- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചുറിയുമായി ഇബ്രാഹിം സദ്രാൻ; വാംഖഡെയിൽ 292 റൺസ് വിജയലക്ഷ്യം കുറിച്ച് അഫ്ഗാനിസ്ഥാൻ; ഓസിസിന് ബാറ്റിങ് തകർച്ച; 49 റൺസിനിടെ നാല് വിക്കറ്റ് നഷ്ടമായി; വീണ്ടും അട്ടിമറി ജയത്തിലേക്കോ?
മുംബൈ: ഏകദിന ലോകകപ്പിൽ വീണ്ടും അട്ടിമറി ജയം ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാൻ. നിർണായക മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോർ ഉയർത്തിയ അഫ്ഗാൻ 49 റൺസ് എടുക്കുന്നതിനിടെ ഓസിസിന്റെ നാല് മൂൻനിര വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഓസ്ട്രേലിയ നിലവിൽ പത്ത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 53 റൺസ് എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ നവീൻ ഉൾ ഹഖും അസ്മത്തുള്ള ഒമർസായിയുമാണ് ഓസിസ് മുൻനിരയെ വീഴ്ത്തിയത്.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് ഇബ്രാഹിം സദ്രാന്റെ (143 പന്തിൽ 129) സെഞ്ചുറി കരുത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് നേടിയത്. ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ നാല് സ്പിന്നർമാരുമായിട്ടാണ് അഫ്ഗാൻ ഇറങ്ങിയത്. ഓസീസ് രണ്ട് മാറ്റം വരുത്തി സ്റ്റീവൻ സ്മിത്ത്, കാമറൂൺ ഗ്രീൻ പുറത്തായി. മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ ടീമിലെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായകൻ ഹഷ്മത്തുള്ള ഷഹീദിയുടെ തീരുമാനം ശരിവെയ്ക്കുന്ന പ്രകടനമാണ് ബാറ്റർമാർ കാഴ്ചവെച്ചത്. ആദ്യ വിക്കറ്റിൽ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും 38 റൺസ് കൂട്ടിച്ചേർത്തു. ഗുർബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസൽവുഡിന്റെ പന്തിൽ മിച്ചൽ സ്റ്റാർക്കിന് ക്യാച്ച്. മൂന്നാമനായി വന്ന റഹ്മത്ത് ഷായും നന്നായി ബാറ്റുവീശി. ഇതോടെ ടീം സ്കോർ 100 കടന്നു.
മൂന്നാം വിക്കറ്റിൽ റഹ്മത്ത് ഷാ (30) സദ്രാൻ സഖ്യം 121 റൺസ് കൂട്ടിചേർത്തു. നല്ല രീതിയിൽ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോൾ റഹ്മത്ത് മടങ്ങി. ഗ്ലെൻ മാക്സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തിൽ റൺസ് കണ്ടെത്താൻ അഫ്ഗാൻ താരങ്ങൾക്കായില്ല. ക്യാപ്റ്റൻ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമർസായ് (22), മുഹമ്മദ് നബി (12) എന്നിവർക്ക് തിളങ്ങാനായില്ല.
നബി മടങ്ങുമ്പോൾ 45.3 ഓവറിൽ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാൻ. അവസാന 27 പന്തിൽ 58 റൺസണ് അഫ്ഗാൻ അടിച്ചെടുത്തത്. ഇതിൽ 18 പന്തുകൾ നേരിട്ട റാഷിദ് ഖാൻ പുറത്താവാതെ 35 റൺസ് നേടി. മൂന്ന് സിക്സും രണ്ട് ഫോറും റാഷിദിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ഇതിനിടെ സദ്രാൻ സെഞ്ചുറി പൂർത്തിയാക്കി. 143 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റൺസെടുത്തത്.
ക്രിക്കറ്റ് ലോകകപ്പിലെ ഒരു അഫ്ഗാൻ താരത്തിന്റെ ആദ്യ സെഞ്ചുറി എന്ന റെക്കോഡ് സദ്രാൻ സ്വന്തമാക്കി. ആദം സാംപ, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിട്ട സദ്രാൻ ആരാധകരുടെ മനം കവർന്നു.
അവസാന ഓവറുകളിൽ റാഷിദ് ഖാൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തു. പിന്നാലെ സദ്രാനും ഗിയർ മാറ്റി. ഇതോടെ ഓസീസ് പതറി. വെറും 26 പന്തിൽ ഇരുവരും അർധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. മിച്ചൽ സ്റ്റാർക്ക് ചെയ്ത അവസാന ഓവറിൽ റാഷിദ് ഖാൻ രണ്ട് സിക്സും ഒരു ഫോറുമാണ് അടിച്ചത്. അവസാന 36 പന്തിൽ 75 റൺസാണ് അഫ്ഗാൻ അടിച്ചുകൂട്ടിയത്. സദ്രാൻ 143 പന്തുകളിൽ നിന്ന് എട്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 129 റൺസെടുത്ത് പുറത്താവാതെ നിന്നു. റാഷിദ് വെറും 18 പന്തിൽ രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 35 റൺസ് നേടി അപരാജിതനായി നിന്നു.
സ്പോർട്സ് ഡെസ്ക്