൽ ഞങ്ങൾ ഒരിക്കലും അടുത്ത സുഹൃത്തുക്കളായിരുന്നില്ല. ഞാനും ധോണിയും ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ ടീം നന്നായി കളിക്കുന്നുണ്ടോ എന്നതിലായിരുന്നു ശ്രദ്ധ. ടീമിനായി എപ്പോഴും 100 ശതമാനത്തിലധികം നൽകിയവരാണ് ഞങ്ങൾ,' യുവരാജ് പറഞ്ഞു.
അദ്ദേഹം ക്യാപ്റ്റനും ഞാൻ വൈസ് ക്യാപ്റ്റനുമായിരുന്നു. ധോണി ടീമിൽ വരുമ്പോൾ എന്നെക്കാൾ നാല് വർഷം ജൂനിയറായിരുന്നു എന്നും യുവരാജ് സിങ് കൂട്ടിച്ചേർത്തു. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും തമ്മിൽ തീരുമാനങ്ങളിൽ വ്യത്യാസമുണ്ടാകും എന്നും ചിലപ്പോൾ തനിക്ക് ഇഷ്ടപ്പെടാത്ത തീരുമാനങ്ങൾ ധോണി എടുത്തിട്ടുണ്ടെന്നും മറ്റ് ചിലപ്പോൾ അദ്ദേഹത്തിന് ഇഷ്ടപ്പെടാത്ത തീരുമാനങ്ങൾ താൻ എടുത്തിട്ടുണ്ടെന്നും യുവി പറഞ്ഞു.
എല്ലാ ടീമുകളിലും ഇത് നടക്കുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, 2019 ലോകകപ്പിന് മുമ്പുള്ള തന്റെ കരിയറിന്റെ അവസാന ദിവസങ്ങളിൽ വ്യക്തത നൽകിയ ഒരേയൊരു വ്യക്തിയാണ് എം എസ് ധോണിയെന്ന് യുവരാജ് സിങ് ഓർമിച്ചു. ''എന്റെ കരിയറിന്റെ അവസാനത്തിൽ, എനിക്ക് വ്യക്തമായ ചിത്രം ലഭിക്കാതെ വന്നപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അടുത്ത് പോയി ഉപദേശം തേടി.
സെലക്ഷൻ കമ്മിറ്റി നിങ്ങളെ ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം ആ സമയത്ത് എന്നോട് തുറന്ന് പറഞ്ഞു. അക്കാര്യത്തിൽ എനിക്ക് അദ്ദേഹത്തോട് കടപ്പാടുണ്ട്. അദ്ദേഹം എന്നോട് സത്യം പറയാൻ മടി കാണിച്ചില്ല,' യുവരാജ് പറഞ്ഞു. അതേസമയം ടീമിനായി മികച്ച പ്രകടനം നടത്താൻ നിങ്ങൾ മികച്ച സുഹൃത്തുക്കളാകണമെന്നില്ല എന്നും നിങ്ങളുടെ ഈഗോ മാറ്റിവെച്ച് കളിക്കണം എന്നും യുവരാജ് പറഞ്ഞു.
സ്പോർട്സ് ഡെസ്ക്