കൊൽക്കത്ത: ലോകകപ്പ് പ്രാഥമിക റൗണ്ടിൽ ഒന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള നിർണായക പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ കറക്കി വീഴ്‌ത്തി തുടർച്ചയായ എട്ടാം ജയം സ്വന്തമാക്കി ഇന്ത്യ. ലോകകപ്പിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ പരസ്പരം ഏറ്റുമുട്ടിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 243 റൺസിന് തകർത്തെറിഞ്ഞാണ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സെമി ഫൈനലിലേക്ക് മുന്നേറിയത്.

ലോകകപ്പിൽ അപരാജിതക്കുതിപ്പ് തുടരുന്ന ഇന്ത്യ തുടർച്ചയായ എട്ടാം വിജയമാണ് കുറിച്ചത്. ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ വെറും 83 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയും കുൽദീപ് യാദവും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. നേരത്തെ 49-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലിയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

തുടർച്ചയായി എട്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യ ഇതോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. മാത്രമല്ല സെമിയിൽ ഒന്നാം സ്ഥാനക്കാരായി പ്രവേശനം നേടുകയും ചെയ്തു. സെമിയിൽ നാലാം സ്ഥാനക്കാരായ ടീമിനെ ഇന്ത്യ നേരിടും. മറുവശത്ത് ദക്ഷിണാഫ്രിക്കയും സെമി ഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

14 റൺസെടുത്ത മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. യാൻസൻ ഉൾപ്പെടെ ആകെ നാലു പേരാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. സ്‌കോർ ഇന്ത്യ 50 ഓവറിൽ 326-5, ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83ന് ഓൾ ഔട്ട്.

ഇന്ത്യ ഉയർത്തിയ 327 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ ബൗളർമാർ നിലംതൊടാനനുവദിച്ചില്ല. മുൻനിര ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ വിറപ്പിച്ചു. വെറും 40 റൺസെടുക്കുന്നതിനിടെ അഞ്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കൂടാരം കയറി. ടൂർണമെന്റിലുടനീളം അപകടകാരികളായി ബാറ്റുചെയ്ത പ്രോട്ടീസ് ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ നനഞ്ഞ പടക്കമായി. ക്വിന്റൺ ഡി കോക്ക് (5), തെംബ ബവൂമ (11), റാസി വാൻ ഡെർ ഡ്യൂസൻ (13), എയ്ഡൻ മാർക്രം (9), ഹെയ്ന്റിച്ച് ക്ലാസ്സൻ (1) എന്നിവർ പുറത്തായി.

പിന്നാലെ ഡേവിഡ് മില്ലർ ക്രീസിലുറയ്ക്കാൻ ശ്രമം നടത്തിയെങ്കിലും നടന്നില്ല. 11 റൺസെടുത്ത താരത്തെ ജഡേജ ക്ലീൻ ബൗൾഡാക്കി. പിന്നാലെ വന്ന കേശവ് മഹാരാജിനെയും ജഡേജ മടക്കിയതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ദക്ഷിണാഫ്രിക്ക 67 റൺസിന് ഏഴുവിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. എട്ടാം വിക്കറ്റിൽ യാൻസണും റബാദയും ചേർന്ന് കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും കുൽദീപ് ഈ കൂട്ടുകെട്ട് തകർത്തു. 14 റൺസെടുത്ത യാൻസണെ കുൽദീപ് ജഡേജയുടെ കൈയിലെത്തിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക 79 ന് എട്ട് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ ആറുറൺസെടുത്ത റബാദയെ പുറത്താക്കി ജഡേജ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ലുങ്കി എൻഗിഡിയെ ക്ലീൻ ബൗൾഡാക്കി കുൽദീപ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിപ്പിച്ചു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. വിരാട് കോലിയുടെ അപരാജിത സെഞ്ചുറിയും ശ്രേയസ് അയ്യരുടെ അർധസെഞ്ചുറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് തുടക്കമാണ് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ വെറും 5.4 ഓവറിൽ ഇരുവരും ചേർന്ന് 62 റൺസാണ് അടിച്ചുകൂട്ടിയത്. രോഹിത്തായിരുന്നു കൂടുതൽ അപകടകാരി. ഓപ്പണിങ് സ്പെല്ലിൽ അണിനിരന്ന മാർക്കോ യാൻസണെയും ലുങ്കി എൻഗിഡിയെയും രോഹിത് കടന്നാക്രമിച്ചു. എന്നാൽ കഗിസോ റബാദയെ കൊണ്ടുവന്ന് ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബവൂമ ഈ കൂട്ടുകെട്ട് പൊളിച്ചു.

