കൊൽക്കത്ത: ഏകദിന ലോകകപ്പിൽ തുടർച്ചയായ എട്ടാം ജയത്തോടെ പ്രാഥമിക റൗണ്ടിൽ അജയ്യരായാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. ഒന്നാം സ്ഥാനക്കാർ ആരെന്ന് തീരുമാനിക്കുന്ന മത്സരത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ തകർത്തോടെ ലോകകപ്പിൽ തുടർച്ചയായ എട്ടാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിരാട് കോലി (101), ശ്രേയസ് അയ്യർ (77) എന്നിവരുടെ കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് നേടി.

തന്റെ 35-ാം ജന്മദിനത്തിലാണ് കോലി സെഞ്ചുറി നേടിയത്. ഏറ്റവും കൂടുതൽ ഏകദിന സെഞ്ചറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പം വിരാട് കോലിയുമെത്തി. 49 സെഞ്ചറികളാണ് നിലവിൽ കോലിക്കും സച്ചിനുമുള്ളത്. ഒരു ഏകദിന സെഞ്ചറി കൂടിയായാൽ സച്ചിനെ പിന്നിലാക്കി 50 സെഞ്ചറികളെന്ന നേട്ടത്തിലേക്കു കോലിയെത്തും.

സച്ചിൻ 463 മത്സരങ്ങൾ കളിച്ചാണ് 49 ഏകദിന സെഞ്ചറികളിലെത്തിയത്. പക്ഷേ കോലിക്ക് ആകെ 290 മത്സരങ്ങൾ മാത്രമാണ് ഇതിനു വേണ്ടിവന്നത്. ഈ ലോകകപ്പിൽ തന്നെ കോലി സച്ചിനെ മറികടക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. 35 വയസ്സുമാത്രം പ്രായമുള്ള കോലി സെഞ്ചറികളുടെ എണ്ണത്തിൽ പുത്തൻ റെക്കോർഡ് തന്നെ കെട്ടിപ്പടുക്കുമെന്ന് ഉറപ്പാണ്.

വിരാട് കോലിക്ക് അഭിനന്ദനവുമായി സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ രംഗത്തെത്തിയിരുന്നു. താരം മികച്ച പ്രകടനമാണു പുറത്തെടുത്തതെന്ന് സച്ചിൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ പ്രതികരിച്ചു. '' ഈ വർഷം 49 ൽനിന്ന് 50ൽ എത്താൻ എനിക്കു 365 ദിവസങ്ങൾ വേണ്ടിവന്നു. അടുത്ത കുറച്ചു ദിവസങ്ങളിൽ തന്നെ 49 ൽനിന്ന് 50 ൽ എത്തി എന്റെ റെക്കോർഡ് തകർക്കുമെന്നു കരുതുന്നു.'' ഈ വർഷം 50 വയസ്സുപൂർത്തിയായ സച്ചിൻ പ്രതികരിച്ചു. 
സച്ചിന്റെ അഭിനന്ദന സന്ദേശത്തെക്കുറിച്ച് കോലി നടത്തിയ പരാമർശം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കോലിയുടെ വാക്കുകൾ... ''സച്ചിന്റെ സന്ദേശം വലിയ ബഹുമതിയായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ ആരാധിക്കുന്ന ഒരാളുടെ റെക്കോർഡ് മറികടക്കുകയെന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം സ്പെഷ്യലാണ്. വൈകാരിക നിമിഷമായിട്ടാണ് ഞാൻ കാണുന്നത്. ഞാൻ എവിടെ നിന്നാണ് വരുന്നതന്ന് എനിക്ക് കൃത്യമായി അറിയാം. സച്ചിനെ ടിവിയിൽ കണ്ടാണ് വളരുന്നത്. അദ്ദേഹത്തിൽ നിന്ന് അഭിനന്ദന സന്ദേശം ലഭിക്കുമ്പോൾ അതിന് ഒരുപാട് അർത്ഥങ്ങളുണ്ട്.'' സച്ചിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെ കുറിച്ച് കോലി വ്യക്തമാക്കി.

മത്സരത്തെ കുറിച്ചും കോലി സംസാരിച്ചു. ''ജന്മദിനത്തിലെ സെഞ്ചുറി ഏറെ സവിശേഷമാണ്. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമിനെതിരെയാണ് കളിച്ചത്. ഇന്നത്തേത് വെറുമൊരു കളിയല്ല എന്ന ആ ആവേശത്തോടെയാണ് ഉണർന്നത്. പുറത്തുനിന്നുള്ള ആളുകൾ കളിയെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഓപ്പണർമാർ നന്നായി തുടങ്ങുമ്പോൾ ആ ശൈലി ബാക്കിയുള്ള ബാറ്റർമാരും തുടരണമെന്ന് ആളുകൾ ആശിക്കും. എന്നാൽ മത്സരം പുരോഗമിക്കുമ്പോൾ പിച്ച് സ്ലോവായി. ബാറ്റേന്തുക ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.'' കോലി മത്സരശേഷം വ്യക്തമാക്കി.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും കുൽദീപ് യാദവും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. 14 റൺസെടുത്ത മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ.യാൻസൻ ഉൾപ്പെടെ ആകെ നാലു പേർ മാത്രമെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നുള്ളൂ.

അതേ സമയം വിരാട് കോലി റെക്കോർഡ് സെഞ്ച്വറി നേട്ടത്തിലെത്തിയപ്പോൾ കാഴ്‌ച്ചക്കാരുടെ എണ്ണത്തിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം റെക്കോർഡ് സ്ഥാപിച്ചു. ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ കണ്ടു. ഞായറാഴ്ച നടന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സ് 4.4 കോടി പ്രേക്ഷകർ കണ്ടെന്ന് ഡിസ്‌നി വെളിപ്പെടുത്തി.

ലോക റെക്കോർഡിന് ടീം ഇന്ത്യയുടെ ആരാധകർക്ക് നന്ദിയും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ അറിയിച്ചു. ഒക്ടോബർ 22ന് നടന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരത്തിന് 4.3 കോടിയായിരുന്നു വ്യൂവർഷിപ്പ്. ഈ റെക്കോർഡാണ് കഴിഞ്ഞ മത്സരത്തിൽ തകർത്തത്. ഇതിനുമുമ്പ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരത്തിന് 3.5 കോടി കാഴ്ചക്കാരെ ലഭിച്ചിരുന്നു.