- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിച്ച് സ്ലോ ആയിരുന്നു; വിക്കറ്റ് നഷ്ടമായപ്പോൾ കോലി ക്രീസിൽ നിൽക്കേണ്ടത് അനിവാര്യമായിരുന്നു'; സെഞ്ചുറിക്ക് വേണ്ടി കോലി തുഴഞ്ഞുവെന്ന വിമർശനങ്ങൾക്ക് മറുപടി നൽകി രോഹിത്; ശ്രേയസിനെയും ജഡേജയെയും പ്രശംസിച്ച് ഇന്ത്യൻ നായകൻ
കൊൽക്കത്ത: ഏകദിന ലോകകപ്പിൽ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വമ്പൻ ജയം നേടുന്നതിൽ ഇന്ത്യക്ക് നിർണായകമായത് വിരാട് കോലിയുടെ സെഞ്ചുറിയും രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് നേട്ടവുമായിരുന്നു. ഏകദിന കരിയറിൽ തന്റെ 49-ാം സെഞ്ചുറിയാണ് കോലി സ്വന്തമാക്കിയത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്കൊപ്പമെത്താനും കോലിക്ക് സാധിച്ചു.
121 പന്തുകൾ നേരിട്ട കോലി 10 ബൗണ്ടറികൾ നേടിയിരുന്നു. എന്നാൽ പതിവിന് വിപരീതമായി പതുക്കെയായിരുന്നു കോലിയുടെ ഇന്നിങ്സ് പുരോഗമിച്ചത്. കോലി ഒരുപാട് പന്തുകൾ 'തുഴഞ്ഞു'വെന്നും സെഞ്ചുറിക്ക് വേണ്ടിയാണ് കളിച്ചതെന്നും വിമർശനം ഉയർത്തി ഒരു വിഭാഗം ആരാധകർ രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാൽ ഇത്തരം വിമർശനങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകുകയാണ് ക്യാപ്റ്റൻ രോഹിത് ശർമ.
പിച്ച് സ്ലോ ആയിരുന്നെന്നാണ് രോഹിത്തും പറയുന്നത്. ക്യാപ്റ്റന്റെ വാക്കുകൾ... ''കഴിഞ്ഞ മൂന്ന് മത്സരങ്ങൾ നോക്കൂ, എത്ര മനോഹരമായിട്ടാണ് ഇന്ത്യ കളച്ചത്. ഏത് സാഹചര്യവുമായും ഞങ്ങൾ പൊരുത്തപ്പെട്ടു. ഇംഗ്ലണ്ടിനെതിരെ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ ഭേദപ്പെട്ട സ്‌കോർ നേടുകയും ബാക്കി കാര്യങ്ങൾ പേസർമാർ തീർപ്പാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ട് വിക്കറ്റ് നഷ്ടമായപ്പോൾ കോലി ക്രീസിൽ നിൽക്കേണ്ടത് അനിവാര്യമായിരുന്നു. കാരണം സാഹചര്യം അങ്ങനെയായിരുന്നു. അതിനനുസരിച്ച് വേണം കളിക്കാൻ. അതുകൊണ്ടുതന്നെ കോലി അവസാനം വരെ ക്രീസിൽ നിൽക്കണമായിരുന്നു.'' രോഹിത് പറഞ്ഞു.
ശ്രേയസിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''ശ്രേയസിനെ പിന്തുണയ്ക്കാൻ തന്നെയായിരുന്ന തീരുമാനം. അത് തെറ്റിയില്ല. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശ്രേയസിന്റെ ഇന്നിങ്സ് നിർണായകമായി. രവീന്ദ്ര ജഡേജ വർഷങ്ങളായി മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരമാണ്. ടീമിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ പറ്റാത്ത താരമാണ് ജഡേജ. ജഡേജയിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് അവനറിയാം. രണ്ട് വലിയ മത്സരങ്ങൾ വരുന്നു. ഒന്നും മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.'' രോഹിത് പറഞ്ഞുനിർത്തി.
ചരിത്രത്തിൽ ഇടംപിടിച്ച സെഞ്ചുറിക്ക് ശേഷം സച്ചിൻ തെൻഡുൽക്കറോളം മികച്ച താരമാകാൻ തനിക്ക് ഒരിക്കലും സാധിക്കില്ലെന്ന് വിരാട് കോലി തുറന്നുപറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനു ശേഷമായിരുന്നു കോലിയുടെ പ്രതികരണം. ''സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡിന് ഒപ്പമെത്താൻ സാധിച്ചതിൽ സന്തോഷം. പക്ഷേ, സച്ചിനോളം മികച്ച താരമാകാൻ എനിക്കൊരിക്കലും സാധിക്കില്ല. സച്ചിനാണ് എന്റെ റോൾ മോഡൽ. ഞാൻ ക്രിക്കറ്റിലേക്കു വരാൻ കാരണം അദ്ദേഹമാണ്.''
''ഈ ലോകകപ്പിലെ ഏറ്റവും കരുത്തരായ ടീമുകളിലൊന്നാണ് ദക്ഷിണാഫ്രിക്ക. എന്റെ പിറന്നാൾ ദിനത്തിൽ, ഇത്രയും നിർണായകമായ മത്സരത്തിൽ നന്നായി കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യ ഓവറുകൾക്കു പിന്നാലെ പിച്ച് പെട്ടെന്നു വേഗം കുറഞ്ഞത് ഞങ്ങൾക്കു തിരിച്ചടിയായി. അവസാന ഓവർ വരെ കളിക്കുക എന്നതായിരുന്നു എനിക്കു ഡ്രസിങ് റൂമിൽ നിന്നു ലഭിച്ച നിർദ്ദേശം. 300 റൺസ് ലക്ഷ്യം വച്ചാണ് ഞങ്ങൾ കളിച്ചത്. അതു നേടാൻ സാധിച്ചത് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി.'' വിരാട് കോലി പ്രതികരിച്ചു.
49ാം ഏകദിന സെഞ്ചറി പൂർത്തിയാക്കിയ വിരാട് കോലിക്ക് അഭിനന്ദനവുമായി സച്ചിൻ തെൻഡുൽക്കർ എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ''ഈ വർഷം 49ൽ നിന്ന് 50 എത്താൻ എനിക്ക് 365 ദിവസങ്ങൾ വേണ്ടിവന്നു. എന്നാൽ, 49 ൽനിന്ന് 50 ൽ എത്തി, എന്റെ റെക്കോർഡ് തിരുത്താൻ താങ്കൾക്ക് അടുത്ത ദിവസം തന്നെ സാധിക്കട്ടെ!'' സച്ചിൻ വ്യക്തമാക്കി. തന്റെ 50ാം പിറന്നാളിനെക്കുറിച്ച് തമാശയായി സൂചിപ്പിച്ചാണ് സച്ചിൻ സമൂഹമാധ്യമത്തിൽ കോലിയെ അഭിനന്ദിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 243 റൺസിനാണ് ഇന്ത്യ ജയിച്ചത്. കൊൽക്കത്ത, ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 27.1 ഓവറിൽ 83ന് എല്ലാവരും പുറത്തായി.
സ്പോർട്സ് ഡെസ്ക്