മാരക ഫോമിൽ ബാറ്റുചെയ്ത രോഹിത്തിനെ യാൻസൺ പുറത്താക്കി. വെറും 24 പന്തിൽ ആറ് ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 40 റൺസെടുത്താണ് ഇന്ത്യൻ നായകൻ പുറത്തായത്. രോഹിത്തിന് പകരം വിരാട് കോലി ക്രീസിലെത്തി. കോലിയും ഗില്ലും ചേർന്ന് ടീം സ്‌കോർ ഉയർത്തി. എന്നാൽ ടീം സ്‌കോർ 93-ൽ നിൽക്കെ അതിമനോഹരമായ ഒരു പന്തിലൂടെ ഗില്ലിനെ കേശവ് മഹാരാജ് ക്ലീൻ ബൗൾഡാക്കി. 24 പന്തിൽ 23 റൺസാണ് ഗില്ലിന്റെ സമ്പാദ്യം. ഗില്ലിന് പകരം ശ്രേയസ് അയ്യർ ക്രീസിലെത്തി.

ശ്രേയസ്സും കോലിയും ചേർന്ന് മികച്ച കൂട്ടുകെട്ടിലൂടെ ഇന്ത്യയ്ക്ക് വേണ്ടി പൊരുതി. ഇരുവരും അർധസെഞ്ചുറി കുറിക്കുകയും ചെയ്തു. കോലിയാണ് ആദ്യം അർധസെഞ്ചുറി നേടിയത്. ലോകകപ്പിലെ എട്ട് മത്സരങ്ങളിൽ നിന്നായി കോലി നേടുന്ന ആറാം അർധശതകമാണിത്. പിന്നാലെ ശ്രേയസ്സും അർധസെഞ്ചുറി നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും താരം അർധശതകം നേടി. ഇരുവരും ചേർന്ന് ടീം സ്‌കോർ 200 കടത്തി. എന്നാൽ ലുങ്കി എൻഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ്സിനെ എൻഗിഡി പുറത്താക്കി. കോലിക്കൊപ്പം 124 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ശ്രേയസ് ക്രീസ് വിട്ടത്.

ശ്രേയസിന് പകരം രാഹുൽ ക്രീസിലെത്തി. രാഹുലും കോലിയും റൺസ് കണ്ടെത്താൻ നന്നായി പാടുപെട്ടു. ഇതോടെ ഇന്ത്യൻ റൺറേറ്റ് കുറഞ്ഞു. രാഹുൽ വൈകാതെ പുറത്താവുകയും ചെയ്തു. 17 പന്തിൽ എട്ട് റൺസ് മാത്രമെടുത്ത രാഹുലിനെ യാൻസൺ പുറത്താക്കി. പിന്നാലെ വന്ന സൂര്യകുമാർ 14 പന്തിൽ 22 റൺസെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് മടങ്ങി. സൂര്യകുമാറിന് പകരം വന്ന രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് വിരാട് കോലി ചരിത്രം കുറിച്ചു. ഏകദിനത്തിലെ 49-ാം സെഞ്ചുറി താരം പൂർത്തിയാക്കി. 119 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ സ്ഥാപിച്ച റെക്കോഡിനൊപ്പം കോലിയെത്തി. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ താരം എന്ന റെക്കോഡാണ് കോലി നേടിയത്. താരത്തിന്റെ ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയാണിത്.

അവസാന ഓവറുകളിൽ കോലിയെ കാഴ്ചക്കാരനാക്കി ജഡേജ തകർത്തടിച്ചു. താരം വെറും 15 പന്തിൽ നിന്ന് 29 റൺസാണ് അടിച്ചുകൂട്ടിയത്. ജഡേജയുടെ വെടിക്കെട്ടിന്റെ ബലത്തിലാണ് ടീം സ്‌കോർ 326-ൽ എത്തിയത്. കോലി 121 പന്തുകളിൽ നിന്ന് 10 ഫോറിന്റെ അകമ്പടിയോടെ 101 റൺസെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എൻഗിഡി, യാൻസൺ, റബാദ, മാഹാരാജ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.