- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ ദിനത്തിൽ സെഞ്ചുറി സമ്മാനിച്ച് കിങ് കോലി; വെടിക്കെട്ട് അർധസെഞ്ചുറിയുമായി ശ്രേയസ്; പേസർമാരെ തല്ലിത്തകർത്ത് ഈഡൻ ഗാർഡൻസിൽ മികച്ച സ്കോർ ഉയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് 327 റൺസ് വിജയലക്ഷ്യം
കൊൽക്കത്ത: ഏകദിന സെഞ്ചുറി നേട്ടത്തിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിനൊപ്പമെത്തിയ മിന്നും പ്രകടനവുമായി വിരാട് കോലിയും തകർപ്പൻ അർധസെഞ്ചുറിയുമായി ശ്രേയസ് അയ്യറും മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 327 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്.
ലോകകപ്പിൽ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിർണായക പോരാട്ടത്തിൽ 49-ാം ഏകദിന സെഞ്ചുറിയുമായി കോലി ബാറ്റിങ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയപ്പോൾ 77 റൺസടിച്ച ശ്രേയസ് അയ്യരും ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങി. 15 പന്തിൽ 29 റൺസുമായി ജഡേജ വിരാട് കോലിക്കൊപ്പം(101*) പുറത്താകാതെ നിന്നു.
ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. മാർക്കോ യാൻസനെയും ലുങ്കി എങ്കിഡിയെയും കടന്നാക്രമിച്ച രോഹിത് ആദ്യ അഞ്ചോവറിൽ ഇന്ത്യയെ 50 കടത്തി. ഇതോടെ അഞ്ചാം ഓവറിൽ ദക്ഷിണാഫ്രിക്കൻ നായകൻ ടെംബാ ബാവുമ കാഗിസോ റബാഡയെ പന്തേൽപ്പിച്ചു. തന്റെ ആദ്യ ഓവറിൽ തന്നെ രോഹിത്തിനെ(24 പന്തിൽ 40) മടക്കി റബാഡ ക്യാപ്റ്റന്റെ വിശ്വാസം കാത്തു.
എങ്കിലും രോഹിത് നൽകിയ തുടക്കത്തിൽ കോലിയും ഗില്ലും കൂടി ചേർന്നതോടെ ഇന്ത്യ ഓവറിൽ ഒമ്പത് റൺസിന് മുകളിൽ സ്കോർ ചെയ്തു. സ്കോർ 100 കടക്കും മുമ്പ് സ്പിന്നർ പതിനൊന്നാം ഓവറിൽ കേശവ് മഹാരാജിനെ പന്തേൽപ്പിച്ച ബാവുമയ്ക്ക് പിഴച്ചില്ല. സ്പിൻ പിച്ചിൽ ഗിൽ ക്ലീൻ ബൗൾഡ്. ടീം സ്കോർ 93-ൽ നിൽക്കെ അതിമനോഹരമായ ഒരു പന്തിലൂടെ ഗില്ലിനെ കേശവ് മഹാരാജ് ക്ലീൻ ബൗൾഡാക്കി. 24 പന്തിൽ 23 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. ഗില്ലിന് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി. ഗിൽ മടങ്ങിയശേഷമായിരുന്നു ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ട്.
ശ്രേയസ്സും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി. ഇരുവരും അർധസെഞ്ചുറി കുറിക്കുകയും ചെയ്തു. കോലിയാണ് ആദ്യം അർധസെഞ്ചുറി നേടിയത്. ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ നിന്നായി കോലി നേടുന്ന ആറാം അർധശതകമാണിത്. പിന്നാലെ ശ്രേയസ്സും അർധസെഞ്ചുറി നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം അർധശതകം നേടി. ഇരുവരും ചേർന്ന് ടീം സ്കോർ 200 കടത്തി. എന്നാൽ ലുങ്കി എൻഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ്സിനെ എൻഗിഡി പുറത്താക്കി. കോലിക്കൊപ്പം 124 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ശ്രേയസ് ക്രീസ് വിട്ടത്.
ശ്രേയസിന് പകരം രാഹുൽ ക്രീസിലെത്തി. രാഹുലും കോലിയും റൺസ് കണ്ടെത്താൻ നന്നായി പാടുപെട്ടു. ഇതോടെ ഇന്ത്യൻ റൺറേറ്റ് കുറഞ്ഞു. രാഹുൽ വൈകാതെ പുറത്താവുകയും ചെയ്തു. 17 പന്തിൽ എട്ട് റൺസ് മാത്രമെടുത്ത രാഹുലിനെ യാൻസൺ പുറത്താക്കി. പിന്നാലെ വന്ന സൂര്യകുമാർ 14 പന്തിൽ 22 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് മടങ്ങി. സൂര്യകുമാറിന് പകരം വന്ന രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വിരാട് കോലി ചരിത്രം കുറിച്ചു. ഏകദിനത്തിലെ 49-ാം സെഞ്ചുറി താരം പൂർത്തിയാക്കി. 119 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ സ്ഥാപിച്ച റെക്കോഡിനൊപ്പം കോലിയെത്തി. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരം എന്ന റെക്കോഡാണ് കോലി നേടിയത്. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണിത്.
15 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും പറത്തി29 റൺസുമായി പുറത്താകാതെ നിന്ന ജഡേജയുടെ ഫിനിഷിങ് ഇന്ത്യയെ 300 കടത്തുന്നതിൽ നിർണായകമായി. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളറായ മാർക്കോ യാൻസനാണ് ഇന്ത്യൻ ബാറ്റർമാരിൽ നിന്ന് ഏറ്റവും കൂടുതൽ പ്രഹരമേറ്റുവാങ്ങിയത്. 9.4 ഓവറിൽ യാൻസൻ 94 റൺസ് വഴങ്ങി. കേശവ് മഹാരാജ് 10 ഓവറിൽ 30 റൺസിനും റബാഡ 10 ഓവറിൽ 48 റൺസിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്പോർട്സ് ഡെസ്ക്