ഡൽഹി: ഏകദിന ക്രിക്കറ്റിൽ 49-ാം സെഞ്ചുറി തികച്ച് തന്റെ റെക്കോഡിനൊപ്പമെത്തിയ വിരാട് കോലിക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. സമൂഹമാധ്യമങ്ങളിൽ കോലിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സച്ചിൻ അഭിനന്ദനങ്ങൾ നേർന്നത്. കോലി നന്നായി കളിച്ചുവെന്ന് പ്രശംസിച്ച സച്ചിൻ അടുത്ത ദിവസങ്ങളിൽ തന്റെ റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിച്ചു. ഒരു ഏകദിന സെഞ്ചറി കൂടിയായാൽ സച്ചിനെ പിന്നിലാക്കി 50 സെഞ്ചറികളെന്ന നേട്ടത്തിലേക്കു കോലിയെത്തും.

'' ഈ വർഷം 49 ൽനിന്ന് 50ൽ എത്താൻ എനിക്കു 365 ദിവസങ്ങൾ വേണ്ടിവന്നു. അടുത്ത കുറച്ചു ദിവസങ്ങളിൽ തന്നെ 49 ൽനിന്ന് 50 ൽ എത്തി എന്റെ റെക്കോർഡ് തകർക്കുമെന്നു കരുതുന്നു.'' ഈ വർഷം 50 വയസ്സുപൂർത്തിയായ സച്ചിൻ കുറിച്ചു

2023 ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയതോടെയാണ് കോലി ചരിത്രത്തിന്റെ ഭാഗമായത്. താരത്തിന്റെ 49-ാം ഏകദിന സെഞ്ചുറിയാണിത്. സച്ചിന്റെ അക്കൗണ്ടിലും 49 സെഞ്ചുറികളാണുള്ളത്.

സച്ചിൻ തെൻഡുൽക്കർ 463 മത്സരങ്ങൾ കളിച്ചാണ് 49 ഏകദിന സെഞ്ചറികളിലെത്തിയത്. പക്ഷേ കോലിക്ക് ആകെ 290 മത്സരങ്ങൾ മാത്രമാണ് ഇതിനു വേണ്ടിവന്നത്. ഈ ലോകകപ്പിൽ തന്നെ കോലി സച്ചിനെ മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 35 വയസ്സുമാത്രം പ്രായമുള്ള കോലി സെഞ്ചറികളുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡ് തന്നെ കെട്ടിപ്പടുക്കുമെന്ന് ഉറപ്പാണ്.

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ ശ്രദ്ധാപൂർവം കളിച്ച കോലി പതിവിന് വിപരീതമായി പതുക്കെയാണ് ബാറ്റുവീശിയത്. 119 പന്തുകളിൽ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെയാണ് കോലി സെഞ്ചുറി പൂർത്തിയാക്കിയത്. തന്റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറി കുറിച്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽത്തന്നെയാണ് കോലി 49-ാം സെഞ്ചുറി നേടിയത് എന്ന പ്രത്യേകതയുമുണ്ട് ഈ ഇന്നിങ്സിന്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ കോലിയുടെ 79-ാം സെഞ്ചുറി കൂടിയാണിത്. ടെസ്റ്റിൽ 29 സെഞ്ചുറിയും ട്വന്റി 20യിൽ ഒരു ശതകവുമാണ് കോലിക്കുള്ളത്. 100 സെഞ്ചുറികളുള്ള സച്ചിൻ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. സച്ചിന് ടെസ്റ്റിൽ 51 സെഞ്ചുറികളുണ്ട്.

ജന്മദിനത്തിൽ തന്നെ സെഞ്ചറി നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി ഇതോടെ ഇടം പിടിച്ചു. പിറന്നാൾ ദിനത്തിൽ സെഞ്ചറി തികയ്ക്കുന്ന ഏഴാമത്തെ മാത്രം താരമാണു വിരാട് കോലി. ജന്മദിനത്തിൽ നൂറു തികച്ച ആദ്യ താരം ഒരു ഇന്ത്യക്കാരനാണ്, വിനോദ് കാംബ്ലി. 1993 ൽ 21 വയസ്സു തികഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിനെതിരെ കാംബ്ലി സെഞ്ചറി നേടിയത്. ഷാർജ സ്റ്റേഡിയത്തിൽ സച്ചിൻ സെഞ്ചറി തികച്ചത് താരത്തിന്റെ 25ാം ജന്മദിനത്തിലായിരുന്നു.

സനത് ജയസൂര്യ, റോസ് ടെയ്‌ലർ, ടോം ലാഥം എന്നിവരും ജന്മദിനത്തിലെ സെഞ്ചറിക്കാരാണ്. 2023 ഏകദിന ലോകകപ്പിൽ കോലിക്കു പുറമേ മറ്റൊരാൾകൂടി ജന്മദിനത്തിൽ സെഞ്ചറി നേടിയിട്ടുണ്ട്. ഓസീസ് താരം മിച്ചൽ മാർഷാണ് അത്. മാർഷ് പാക്കിസ്ഥാനെതിരായ സെഞ്ചറി തികച്ചത് പിറന്നാൾ ദിനത്തിലായിരുന്നു.